തിരുവനന്തപുരം: നടപടിക്ക് വിധേയനായ അധ്യാപകനെ പ്രൊഫസറായി നിയമിക്കുന്നതില്‍ യുജിസി ആവശ്യപ്പെട്ടിട്ടും വിശദീകരണം നല്‍കാതെ കേരള സര്‍വകലാശാല. യൂണിവേഴ്‌സിറ്റി കോളേജിലെ കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്ന് സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ പോലീസ് പിടിച്ചെടുത്ത സംഭവത്തില്‍ നടപടിക്ക് വിധേയനായ അബ്ദുള്‍ ലത്തീഫിനെയാണ് സര്‍വകലാശാലയില്‍ അറബിക് പ്രൊഫസറായി നിയമിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ സര്‍വകലാശാലയോട് യുജിസി വിശദീകരണം തേടിയിരുന്നു. എന്നാല്‍ യുജിസിയുടെ ഈ കത്തിന് സര്‍വകലാശാല മറുപടി നല്‍കിയില്ല എന്ന് വിവരാവകാശ രേഖ.
യൂണിവേഴ്‌സിറ്റി കോളേജില്‍ പരീക്ഷ ചുമതല വഹിച്ചിരുന്ന അധ്യാപകനായ അബ്ദുള്‍ ലത്തീഫിന് ഉത്തരക്കടലാസ് പുറത്തുപോയ സംഭവത്തില്‍ ഉത്തരവാദിത്വമുണ്ടെന്ന് സര്‍വകലാശാലയുടെ അന്വേഷണ സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടികളുടെ ഭാഗമായി പരീക്ഷാ ജോലികളില്‍ നിന്ന് സ്ഥിരമായി ഡീബാര്‍ ചെയ്യുകയും സ്ഥലംമാറ്റുകയും ചെയ്തത്.
സര്‍വകലാശാലയുടെയും സര്‍ക്കാരിന്റെയും ശിക്ഷാനടപടികള്‍ക്ക് വിധേയനായ അധ്യാപകനെ സര്‍വകലാശാലയുടെ തന്നെ പരീക്ഷാ ചുമതലകള്‍ ഉള്ള ഒരു പോസ്റ്റിലേക്ക് നിയമിക്കാന്‍ യൂണിവേഴ്‌സിറ്റി എടുത്ത തീരുമാനത്തിനെതിരെ ഉള്ള പരാതിയെ തുടര്‍ന്നാണ് യുജിസി വിശദീകരണം തേടിയത്. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ നിയമന കാര്യത്തിലുള്ള നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്നും അതില്‍ ഒരു തരത്തിലും ഇളവുകള്‍ അനുവദിക്കരുതെന്നും ഈ വിഷയത്തില്‍ സര്‍വകലാശാലയുടെ മറുപടി യുജിസിയെ അറിയിച്ച ശേഷം മാത്രമേ ഈ വിഷയത്തില്‍ തുടര്‍നടപടി സ്വീകരിക്കാവൂ എന്നും യുജിസി വിസിക്ക് അയച്ച നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
2021 ജനുവരി 19ന് നിയമസഭയില്‍ ഈ വിഷയത്തില്‍ ഉന്നയിച്ച ചോദ്യത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രി നല്‍കിയ മറുപടിയില്‍ അധ്യാപകനെ പരീക്ഷാ ചുമതലകളില്‍ നിന്ന് നീക്കിയിട്ടുണ്ടെന്നും ഇദ്ദേഹത്തിനെതിരെ കൃത്യവിലോപത്തിന് ശിക്ഷണ നടപടി സ്വീകരിക്കാന്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. ഇതിന്മേലാണ് പ്രധാനമായും യുജിസി വിശദീകരണം തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: