ഗുവാഹത്തി: അമേരിക്കയില്‍ പന്നിയുടെ ഹൃദയം സ്വീകരിച്ച മനുഷ്യന് മൂന്നു ദിവസമായി ജീവനോടെ ഇരുക്കുന്ന എന്ന കാര്യം വലിയ നേട്ടമായി ശാസ്ത്രലോകം ആഘോഷിക്കുകയാണ്. പിന്നില്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍മാരെ അഭിനന്ദിക്കുകയാണ്. എന്നാല്‍ പന്നി ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കുന്ന ആദ്യ സംഭവമല്ല ഇത് എന്നകാര്യം പലര്‍ക്കും അറിവില്ലാത്ത കാര്യമാണ്. കാല് നൂറ്റാണ്ടു മുമ്പ് ഇന്ത്യയില്‍ അസം സ്വദേശിയായ ഡോക്ടര്‍ ഹൃദ്രോഗിയില്‍ പന്നിയുടെ ഹൃദയം വച്ചുപിടിപ്പിച്ചിരുന്നു. ഹൃദയശസ്ത്രക്രിയ രംഗത്ത് നിര്‍ണായക നേട്ടം കൈവരിച്ച ആ ഡോക്ടര്‍ക്ക് കിട്ടിയത് ജയില്‍ ശിക്ഷ. ആശുപത്രി തല്ലിപ്പൊളിച്ചു.
1997 ലാണ് ഡോ. ധനിറാം ബറുവ ഗുവാഹത്തിയില്‍ വെച്ച് പന്നിയില്‍ നിന്ന് മനുഷ്യനിലേക്ക് ഹൃദയവും ശ്വാസകോശവും മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയ നടത്തിയത്. ഹൃദയത്തില്‍ ദ്വാരം ഉണ്ടായിരുന്ന 32 കാരനിലേക്കാണ് ഡോ. ബറുവ ഒരു പന്നിയുടെ ഹൃദയം മാറ്റിവെച്ചത്.
ഗുവാഹത്തി നഗരത്തിന് പുറത്തുള്ള സോനാപൂരിലെ സ്വന്തം സ്ഥാപനമായ ധനിറാം ബറുവ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ ശസ്ത്രക്രിയ 15 മണിക്കൂര്‍ നീണ്ടു. ശസ്ത്രക്രിയ്ക്ക് ഒരാഴ്ചയ്ക്ക് ശേഷം രോഗി മരിച്ചു. അതോടെ കാര്യങ്ങള്‍ കൈവിട്ടു. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കുറ്റം ചുമത്തി ഡോക്ടറെ അറസ്റ്റ് ചെയ്തു. അസം സര്‍ക്കാര്‍ കേസില്‍ അന്വേഷണം നടത്തി. ശസ്ത്രക്രിയാ നടപടിക്രമങ്ങള്‍ അധാര്‍മ്മികമായിരുന്നെന്ന് കണ്ടെത്തി. ഡോക്ടര്‍ ധനിറാം ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, അവയവം മാറ്റിവെയ്ക്കല്‍ നിയമ പ്രകാരം ആവശ്യമുള്ള ‘രജിസ്ട്രേഷന് അപേക്ഷിക്കുകയോ അത് നേടുകയോ ചെയ്തിട്ടില്ല’ എന്നും അന്വേഷണത്തില്‍ ബോധ്യമായി
40 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഒന്നര വര്‍ഷം വീട്ടു തടങ്കലിലും കഴിഞ്ഞു. ഡോക്ടറുടെ സ്ഥാപനം നശിപ്പിക്കപ്പെട്ടു. ഒട്ടേറെ പരിഹാസങ്ങള്‍ നേരിടേണ്ടി വന്നിട്ടും ഡോക്ടര്‍ തന്റെ ഗവേഷണം തുടര്‍ന്നു.
2008ല്‍, ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു ‘ജനിതക എഞ്ചിനീയറിംഗ്’ വാക്സിന് താന്‍ വികസിപ്പിച്ചെടുത്തതായി അവകാശപ്പെട്ടതോടെയാണ് ഡോ.ബറുവ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയത്. പിന്നീട് 2015ല്‍, എച്ച്ഐവി/എയ്ഡ്സിന് ‘മരുന്ന്’ കണ്ടെത്തിയെന്നും കഴിഞ്ഞ ഏഴോ എട്ടോ വര്‍ഷത്തിനിടെ താന്‍ 86 എയ്ഡ്സ് രോഗികളെ ‘സുഖപ്പെടുത്തിയെന്നും’ അവകാശപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം വീണ്ടും മാധ്യമശ്രദ്ധ പിടിച്ചുപറ്റി.
ഗുവാഹത്തിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള സോനാപൂരില്‍, ഡോ. ധനി റാം ബറുവ തന്റെ ജീവിത സമ്പാദ്യം ഉപയോഗിച്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥാപിച്ച 50 ഏക്കര്‍ കാമ്പസിലെ ‘ഹാര്‍ട്ട് സിറ്റി’ എന്ന പേരിലുള്ള ഓഫീസില്‍ ഇരുന്ന പുതിയ വാര്‍ത്ത കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടുന്നില്ല. ‘ഞാനായിരുന്നു പയനിയര്‍, എന്ന അഭിമാന ബോധം കൊണ്ട് സന്തോഷിക്കുകയാണ് യുകെയിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ആന്‍ഡ് ഫിസിഷ്യന്‍സിന്റെ ഫെലോ ആയ ബറുവ.
‘ഇപ്പോള്‍ പന്നിയുടെ ഹൃദയം മനുഷ്യനിലേക്ക് മാറ്റി വയ്ക്കുന്നത് ആരായാലും, ഏഴു ദിവസത്തെ അതിജീവനത്തോടെ അത് ആദ്യമായി വിജയകരമായി പൂര്‍ത്തിയാക്കിയത് ഞാനാണ്. ശരിയായ ദിശയില്‍ പോയാല്‍ സെനോട്രാന്സ്പ്ലാന്റേഷന് നല്ല ഭാവിയുണ്ട്’ ബറുവ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: