ക്രൈസ്റ്റ്ചര്‍ച്ച്: അത്യപൂര്‍വ നിമിഷമായിരുന്നു അത്. ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ റോസ് ടെയ്ലര് പന്തെറിയാനെത്തുന്നു. മൂന്നാം പന്തില്‍ എബഡോട്ട് ഹുസൈനെ ലാത്തമിന്റെ കൈയിലെത്തിച്ച് അവസാന വിക്കറ്റും പിഴുതെടുക്കുമ്പോള്‍, അത് അവിസ്മരണീയ നിമിഷമായി. ടെസ്റ്റ് ക്രിക്കറ്റിലെ വിടവാങ്ങല്‍ മത്സരത്തില്‍ ടെയ്ലര്‍ക്ക് ഉജ്ജ്വല യാത്രയയപ്പ്. തോല്‍വിയില്‍ നിന്ന് തിരിച്ചെത്തിയ ന്യൂസിലന്‍ഡിന് പരമ്പരയില്‍ സമനില. വിജയം ഇന്നിങ്സിനും 117 റണ്‍സിനും.
റോസ് ടെയ്ലറുടെ വിരമിക്കല്‍ പ്രഖ്യാപനം കൊണ്ട് പ്രാധാന്യമേറെയുള്ളതായിരുന്നു ന്യൂസിലന്‍ഡും ബംഗ്ലാദേശും തമ്മിലുള്ള പരമ്പരയിലെ അവസാന ടെസ്റ്റ്. വിജയത്തില്‍ കുറഞ്ഞതൊന്നും ന്യൂസിലന്‍ഡും ടെയ്ലറും ആഗ്രഹിച്ച് കാണില്ല. ആ ആഗ്രഹം ടീം ഒന്നടങ്കം നേടിയെടുത്തത് ഇന്നിങ്സിനും 117 റണ്‍സിനും. കളിയുടെ മൂന്നാം ദിനം തന്നെ ന്യൂസിലന്‍ഡ് വിജയം നേടി. രണ്ടാം ഇന്നിങ്സില്‍ ഫോളോ ഓണിനിറങ്ങിയ ബംഗ്ലാദേശ് പൊരുതി നോക്കിയെങ്കിലും പിടിച്ചുനില്‍ക്കാനായില്ല. ലിറ്റണ്‍ ദാസിന്റെ സെഞ്ച്വറി കരുത്തില്‍ 278 റണ്‍സ് വരെ എത്തിയെന്ന് മാത്രം. 102 റണ്‍സ് നേടിയ ലിറ്റണ്‍ ദാസിനൊഴികെ മറ്റാര്‍ക്കും മികവിലേക്കെത്താനായില്ല. മുന്‍നിര താരങ്ങള്‍ക്ക് തുടക്കം ലഭിച്ചെങ്കിലും പിടിച്ചുനിന്നില്ല. കൈല്‍ ജാമിസണിന്റെ നാല് വിക്കറ്റും നീല്‍ വാഗ്നറുടെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.
ഒന്നാം ഇന്നിങ്സില്‍ നായകന് ടോം ലാത്തമിന്റെ ഇരട്ട സെഞ്ച്വറി മികവില്‍ 521 റണ്‍സാണ് ന്യൂസിലന്‍ഡ് അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ആദ്യ ഇന്നിങ്സില്‍ 126 റണ്‍സിന് പുറത്താവുകയായിരുന്നു. ടോം ലാത്തമാണ് കളിയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: