വിലപിടിപ്പുള്ളതെന്തെങ്കിലും കളഞ്ഞു പോയാലോ, കളവുപോയാലോ കണിയാട്ടി അമ്മനെ ഉള്ളുരുകി പ്രാര്‍ത്ഥിക്കുക. ഏറെ വൈകാതെ അത് തിരികെ കിട്ടുമെന്നതില്‍ സംശയിക്കേണ്ടെന്ന അനുഭവസാക്ഷ്യവുമായി ഒന്നല്ല അനവധി പേരുണ്ട് തിരുവനന്തപുരത്ത്.
ദുരിതസന്ധികള്‍ മാറാന്‍ പോംവഴി തേടിയെത്തുന്ന ഭക്തരുടെ ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും തുണയേകുന്ന ചൈതന്യം കുടികൊള്ളുന്ന ക്ഷേത്രമാണ് തിരുവനന്തപുരത്തെ കണിയാട്ടി അമ്മന്‍ ക്ഷേത്രം. നഗരത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ പേട്ടയിലെ നഗരസഭാ മാര്‍ക്കറ്റിനോട് ചേര്‍ന്നാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാഴ്ചയില്‍ ചെറിയൊരു ക്ഷേത്രമാണെങ്കിലും ചൈതന്യത്തിന്റെ പ്രസക്തി പറഞ്ഞിയിക്കാവുന്നതിലും അപ്പുറത്താണ്.
അഞ്ഞൂറ് വര്‍ഷത്തിലേറെ പഴക്കമാണ് ക്ഷേത്രത്തിനുള്ളതായി പറയുന്നത്. അതിന്റെ കൃത്യത ഉറപ്പാക്കിയിട്ടില്ല. ഭക്തരുടെ വഴികാട്ടിയായി ദര്‍ശനം നല്‍കിയിരുന്ന ദേവീ ചൈതന്യത്തെ കണികാട്ടി അമ്മ എന്നാണ് മുന്‍കാലങ്ങളില്‍ വിളിച്ചിരുന്നത്. പിന്നീടത് കണിയാട്ടി അമ്മന്‍ ക്ഷേത്രമായി മാറിയത്.
ദുര്‍ഗ്ഗാ ദേവിയാണ് ഇവിടെ പ്രതിഷ്ഠ. കൈകളില്‍ വാളും ശൂലവുമേന്തി നില്‍ക്കുന്ന ദുര്‍ഗ്ഗാദേവീക്ഷേത്രങ്ങളാണ് അധികവും ഉള്ളതെങ്കിലും ഇവിടെ താമരമൊട്ട് കൈയിലേന്തി പീഠത്തില്‍ ഉപവിഷ്ഠയായി ഭക്തര്‍ക്ക് അഭയം നല്‍കുന്ന പ്രതിഷ്ഠയാണുള്ളത്. ശാന്ത സ്വരൂപിണീ ഭാവത്തിലാണ് പ്രതിഷ്ഠ.
ആര്‍ക്കെങ്കിലും എന്തെങ്കിലും വിലപിടിപ്പുള്ള സാധനം കാണാതെ പോയാല്‍ അത് ഇവിടെ വന്ന് പ്രാര്‍ത്ഥിച്ചാല്‍ തിരികെ കിട്ടുമെന്നതാണ് ചൈതന്യത്തിന്റെ പ്രത്യേകത. ഇതിനു വേണ്ടി പ്രത്യേകം വഴിപാടുകളൊന്നും ചെയ്യേണ്ടതില്ല. കളഞ്ഞു പോയതെങ്കില്‍, ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചു മടങ്ങി ഏറെ വൈകാതെ തന്നെ അതു കിട്ടും. ആ വസ്തുവിന് വേണ്ടി നമ്മള്‍ തെരഞ്ഞ സ്ഥലത്ത് തന്നെ അത് കണ്ടെത്താന്‍ കഴിയുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. വസ്തു തിരികെ കിട്ടിക്കഴിഞ്ഞാല്‍ ആ വ്യക്തി തന്നെ ക്ഷേത്രത്തിലെത്തി തന്നാല്‍ കഴിയുന്ന വഴിപാട് ദേവിക്ക് നടത്തണം. വെറ്റിലയും പാക്കും മുതല്‍ പൊങ്കാല നൈവേദ്യം വരെ ദക്ഷിണയായി ഭക്തര്‍ സമര്‍പ്പിക്കും. ഇക്കാര്യത്തില്‍ അനുഭവസ്ഥരായ ഭക്തര്‍ അനവധിയാണ്. സെക്രട്ടേറിയറ്റില്‍ നിന്നു വരെ ഫയലുകള്‍ കാണാതെ പോകുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഇവിടെ ദര്‍ശനം നടത്താറുണ്ടെന്നതാണ് പറയപ്പെടുന്നത്. കൂടാതെ വിവാഹം, വസ്തു വാങ്ങല്‍, വസ്തു വില്‍പന തുടങ്ങി ഭക്തരുടെ ഏതൊരാവശ്യവും സഫലീകരിക്കുമെന്നതും പ്രത്യേകതയാണ്. പണ്ടുകാലത്ത് കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരയുമ്പോള്‍ അമ്മമാര്‍ ദേവിയെ ധ്യാനിച്ച് ഒരു ചെറിയ ദക്ഷിണ മാറ്റി വെക്കുന്നതോടെ കുഞ്ഞ് കരച്ചില്‍ നിര്‍ത്തുമെന്നാണ് പഴമക്കാര്‍ പറയുന്നത്. ഇത്തരത്തിലുള്ള ഫലസിദ്ധികള്‍ ഏറിവന്നതോടെയാണ് ദേവീചൈതന്യം പുറം ലോകത്ത് എത്തുന്നത്. മാത്രവുമല്ല ഇവിടെ മറ്റ് ക്ഷേത്രങ്ങളെപ്പോലെ കാര്യസിദ്ധിക്കായി പ്രത്യേക വഴിപാടുകളൊന്നും തന്നെയില്ല.
റോഡിനോട് ചേര്‍ന്നുള്ള ക്ഷേത്രമായതിനാല്‍ ഇവിടെ തിടപ്പള്ളിയില്ല. അതുകൊണ്ടു തന്നെ പൂജാരി, ദേവിക്ക് പൊങ്കാല നൈവേദ്യം അര്‍പ്പിക്കാറില്ല. എന്നാല്‍ ഭക്തര്‍ ഇവിടെ ദേവിക്ക് പൊങ്കാല അര്‍പ്പിക്കുന്നുണ്ട്. ആഗ്രഹം സാധിച്ച ഭക്തരാണ് പൊങ്കാലയിടുന്നത്. എല്ലാ ദിവസവും രാവിലെയും വൈകീട്ടുമുണ്ടാകും. മാര്‍ക്കറ്റ് റോഡിലെ കനത്ത തിരക്കിനിടയിലും റോഡരികില്‍ അടുപ്പ് കൂട്ടിയാണ് ഭക്തര്‍ പൊങ്കാല യിടുന്നത്. മറ്റ് ക്ഷേത്രങ്ങളെ അപേക്ഷിച്ച് രാത്രിയും പകലും ഒരുപോലെ ഭക്തര്‍ക്ക് ഇവിടെ ദര്‍ശനം നടത്താന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. ശ്രീകോവിലിന്റെ നിര്‍മ്മാണം പോലും പ്രധാന വാതിലും അതിന് ഇരുവശത്ത് ജനാലകളുമായിട്ടാണ്. പ്രധാന വാതില്‍ അടച്ചാലും ജനാലകള്‍ തുറന്നിട്ടിരിക്കും. അതുകൊണ്ട് ഭക്തര്‍ക്ക് ഏത് സമയത്തും ദര്‍ശനം നടത്താം. വെള്ളാരം കല്ലില്‍ നിര്‍മ്മിച്ച ഗണപതി വിഗ്രഹവും നാഗരാജാവും നാഗയക്ഷിയുമാണ് ക്ഷേത്രത്തിലെ മറ്റ് പ്രതിഷ്ഠകള്‍. മീനമാസത്തിലെ വിശാഖം, അനിഴം, തൃക്കേട്ട നാളുകളിലാണ് ക്ഷേത്രോത്സവം നടക്കുന്നത്. തൃക്കേട്ട ദിനത്തില്‍ പൊതുപൊങ്കാലയുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: