പാലക്കാട്: ഒമിക്രോണ്‍ കേസുകള്‍ കൂടിയതോടെ സംസ്ഥാനാതിര്‍ത്തിയായ വാളയാറില്‍ തമിഴ്നാട് പരിശോധന കര്‍ശനമാക്കി. അതിര്‍ത്തി പ്രദേശമായ ചാവടിയില്‍ ഇന്നലെ ബാരിക്കേഡുകള്‍ സ്ഥാപിച്ച് ദേശീയപാത പൂര്‍ണമായി അടച്ചു. തമിഴ്നാട്ടിലേക്കു പോകുന്ന വാഹനങ്ങള്‍ സര്‍വീസ് റോഡിലൂടെ തിരിഞ്ഞ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കു ശേഷം മാത്രമേ കടത്തിവിടുകയുള്ളൂ.
കൊവിഡ് പ്രതിരോധ വാക്സിന് രണ്ട് ഡോസ് പൂര്‍ത്തിയായ സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ അതിര്‍ത്തി കടന്നുപോവാന്‍ നിര്‍ബന്ധമാണെന്ന് പോലീസ് – ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ എത്തുന്നവരെ വരും ദിവസങ്ങളില്‍ മടക്കി അയക്കുമെന്നും കര്‍ശന നടപടികളിലേക്കു കടക്കുമെന്നും ഉദ്യോഗസ്ഥ സംഘം മുന്നറിയിപ്പു നല്കി.
തമിഴ്നാട് പോലീസ്, ആരോഗ്യ-റവന്യൂ തദ്ദേശ വകുപ്പുകള്‍ സംയുക്തമായുള്ള ടീമാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്. പരിശോധന കര്‍ശനമാക്കിയതോടെ കേരളത്തില്‍ നിന്നുള്ള വാഹനങ്ങളുടെ വലിയ നിര അതിര്‍ത്തിയിലുണ്ടായി. മണിക്കൂറുകളോളം കാത്തുനിന്ന് പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് വാഹനങ്ങള്‍ കടന്നുപോയത്.
ചരക്കു വാഹനങ്ങളും ആംബുലന്‍സുകളും മറ്റ് അത്യാവശ്യ സര്‍വീസ് വാഹനങ്ങളും തടയുന്നില്ല. ഇവയ്ക്ക പരിശോധന കൂടാതെ കടന്നുപോവാം. ആശുപത്രിയിലേക്കു രോഗിയുമായി പോവുന്ന വാഹനങ്ങള്‍ രേഖകള്‍ കാണിച്ചാല്‍ കടത്തിവിടും. കോളേജ്, ജോലി, ഇന്റര്‍വ്യു എന്നിങ്ങനെയുള്ള ആവശ്യക്കാര്‍ക്കും നിബന്ധനകളോടെ ഇളവ് നല്‍കുന്നുണ്ട്.
വരും ദിവസങ്ങളില്‍ തമിഴ്നാട് പഴുതടച്ച പരിശോധനയുമായി മുന്നോട്ടു പോകുമെന്നാണ് അറിയുന്നത്. അതേ സമയം കേരളത്തിലേക്കുള്ള യാത്രക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: