എ.വി. ഫര്‍ദിസ്
എല്ലാം ശരിയാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പുവരെ വെറുമാരു മലയാള വാചകമായിരുന്നു ഇത്. കോപ്പി റൈറ്റര്‍ എഴുതിക്കൊടുത്ത ഒരു വാചകത്തെ പി.ആര്. ക്യാംമ്പയിനിന്റെ പിന്‍ബലത്തോടെ ഒരു വിശ്വാസമാക്കി മാറ്റുവാന്‍ പരസ്യ ഏജന്‍സിക്ക് സാധിച്ചുവെങ്കില്‍, തന്റെ ജീവിത യാത്രയിലുടനീളം ഇത്തരമൊരു വാചകത്തെ തന്റെ പ്രചോദനമായി കണ്ട്, ഒരു വിശ്വാസമായേറ്റെടുത്ത് നെഞ്ചിലേറ്റിയഒരു കലാകാരിയുണ്ട് അങ്ങ് കണ്ണൂരില്‍.
തളര്‍ന്നു പോയേക്കാവുന്ന സന്ദര്ഭങ്ങളിലൈല്ലാം ഈ മഹതിയെ മുന്നോട്ടു നയിച്ചത് ഈ വാചകം തന്നെയായിരുന്നു. ഇന്നെല്ലങ്കില്‍ നാളെ എല്ലാം ശരിയാകും എന്ന പ്രതീക്ഷ. വെറുമൊരു പ്രതീക്ഷക്കപ്പുറം ജീവിതത്തിന്റെ മിക്ക സന്ദര്‍ഭങ്ങളിലും ഇത് ഒരു യാഥാര്‍ഥ്യമായി മാറി അതവര്‍ക്ക്. അങ്ങനെ താന്‍ രചിച്ച ലഘു നാടകങ്ങളുടെ സമാഹാരം പുറത്തിറക്കിയപ്പോഴും അവര്‍ അതിന് പേരിട്ടതും എല്ലാം ‘ശരിയാകു’മെന്നായിരുന്നു.
എന്തിനെയും ഏതിനെയും പോസിറ്റീവായി കാണുന്ന ഈ സമീപനംകൊണ്ടുതന്നെയാണ് കണ്ണൂര്‍ക്കാരിയായ എണ്‍പതുവയസ്സ് പിന്നിട്ട വല്ലി ദേവി എന്ന റിട്ടയേര്‍ഡ് അധ്യാപികയ്ക്ക് ക്യാമറയ്ക്ക് മുന്നില്‍ സിനിമാ നടിയായി മുഖത്ത് ചായം തേക്കുവാന്‍ സാധിക്കുന്നതും. നാമം ജപിച്ചിരിക്കേണ്ട പ്രായം എന്നാണ് റിട്ടയര്‍മെന്റിന് ശേഷമുള്ള പ്രായമായവരുടെ ജീവിതത്തിനുള്ള സമൂഹത്തിന്റെ വിശേഷണം. പ്രത്യേകിച്ച് സ്ത്രീകളാകുമ്പോള്‍. എന്നാല്‍ വല്ലി ദേവി ടീച്ചറുടെ ചുറ്റുപാടും വേണ്ടാത്ത ഓരോരോ ഏര്‍പ്പാട് എന്നു മുറുമുറുക്കുന്ന പ്രവര്‍ത്തികളെല്ലാം ഇനി ജോലി ചെയ്യുവാന്‍ പ്രാപ്തിയില്ലെന്ന് ഔദ്യോഗിക സംവിധാനങ്ങള്‍ തീരുമാനിച്ച പ്രായമായ അന്പത്താറിന് ശേഷമായിരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.
പക്ഷേ, റിട്ടയര്‍മെന്റിനു ശേഷം കണ്ണൂരിലെ വീട്ടില്‍ തനിച്ചായിരുന്നില്ല ഇവര്‍, കൂട്ടിന് റേഡിയോയും പാട്ടും തിരുവാതിരക്കളിയും സാമൂഹ്യപ്രവര്‍ത്തനവും സമാജ പ്രവര്‍ത്തനവുമെല്ലാമുണ്ട്. ടീച്ചറുടെ ജീവിതത്തിലെ നിര്‍ണായകമായ ഒരു വര്‍ഷമായിരുന്നു-1958. കൂടുതല്‍ പഠിക്കാനും കലാപ്രവര്ത്തനങ്ങളിലേര്പ്പെടാനുമൊക്കെ വലിയ ആഗ്രഹങ്ങളുമായി കഴിയുമ്പോഴായിരുന്നു പതിനേഴാം വയസ്സില്‍ വല്ലി ദേവി ടീച്ചറുടെ വിവാഹം. അന്ന് എല്ലാറ്റിന്റെയും അവസാനമാണെന്ന് തോന്നിപ്പോയ സന്ദര്‍ഭമായിട്ടാണ് ടീച്ചര്‍ക്കിത് തോന്നിയത്. പക്ഷേ, ഇവരുടെ ജീവിതത്തിലേക്ക് കടന്നുവന്ന പ്രിയതമന് പി.എസ്. വാര്യര്‍ എന്ന ഹൈസ്ക്കൂള് അദ്ധ്യാപകന് തികഞ്ഞ കലാപ്രേമിയായിരുന്നു, നാടകതല്പരനായിരുന്നു. അങ്ങനെ വല്ലി ദേവിയും ഭര്‍ത്താവിനൊപ്പം സ്റ്റേജില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
അച്ഛനമ്മമാര്‍ക്ക് ഏക മകനായ ഭര്‍ത്താവിന് ഉത്തരവാദിത്ത്വങ്ങള്‍ ഏറ്റെടുക്കുക എന്നത് വലിയ ഭാരമായിരുന്നു. അതോടെ യൗവ്വനാരംഭത്തില്‍ തന്നെ വല്ലിദേവി ഒരു ജോലി കണ്ടെത്തണമെന്നുള്ള ഉറച്ച തീരുമാനത്തിലുമെത്തി. ഹിന്ദി പ്രൊഫസറായ ജ്യേഷ്ഠന് പുസ്തകങ്ങള്‍ നല്കി. അങ്ങനെ ഹിന്ദി വിശാരദും പ്രവീണും പാസ്സായി. കണ്ണൂര്‍ പള്ളിക്കുന്നിലെ രാധാവിലാസം യുപി സ്കൂളില്‍ 25-ാം വയസ്സില്‍ (1966) പാര്‍ട്ട് ടൈം ഹിന്ദി അദ്ധ്യാപികയായി. എട്ട് വര്‍ഷത്തോളം അങ്ങനെ കടന്നുപോയി. പിന്നീട് ജോലി സ്ഥിരമായി. അതിനായി നല്‍കിയത് 250 രൂപയായിരുന്നു. ശമ്പളം 55 രൂപ. പിന്നീട് തൃശൂരില്ച്ചെന്ന് ട്രയിനിങ് പാസ്സായി. പിന്നീട് ഹൈസ്കൂള്‍ അദ്ധ്യാപികയാകാമായിരുന്നു. പക്ഷേ, നിലവിലെ സ്കൂള്‍ വീടിനടുത്തായതിനാല്‍ യുപി സ്കൂളില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു.
അദ്ധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ട 32 വര്‍ഷക്കാലം കുട്ടികളുടെ മേന്മയ്ക്കായി പ്രവര്‍ത്തിക്കുകയെന്നതായിരുന്നു ലക്ഷ്യം. അക്കാദമിക് കലണ്ടറില്‍ അടയാളപ്പെടുത്തിയിട്ടുള്ള ഓരോ പ്രത്യേക ദിവസത്തിലും അതിനനുയോജ്യമായ കലാപ്രവര്‍ത്തനങ്ങള്‍ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നതുപോലെ വേറിട്ട വഴിയിലൂടെ സഞ്ചരിച്ചു.
ഇരുപത്തഞ്ച് വയസ്സു മുതല്‍ തിരുവാതിരക്കളി പരിശീലിച്ചിരുന്ന ഇവര്‍ പിന്നീട് തിരുവാതിരക്കളി സംഘവും രൂപീകരിച്ചു. ഇപ്പോള്‍ അതിന് അമ്പത്തഞ്ച് വര്‍ഷമാകുമ്പോഴും അവര്‍ തിരുവാതിരക്കളി അവതരിപ്പിക്കുന്നുണ്ട്. ഇതിനുള്ള അനേകം പുരസ്കാരങ്ങളും ഈ യാത്രക്കിടയില്‍ അവര്‍ക്ക് ഏറെ ലഭിച്ചിട്ടുണ്ട്. വിരമിച്ചതിനു ശേഷം സഹൃദയ മഹിളാ സമാജം രൂപീകരിക്കുകയും കൃഷി, പൊതു കാര്യം, റോഡ് നിര്‍മ്മാണം അങ്ങനെ പലവിധ സേവന പ്രവര്‍ത്തനങ്ങളും ജീവിതചര്യയുടെ ഭാഗമാക്കി മാറ്റി.
ഭര്‍ത്താവുമൊന്നിച്ച് 1979ലാണ് കോഴിക്കോട് ആകാശവാണി നിലയത്തില്‍ വോയ്സ് ടെസ്റ്റിന് പോയത്. തുടര്‍ന്ന് അനേകം നാടകങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്കി. പിന്നീട് കണ്ണൂര്‍ നിലയം വന്നതോടുകൂടി അവിടെയായി പ്രവര്‍ത്തനം. റേഡിയോ എന്നും വല്ലി ദേവിയുടെ സന്തത സഹചാരിയായിരുന്നു. രാവിലെ എണീറ്റ ഉടനെ റേഡിയോ ഓണ്‍ ചെയ്യും. പിന്നെ മാറിമാറി വരുന്ന പ്രോഗ്രാമുകളെല്ലാം കേള്‍ക്കുകയെന്നത് ഇവരുടെ ജീവിതചര്യയുടെ ഭാഗമായി മാറിക്കഴിയുകയായിരുന്നു. ലളിതഗാന പാഠം കേട്ടെഴുതുകയും ഒപ്പം ചൊല്ലുകയും പിന്നീടത് സ്കൂളിലെ കുട്ടികളെ പഠിപ്പിക്കുകയും ചെയ്യും.
റേഡിയോ നാടകങ്ങള്‍ക്ക് ശബ്ദം കൊടുക്കാനും ചില സിനിമകള്‍ക്ക് ഡബ്ബ് ചെയ്യാനും തനിക്ക് സാധിച്ചത് അക്ഷരസ്ഫുടതയും ശബ്ദനിയന്ത്രണവും കൊണ്ടാണെന്ന് വല്ലിദേവി പറയുന്നു. അതിന് തുണയായത് ചെറുപ്പത്തിലേ ചൊല്ലി ശീലിച്ച മണിപ്രവാള സാഹിത്യമാണ്. 43 വര്‍ഷത്തെ റേഡിയോ നാടക പരിചയമാണ് ഇവര്‍ക്കുള്ളത്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ സ്ക്കൂള് ജീവിതകാലത്തെ അനുഭവങ്ങള്‍ എഴുതിയിട്ടുമുണ്ട്. പത്തോളം ഷോര്‍ട്ട് ഫിലിമുകളിലും പന്ത്രണ്ടോളം പരസ്യ ചിത്രങ്ങളിലും ഇതിനിടെ അഭിനയിച്ചു.
ദല്‍ഹി ആസ്ഥാനമായുള്ള സംഗം കലാഗ്രൂപ്പ് കേരളാടിസ്ഥാനത്തില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്കായി നടത്തിയ ഗാനമത്സരത്തില്‍ മൂന്നാം സ്ഥാനം ലഭിച്ചു. 70 വയസ്സിന് മുകളിലുള്ളവര്‍ക്കായി അവതരിപ്പിച്ച തിരുവാതിരക്കളിയില്‍ ഒന്നാം സ്ഥാനം നേടുകയുമുണ്ടായി. പല കാലങ്ങളിലായി എഴുതിയതും പ്രക്ഷേപണം ചെയ്തതുമായ ലഘുനാടകങ്ങളുടെ സമാഹാരം ‘എല്ലാം ശരിയാകും’ എന്ന പേരില്‍ എഴുപത്തിനാലാം വയസ്സില്‍ (2015) പ്രസിദ്ധീകരിച്ചു. വര്‍ഷങ്ങളായുള്ള ടീച്ചറുടെ ആഗ്രഹങ്ങളിലൊന്നായിരുന്നു ഇത്.
അതേപോലെ യാദൃച്ഛികമായുണ്ടായ മറ്റൊരു കാര്യം കൂടി ഇപ്പോള്‍ ടീച്ചറുടെ ജീവിതത്തില്‍ യാഥാര്‍ഥ്യമാകുകയാണ്. അതെ. ഇപ്പോള്‍ എണ്‍പതാം വയസ്സില്‍ സിനിമയിലഭിനയിക്കുകയാണ്. ബല്‍റാം മട്ടന്നൂര്‍ സംവിധാനം ചെയ്യുന്ന ‘ചമ്മട്ടി’ യില്‍ ഏലിയാമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‘ക്രൈം ആന്‍ഡ് പണിഷ്മെന്റ്’ എന്ന വിഖ്യാത റഷ്യന്‍ നോവലിന്റെ അഡാപ്റ്റേഷനാണ് ചമ്മട്ടി. നോവലിലെ ഈ കഥാപാത്രത്തിന്റെ പേര്, പ്രസ്ക്കോവിയ പാവ്ലോവ്ന എന്നാണെന്ന് ഹിന്ദി അദ്ധ്യാപികയായിരുന്ന വല്ലിദേവി വാര്യര്‍ പറയുന്നു, ഫെബ്രുവരിയില്‍ ഷൂട്ടിങ് തുടങ്ങും.
ആഗ്രഹിച്ചതും സ്വപ്നം കണ്ടതുമെല്ലാം യാഥാര്‍ത്ഥ്യമായതിന്റെ സംതൃപ്തിയിലാണ് അവര്‍. എല്ലാം ശരിയാകും. നമ്മള് എങ്ങനെ അതിനെ സമീപിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുമത്. അതോടൊപ്പം എല്ലാം സബ് ഊപ്പര്‍ വാലെ കെ ഹാഥ് മേം ഹൈ. മുകളിലേക്ക് നോക്കിക്കൊണ്ട് അവര്‍ പറഞ്ഞവസാനിപ്പിക്കുന്നതിങ്ങനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: