ആലപ്പുഴ: ഭൂരേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്ന കേന്ദ്ര പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാത്തത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു. സര്‍വേ ഓഫ് വില്ലേജസ് ആന്‍ഡ് മാപ്പിങ് വിത്ത് ഇംപ്രൊവൈസ്ഡ് ടെക്നോളജി ഇന്‍ വില്ലേജ് ഏരിയാസ്(SVAMITVA) എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. ഇതു പ്രകാരം ബാങ്കില്‍ പണയം വെക്കുവാന്‍ പര്യാപ്തമായ രീതിയില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന ഡിജിറ്റല്‍ രേഖ മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ വിവിധ സംസ്ഥാനങ്ങള്‍ ഇതിനകം നടപ്പില്‍ വരുത്തി.
പദ്ധതിയിലൂടെ ഒരോരുത്തരുടേയും കൈവശമുള്ള ഭൂമിയുടെ വിസ്തീര്‍ണ്ണം, പ്ലാന്‍ മുതലായവ അടങ്ങുന്ന രേഖകള്‍ ആധാര്‍ കാര്‍ഡില്‍ എന്നതു പോലെ ലഭിക്കും. എന്നാല്‍ പതിവുപോലെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ പലതും അതേപടി നടപ്പാക്കാതെ ആ ഫണ്ട് ഉപയോഗിച്ച് കേരളത്തിന്റെ തനതായ പദ്ധതിയെന്ന് പ്രചരിപ്പിച്ച് ഡിജിറ്റല്‍ സര്‍വേ നടത്തുമെന്നാണ് റവന്യൂ മന്ത്രിയുടെ പുതിയ പ്രഖ്യാപനം.
കേരളത്തിലെ റവന്യൂവകുപ്പ് നേരിടുന്ന ഗുരുതരമായ പ്രശ്നം ഭൂമിയുടെ അടിസ്ഥാനരേഖകള്‍ കുറ്റമറ്റ രീതിയില്‍ ഒരൊറ്റ റവന്യൂ ഓഫീസുകളിലും ലഭ്യമല്ല എന്നതാണ്. 1930നോടടുപ്പിച്ച് രാജ ഭരണ കാലത്ത് തയ്യാറാക്കിയ ഭൂരേഖ അടിസ്ഥാനമാക്കിയാണ് ഇപ്പോഴും ഭൂരിഭാഗം വില്ലേജ് ഓഫീസുകളിലും റവന്യൂ നടപടി ക്രമങ്ങള്‍ നടത്തുന്നത്. 90 വര്‍ഷം മുന്‍പ് തയ്യാറാക്കിയ ആ രേഖയില്‍ ചേര്‍ത്തിരിക്കുന്ന ഭൂമിയുടെ തരം മാറ്റിക്കിട്ടുന്നതിനു വേണ്ടി അടിസ്ഥാന വിലയുടെ 30 ശതമാനത്തോളം തുക സര്‍ക്കാരില്‍ അടച്ച ശേഷം മാസങ്ങളോളം റവന്യൂ ഓഫീസുകളില്‍ ചുറ്റിത്തിരിയേണ്ട ഗതികേടിലാണ് ഭൂ ഉടമകള്‍.
50 വര്‍ഷം മുന്‍പ് ആരംഭിച്ച റീ-സര്‍വേ നടപടികള്‍ ഇപ്പോഴും പകുതി വില്ലേജുകളില്‍ പോലും പൂര്‍ത്തിയായിട്ടില്ല. ഇരുപത് വര്‍ഷം മുന്‍പ് ഭൂമി അളന്ന് രേഖയുണ്ടാക്കുവാന്‍ കേന്ദ്രം അനുവദിച്ച ഫണ്ടുപയോഗിച്ച് തമിഴ്നാടും കര്‍ണാടകയുമെല്ലാം വിനിയോഗിച്ചപ്പോള്‍ കേരളം അതും നടപ്പാക്കിയില്ല. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതി നടപ്പാക്കിയാല്‍ കോടതികളില്‍ തീര്‍പ്പാക്കാതെ കിടക്കുന്ന പതിനായിരക്കണക്കിന് വ്യവഹാരങ്ങളില്‍ തീരുമാനമെടുക്കുവാന്‍ കഴിയുമെന്നതിനു പുറമെ, റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട അഴിമതിയുടെ പഴുതടയ്ക്കുവാനും സാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: