ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് സര്‍ക്കാര്‍ ചെലവില്‍ അമേരിക്കയില്‍ ചികിത്സയ്ക്ക് പോകുന്നതിനെ വിമര്‍ശിച്ച് ദല്‍ഹിയിലെ പത്രപ്രവര്‍ത്തക ഷെഫാലി വൈദ്യ.
ട്വിറ്ററിലൂടെയാണ് പത്രപ്രവര്‍ത്തകയായ ഷെഫാലി വൈദ്യ തന്റെ വിമര്‍ശനം ഉയര്‍ത്തിയത്. ‘കമ്മ്യൂണിസ്റ്റ് ബിംബമായി മാറിയ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് മുതലാളിത്ത സാത്താനായ അമേരിക്കയിലേക്ക് മെഡിക്കല്‍ ചികിത്സയ്ക്ക് പോകുന്നു. എന്തുകൊണ്ട്?’- ഷെഫാലി വൈദ്യ ചോദിക്കുന്നു. മുതലാളിത്ത രാജ്യമെന്ന് പറഞ്ഞ് നാഴികയ്ക്ക് നാല്പത് വട്ടം കുറ്റപ്പെടുത്തുന്ന അമേരിക്കയിലേക്ക് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ചികിത്സയ്ക്ക് പോകുന്നതിനെതിരെ പണ്ടത്തെ കേരളത്തിലും പണ്ടത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്തും വിമര്‍ശനം പതിവായിരുന്നു.
‘ലോകനിലവാരത്തിലുള്ള ആരോഗ്യസേവനം നല്കുന്ന യൂണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കേരളയിലെ ചികിത്സ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് പോരെന്നാണോ?’- തന്റെ പോസ്റ്റില്‍ ഷെഫാലി വൈദ്യ ചോദിക്കുന്നു. പിണറായി വിജയനും ഭാര്യ കമലയും പേഴ്സണല്‍ അസിസ്റ്റന്റ് വി.എം. സുനീഷുമാണ് അമേരിക്കയിലേക്ക് പുറപ്പെടുന്നത്. ജനവരി 15 മുതല്‍ 29 വരെയാണ് പിണറായി വിജയന് അമേരിക്കയില്‍ ചെലവഴിക്കുക. മേയോ ക്ലിനിക്കിലാണ് ചികിത്സ. 2018ല്‍ പിണറായി അമേരിക്കയില്‍ പോയപ്പോള്‍ ഇ.പി. ജയരാജനായിരുന്നു മന്ത്രിസഭായോഗത്തിന്റെ ചുമതല. ഇക്കുറി ബദലായി ആരെയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: