സുഭാഷ്ചന്ദ്രന് യുവാവ് ആയിരിക്കുമ്പോഴാണ് തപസ്യയുടെ പുരസ്കാരം അദ്ദേഹത്തിന് നല്‍കിയത്. യുവ എഴുത്തുകാര്‍ക്ക് തപസ്യ ഏര്‍പ്പെടുത്തിയ ദുര്‍ഗാദത്ത പുരസ്കാരം ആദ്യമായി ഏറ്റുവാങ്ങിയത് അദ്ദേഹമാണ്. തപസ്യയുടെ യുവ പുരസ്കാരം ഏറ്റുവാങ്ങിയിട്ടും അദ്ദേഹം തപസ്യയുടെ ദാസനായില്ല. സുഭാഷ്ചന്ദ്രന് മാത്രമല്ല, തപസ്യയുടെ പുരസ്കാരങ്ങളേറ്റുവാങ്ങിയവരാരും ആ സംഘടനയുടെ ദാസരായില്ല. ആരെയെങ്കിലും ദാസരാക്കിക്കളയാം എന്ന മോഹത്തിലല്ല തപസ്യ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തുകയും അത് നല്‍കുകയും ചെയ്യുന്നത്. എഴുത്തിലെ പ്രതിഭയും പ്രതിബദ്ധതയുമാണ് ആകെയുള്ള മാനദണ്ഡം. അവാര്‍ഡ് വാങ്ങി ദാസരാകാന്‍ വെമ്പി നില്‍ക്കുന്നവരാണ് കേരളത്തിലെ എഴുത്തുകാര്‍ എന്ന മൂഢധാരണ തപസ്യക്കില്ല താനും.
തപസ്യ എന്ന് മാത്രമല്ല, കേരളത്തിലെയും രാജ്യത്തെയും അന്തസ്സുള്ള ഒരു സ്ഥാപനവും സംഘടനയും അവാര്‍ഡ് നല്കി എഴുത്തുകാരെ ദാസരാക്കുന്നു എന്ന ധാരണ ആര്‍ക്കുമുണ്ടാവാനിടയില്ല. ഇടത് പാര്‍ട്ടികള്‍, അവര്‍ അട്ടിപ്പേറവകാശം പുലര്‍ത്തുന്ന അക്കാദമികളും സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ച് അങ്ങനെ ചില ദാസന്മാരെ സൃഷ്ടിച്ചിട്ടുണ്ട് എന്നല്ലാതെ പൊതുവെ കേരളത്തിലെ കലാ, സാഹിത്യ പ്രതിഭകളെല്ലാം അന്തസ്സോടെ തന്‍കാലില്‍ നില്‍ക്കുന്നവരും സ്വന്തം അഭിപ്രായങ്ങള്‍ സ്വതന്ത്രമായി വിളിച്ചു പറയുന്നവരുമാണ്. എന്നിട്ടും എന്തിനാണ് സുഭാഷ്ചന്ദ്രന്, നരേന്ദ്രമോദി സര്‍ക്കാര്‍ യുവ സാഹിത്യപ്രതിഭകള്‍ക്കായി ഏര്‍പ്പെടുത്തിയ പ്രോത്സാഹനപദ്ധതിക്കെതിരെ വാളെടുക്കുന്നത്? ‘മോദിദാസന്മാരെ സൃഷ്ടിക്കാനാണ് യുവപ്രതിഭാ പുരസ്കാര’മെന്ന വെളിപാട് സുഭാഷ്ചന്ദ്രന് ഉണ്ടാകുന്നതിന്റെ പിന്നിലെ മനശ്ശാസ്ത്രം എന്താണ്?
തപസ്യയുടെ ദുര്‍ഗാദത്ത പുരസ്കാരം ഏറ്റുവാങ്ങുന്നതിന് മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വിഷുപ്പതിപ്പ് ചെറുകഥാസമ്മാനം സ്വന്തമാക്കിയ ആളാണ് അദ്ദേഹം. ‘ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം’ ആയിരുന്നു പുരസ്കൃതമായ കഥ. പിന്നീടും മാതൃഭൂമിയുടെ താളുകളില്‍ ഇടയ്ക്കിടയ്ക്കൊക്കെ അദ്ദേഹത്തിന് അവസരം കിട്ടി. സമകാലികരായ പലര്‍ക്കും ലഭിക്കാതെ പോയ അത്തരം അവസരങ്ങള്‍ അദ്ദേഹത്തിന് പ്രൗഢമായ ഒരു വായനാസമൂഹത്തെ സമ്മാനിച്ചു എന്നത് വാസ്തവമാണ്. കാലം കടന്നുപോവുകയും സുഭാഷ്ചന്ദ്രന് യുവാവ് അല്ലാതാവുകയും ചെയ്തതോടെ അദ്ദേഹം ആ വാരികയുടെ ഔദ്യോഗിക ഭാഗമായി. പോയിപ്പോയി അദ്ദേഹമാണ് ഇപ്പോള്‍ അതിന്റെ പത്രാധിപര്‍. നിലപാടുകളുടെ ഘടികാരം അപ്പോഴേക്കും നിലച്ചിരുന്നു. ആര് ആര്‍ക്ക് ദാസനാവുന്നു എന്നത് കാലം പറഞ്ഞുതരുന്ന വര്‍ത്തമാനങ്ങളാണെന്ന് അപ്പോള്‍ തിരിച്ചറിയാനാകും.
എന്തായാലും ഇനി മോദിയുടെ ‘യുവ’ പ്രോത്സാഹനത്തിന് സുഭാഷിന് അവസരമുണ്ടാകില്ല. തനിക്ക് കിട്ടാനിടയില്ലാത്തത് മറ്റുള്ളവര്‍ക്ക് കിട്ടിപ്പോയാല്‍ അതെന്തുതരം കിട്ടലാണെന്ന് അന്തംവിടാനുള്ള ത്വര, പണ്ട് മുന്തിരിക്ക് ചാടിയ കുറുക്കന്റെ കഥ പഠിച്ചിട്ടുള്ള കാലം മുതല്‍ മാലോകര്‍ക്ക് അറിയാം. ഒരു പതിറ്റാണ്ടോളമായി രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്കും സര്‍ക്കാരിനും വേണ്ടി ശബ്ദമുയര്‍ത്താന്‍ ആളെക്കൂട്ടുന്നതിന് വേണ്ടിയാണ് നരേന്ദ്രമോദി ശ്രമിക്കുന്നതെന്നൊക്കെ ഒരു പൊതുവേദിയില്‍ വന്ന് പറയാന്‍ ചെറിയ ഉളുപ്പൊന്നും പോരാ. കല്പറ്റ നാരായണന്റെ ‘ഇരുട്ട് ഇരുട്ടല്ല, വെളുപ്പ് വെളിച്ചവുമല്ല’ എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിലായിരുന്നു ആര്‍ക്കും ദാസനാകാത്ത മാതൃഭൂമി വാരികാ പത്രാധിപരുടെ മോദിവിരുദ്ധ കണ്ടെത്തല്‍. അന്‍പതിനായിരം രൂപ കൊടുത്താല്‍ രാജ്യത്തെ യുവഎഴുത്തുകാരൊക്കെ മോദിക്ക് ദാസരാകുമെന്ന് വിളിച്ചുപറഞ്ഞ ഈ പത്രാധിപര്‍ അദ്ദേഹത്തിന്റെ ആഴ്ചപ്പതിപ്പില്‍ എഴുതുന്നവരെ ഏത് കണ്ണട വച്ചാകും അളന്നെടുക്കുക എന്നറിയാന്‍ കൗതുകമുണ്ടാവുക സ്വാഭാവികമാണ്.
‘ഇരുട്ടില്‍ നില്‍ക്കുന്നൊരാള്‍ ഞാനിരുട്ടിലാണെന്ന് പറഞ്ഞാല്‍ നാം വെളിച്ചവുമായി ചെല്ലും. വെളിച്ചത്തില്‍ നില്‍ക്കുന്നൊരാള്‍ ഞാനിരുട്ടിലാണെന്ന് പറഞ്ഞാല്‍ നാമേത് വെളിച്ചവുമായി ചെല്ലും?’ എന്ന ചോദ്യം കല്പറ്റ നാരായണന്റേതാണ്. ആര്‍ക്കുനേരെയും എപ്പോള്‍ വേണമെങ്കിലും ഉയരാവുന്ന ഈ ചോദ്യം ഇപ്പോള്‍ സുഭാഷ്ചന്ദ്രന് നേരെ ഉയരുന്നുണ്ടെന്ന് അദ്ദേഹം തിരിച്ചറിയണം. തനിക്ക് പ്രിയപ്പെട്ടവര്‍ തനിക്ക് തരുന്ന പുരസ്കാരങ്ങള്‍, തന്നെ അവര്‍ക്ക് ദാസരാക്കിയിട്ടില്ലെന്ന തികഞ്ഞ ബോധ്യമുണ്ടെങ്കില്‍ (ഉണ്ടെങ്കില്‍ മാത്രം) ആ നിലപാട് മറ്റുള്ളവര്‍ക്കും ഉണ്ടാകും എന്ന സാമാന്യമായ ഒരു ധാരണ പുലര്‍ത്തുന്നതാണ് സാംസ്കാരിക മര്യാദ. അത് അങ്ങനെയല്ലെങ്കില്‍ ‘ദാസന്മാരാകാന് വെമ്പുന്ന’ യുവാക്കളെ ഓര്‍ത്ത് പരിതപിക്കുന്നതില്‍ തെറ്റില്ല. രണ്ടിനും സ്വന്തം അനുഭവം ആലംബമാക്കുന്നതാവും യുക്തിഭദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: