ഷൊര്‍ണൂര്‍: തഞ്ചാവൂരില്‍ നിന്നെത്തിയ ‘മാപ്പിളൈ സാമ്പ’ക്ക് ഷൊര്‍ണൂരില്‍ നൂറുമേനി ഉറപ്പിച്ച് സംയുക്ത. ഷൊര്‍ണൂരിലെ കവളപ്പാറ പാടശേഖരത്തിലാണ് കാരക്കാട് ചൈതന്യയില്‍ കെ.വി. സംയുക്ത മാപ്പിളൈ സാമ്പയെന്ന നെല്ല് കൃഷിചെയ്തിരിക്കുന്നത്. രണ്ടുവര്‍ഷമായി വീടിനടുത്ത് 60 സെന്റ് സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയിരിക്കുന്നത്. ചെലവേറിയതും, കൂടുതല്‍ ലാഭകരമല്ലാത്തതിനാലും കേരളത്തില്‍ അപൂര്‍വമായാണ് മാപ്പിളൈ സാമ്പയെന്ന നെല്‍വിത്ത് പരീക്ഷിക്കാറുള്ളൂ.
നെല്ലിന് ഇങ്ങിനെയൊരു പേര് വന്നതിന് പിന്നിലും രസകരമായ സംഭവമുണ്ട്. തമിഴ്നാട്ടില്‍ വിവാഹാലോചനയുമായി വരുന്ന യുവാവിന്റെ കായികശേഷി അളക്കുന്നതിന് വലിയ കല്ല് ഉയര്‍ത്താന്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആവശ്യപ്പെടും. കല്ല് ഉയര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മാപ്പിളൈ സാമ്പ അരി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കും. ഇത് കഴിച്ച് കായികശേഷി കൂട്ടിയാല്‍ വിവാഹമെന്നായിരുന്നു നിബന്ധന. ഇങ്ങിനെയാണ് മാപ്പിളൈ സാമ്പയെന്ന പേര് വന്നതെന്ന് പറയുന്നു.
ഒറ്റ ഞാര്‍ നടീല്‍ കൃഷിരീതിയാണ് മാപ്പിളൈ സാമ്പക്കുള്ളത്. ഒരു മീറ്റര്‍ അകലത്തിലാണ് നടുക. ഇതില്‍ നിന്ന് 50 മുതല്‍ 80 വരെ തളിരുകള്‍ ഉണ്ടാവും. മാത്രമല്ല അഞ്ചര മുതല്‍ ആറടി വരെയാണ് പൂര്‍ണ വളര്‍ച്ചയെത്തിയ നെല്‍ച്ചെടിയുടെ ഉയരം. കാറ്റില്‍ ഒടിഞ്ഞുവീഴാതിരിക്കാന്‍ കയറുപയോഗിച്ച് കെട്ടിയാണ് സംരക്ഷിച്ചിരിക്കുന്നത്. അരിയ്ക്ക് വലുപ്പം കൂടുതലും, ചുവന്ന നിറവുമാണ്. വിളവെടുത്ത ശേഷം ഒരു വര്‍ഷത്തോളം സൂക്ഷിച്ചാല്‍ അരിയുടെ ഗുണമേന്മ വര്‍ധിക്കും. കഴിഞ്ഞവര്‍ഷം 50 പറ നെല്ല് ലഭിച്ചതായി സംയുക്ത പറഞ്ഞു.
15 ദിവസം കൂടുമ്പോള്‍ വളമിടണം. പശുവിന്റെ ചാണകം, ഗോമൂത്രം, ശര്‍ക്കര, പഴം, പയര്‍ തുടങ്ങിയവയും കൃഷി ചെയ്യുന്ന നിലത്തിലെ മണ്ണും ചേര്‍ത്ത മിശ്രിതം വായുസഞ്ചാരമില്ലാതെ അടച്ച് തണുത്ത പ്രദേശത്ത് സൂക്ഷിച്ചാണ് ജീവാമൃതം എന്ന വളമുണ്ടാക്കുന്നത്. പിന്നീട് ഒരു കപ്പ് വളത്തില്‍ 10 കപ്പ് വെള്ളം ചേര്‍ത്താണ് ഉപയോഗിക്കുക.
മാപ്പിളൈ സാമ്പ അരിക്ക് ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ഒരു കിലോക്ക് 200 മുതല്‍ 300 രൂപ വരെ വിലയുണ്ടെന്ന് സംയുക്ത പറയുന്നു. ഫൈബര്‍, ആന്റി ഓക്സിജന്‍ കണ്ടന്റ്, അയേണ്‍, കിഡ്നിയെ ശക്തിപ്പെടുത്തുന്നതിനും, രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിനും,പ്രമേഹം നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന വിവിധ ഘടകങ്ങള്‍ ഇതിലുണ്ട്.
ഒറ്റപ്പാലം പാലപ്പുറത്തെ ആയുര്‍വേദ ഡോക്ടറായ സേതുമാധവന് വഴിയാണ് മാപ്പിളൈ സാമ്പ നെല്‍വിത്തിനെ കുറിച്ച് സംയുക്ത അറിയുന്നത്. ഡോക്ടര്‍ തന്നെയാണ് നെല്ലും നല്‍കിയത്. ആയുര്‍വേദ മരുന്ന് ഉïാക്കുന്നതിനും ഈ അരി ഉപയോഗിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: