കൊട്ടാരക്കര: ഒന്‍പതുമാസമായി യാത്രചെയ്യാന്‍ അനുവദിക്കാതെ ഇഞ്ചക്കാട്-പെരുംകുളം-മൂഴിക്കോട് റോഡ് വെട്ടിപ്പൊളിച്ച് കിഫ്ബി പദ്ധതി. കിഫ്ബി ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും കെടുകാര്യസ്ഥതയില്‍ യാത്രാ ദുരിതമനുഭവിക്കുകയാണ് പെരുകുളം നിവാസികളും യാത്രക്കാരും. നാട്ടുകാരും പ്രതിപക്ഷവും ഭരണപക്ഷത്തിലെ ഘടക കക്ഷികളും ഉള്‍പ്പെടെയുള്ളവര്‍ റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയെങ്കിലും കരാറുകാരനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും കുലുക്കമില്ലാത്ത മട്ടാണ്.
കൊട്ടാരക്കര-ശാസ്താംകോട്ട റോഡിനെ എംസി റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൂടിയാണിത്. അത്യാസന്ന നിലയിലുള്ള രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ് ഇപ്പോള്‍ ഇവിടുത്തുകാര്‍. ഓട്ടം വിളിച്ചാല്‍ വാഹനങ്ങള്‍ വരാത്ത അവസ്ഥ. ഇത് വഴി ഓടിക്കൊണ്ടിരുന്ന രണ്ടു ബസുകളാണ് റോഡില്ലാത്തതിനാല്‍ സര്‍വ്വീസ് ഉപേക്ഷിച്ചത്. സംസ്ഥാന ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ മണ്ഡലത്തിലാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കിഫ്ബി പദ്ധതിയുടെ വീഴ്ച എന്നതും ശ്രദ്ധേയമാണ്. വാട്ടര്‍ അതോറിറ്റിയും പൊതുമരാമത്തു വകുപ്പും തമ്മിലുള്ള തര്‍ക്കവും ഈ റോഡ് നിര്‍മാണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
ഒരു ഫോണ്‍ വിളിയില്‍ പൊതുമരാമത്തു പരാതികള്‍ പരിഹരിക്കുമെന്ന് നിരന്തരം വീമ്പ് പറയുന്ന വകുപ്പ് മന്ത്രിയുടെ ഇടപെടല്‍ പോലും ഉണ്ടാകുന്നില്ലായെന്നതാണ് വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: