പാലക്കാട്: പൂര്‍ണഗര്‍ഭിണികളായ പശുക്കള്‍ക്ക് നല്‍കാനുള്ള മില്‍മയുടെ പോഷക ഉപോത്പന്നമായ ക്ഷീരവര്‍ധിനി ബൈപാസ് ഫാറ്റ് വിപണിയില്‍. ഗര്‍ഭകാലത്തിന്റെ അവസാനഘട്ടത്തിലും, പ്രസവിച്ച് ആദ്യ മൂന്നുമാസങ്ങളിലും പാലുത്പാദനം കൂടുതലുള്ള പശുക്കള്‍ക്കാണ് മില്‍മ പോഷക ഘടകങ്ങളടങ്ങിയ ബൈപാസ് ഫാറ്റ് ക്ഷീരവര്ധിനിയെന്ന പേരിലിറക്കുന്നതെന്ന് ചെയര്മാന് കെ.എസ്. മണി അറിയിച്ചു.
മില്‍മയുടെ മലമ്പുഴ പ്ലാന്റിലാണ് ഉത്പാദനം. വിപണി വിലയേക്കാള്‍ 70 ശതമാനം സബസിഡിയിലാണ് മലബാര്‍ മേഖല യൂണിയന്റെ സഹായ പദ്ധതിക്ക് കീഴില്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്. 15 ലിറ്ററില്‍ കൂടുതല്‍ ഉത്പാദന ക്ഷമതയുള്ള ഗര്‍ഭിണി പശുക്കള്‍ക്ക് പ്രസവിക്കുന്നതിന് മുമ്പുള്ള അവസാനത്തെ 10 ദിവസം മുതല്‍ പ്രസവാനന്തരമുള്ള 90 ദിവസം വരെ പ്രതിദിനം 100 ഗ്രാം കാലിത്തീറ്റയില്‍ ചേര്‍ത്ത് നല്‍കണം. ബൈപാസ് ഫാറ്റ് തീറ്റകള്‍ പശുക്കളുടെ ആമാശയത്തിന്റെ അവസാനഭാഗമായ അബോമാസത്തില്‍ ദഹിക്കുകയും പശുക്കളില്‍ ഊര്‍ജ്ജ സ്രോതസാകുകയും ചെയ്യുന്നു.
പാലിന്റെ അളവിലും ഗുണത്തിലും വര്‍ധനവ്, പ്രസവാനന്തര രോഗങ്ങളില്‍ നിന്നും മുക്തി, യഥാസമയത്തുള്ള പ്രസവാനന്തര ഗര്‍ഭധാരണം, ഇളം കറവയില് കൂടുതല്‍ പാലുത്പാദനം, ഉയര്‍ന്ന രോഗ പ്രതിരോധശക്തി എന്നിവയാണ് ക്ഷീരവര്‍ധനി കൊണ്ടുള്ള ഗുണങ്ങളെന്ന് ചെയര്മാന് വ്യക്തമാക്കി. ഇതിന്റെ വിപണോദ്ഘാടനം ഇന്ന് രാവിലെ 11.30ന് മലമ്പുഴ മില്‍മ കാലിത്തീറ്റ പ്ലാന്റില്‍ മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. വി.കെ. ശ്രീകണ്ഠന് എംപി, എ. പ്രഭാകരന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, മില്‍മ എംഡി ഡോ. പാട്ടീല്‍ സുയോഗ് സുഭാഷ് റാവു പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: