തിരുവനന്തപുരം: റിപ്പബ്ലിക് ദിന ഫ്ലോട്ടില്‍ നിന്ന് ശ്രീനാരായണഗുരുദേവന്റെ നിശ്ചലദൃശ്യം കേന്ദ്ര സര്‍ക്കാര്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയെന്നുള്ള പ്രചാരണം കമ്മ്യൂണിസ്റ്റ് കള്ളക്കഥകളില്‍ ഒന്ന് മാത്രമെന്ന് ബിജെപി കേരള ഘടകം. ഒരു സംസ്ഥാനത്തോടും അവര്‍ സമര്‍പ്പിക്കുന്ന നിശ്ചലദൃശ്യത്തില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കണമെന്നോ വെട്ടിമാറ്റണമെന്നോ ജൂറി ആവശ്യപ്പെടാറില്ല. സംസ്ഥാനങ്ങള്‍ നല്കുന്ന നിശ്ചലദൃശ്യങ്ങള്‍ പരിശോധിക്കുക മാത്രമാണ് ജൂറിയുടെ ചുമതല. കേരളത്തിന്റെ ഫ്ലോട്ടില്‍ ശങ്കരാചാര്യരെ ഉള്‍പ്പെടുത്തണന്ന് കേന്ദ്ര സര്‍ക്കാരോ ജൂറിയോ നിര്‍ദ്ദേശിച്ചിട്ടില്ല.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇത്തവണ റിപ്പബ്ലിക് ദിന പരിപാടികള്‍ക്ക് സാധാരണയിലും പകുതിയില്‍ താഴെ മാത്രം ആള്‍ക്കാര്‍ക്കാണ് പ്രവേശനമുള്ളത്. അതോടൊപ്പം നിശ്ചലദൃശ്യങ്ങളുടെയും എണ്ണത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. പന്ത്രണ്ട് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് മാത്രമാണ് ഇത്തവണ നിശ്ചലദൃശ്യത്തിനുള്ള അനുമതി ലഭിച്ചിട്ടുള്ളത്. ഇരുപതിലേറെ സംസ്ഥാനങ്ങളുടേത് തള്ളിക്കളഞ്ഞിട്ടുണ്ട്.
റിപ്പബ്ലിക് ദിന പരേഡില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന നിശ്ചലദൃശ്യങ്ങള്‍ തെരഞ്ഞെടുക്കുന്നത് രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാത്ത ഒരു സ്വതന്ത്ര സമിതിയാണ്. സമിതി ഏറ്റവും മികച്ചതെന്ന് തെരഞ്ഞെടുക്കപ്പെടുന്ന നിശ്ചലദൃശ്യങ്ങള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്.
സമൂഹത്തില്‍ ഭിന്നതയും ചേരിതിരിവും സൃഷ്ടിക്കുക എന്ന ഗൂഢലക്ഷ്യം വച്ചുകൊണ്ടാണ് ഇത്തരം വ്യാജപ്രചരണങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ബിജെപി കേരള ഘടകം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: