ചങ്ങനാശ്ശേരി ഈസ്റ്റ്: തിരക്കേറിയ ചങ്ങനാശ്ശേരി നഗരത്തിലെ അനധികൃത വാഹനപാര്‍ക്കിങ്ങും, ജനങ്ങള്‍ ആശ്രയിക്കുന്ന നടപ്പാതിലെ കച്ചവടവും മൂലം ജനങ്ങളാകെ പൊറുതി മുട്ടിയിരിക്കുന്നു.
വാഹനങ്ങള്‍ റോഡില്‍ തോന്നിയ പോലെയാണ് പാര്‍ക്ക് ചെയ്യുന്നത്. ചോദിക്കേണ്ടവര്‍ ചോദിക്കുന്നുമില്ല.എംസി റോഡില്‍ ളായിക്കാട് മുതല്‍ മധുമൂല വരെ അനധികൃത വാഹന പാര്‍ക്കിങ് ആണ്. പോലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പോലീസ് ഇതിന് ഒത്താശ ചെയ്തു കൊടുക്കുകയാണെന്ന് ആരോപണവുമുണ്ട്.
വലിയ വാഹനങ്ങളുടെ പിന്‍വശം റോഡിലേക്ക് ഇറങ്ങി നില്ക്കുന്ന അവസ്ഥയിലാണ് പാര്‍ക്ക് ചെയുന്നത്. പാര്‍ക്കിങ് രേഖയും, സീബ്രാലൈനുകളും നോക്കാതെയാണ് ആളുകള്‍ വാഹനം പാര്‍ക്കു ചെയുന്നത്. അമിത വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ഇങ്ങനെ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ തട്ടി തര്‍ക്കങ്ങളും, സംഘര്‍ഷങ്ങളും ഉണ്ടാകുന്നത് പതിവാണ്.
അത്യാഹിത വിഭാഗത്തില്‍ പെടുന്ന വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പലപ്പോഴും സാഹചര്യം ഒരുക്കി കൊടുക്കാറ് പോലുമില്ല. ഇവിടെയൊന്നും ഡ്യൂട്ടിക്ക് പോലീസുകാരെയും കാണാറില്ല. ആലപ്പുഴ റോഡ് ജംഗ്ഷന്, രാജേശ്വരി ജംഗ്ഷന്, നഗരസഭ ജംഗ്ഷന്, പോസ്റ്റോഫീസ് ജംഗ്ഷന് ഇവിടെയൊന്നും ഡ്യൂട്ടിക്ക് പോലീസുകാരെ കാണുന്നില്ല.
അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഓട്ടോറിക്ഷക്കാരും, കടക്കാരുമാണ് ആദ്യം ഓടിയെത്തുന്നത്. വഴിയോര കച്ചവടക്കാരുടെ എണ്ണവും കൂടിവരുന്നു. ഇവരുടെ സമീപത്തും വാഹനങ്ങള്‍ തോന്നിയ പോലെയാണ് നിര്‍ത്തി സാധനങ്ങള്‍ വാങ്ങുന്നത്. സന്ധ്യാസമയങ്ങളിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. ഈ സമയം ജോലി കഴിഞ്ഞു വീട്ടിലേക്ക് സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവരുടെ തിരക്കുകള്‍ ഉണ്ടാകാറുണ്ട്. ഈ സമയത്ത് ഉണ്ടാകുന്ന അനധികൃത വാഹന പാര്‍ക്കിങ്ങും, നടപ്പാതയിലെ കച്ചവടവും കാല് നടയാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. നഗരസഭ ഇടക്കാലത്ത് നടപ്പാതയിലെ കച്ചവടം ഒഴിപ്പിച്ചെങ്കിലും പിന്നാലെ വീണ്ടും സജീവമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: