തിരുവനന്തപുരം: സാംസ്കാരിക ഇടനാഴിയുടെ പേരില്‍ നഗരസഭ നടത്തുന്നത് തലതിരിഞ്ഞ തുഗ്ലക് പരിഷ്കാരം. മ്യൂസിയം-വെള്ളയമ്പലം റോഡില്‍ വയലാര്‍ പ്രതിമ മുതല്‍ ആല്ത്തറജംഗ്ഷനിലെ ജി. ദേവരാജന്‍ പ്രതിമവരെ 150 മീറ്റര്‍ നീളത്തിലുള്ള റോഡിലാണ് തലതിരിഞ്ഞ പരിഷ്കാരം നടപ്പാക്കുന്നത്. പരിഷ്കാരത്തിന്റെ ഒടുവില്‍ ഇങ്ങനൊരു റോഡുതന്നെ നിലവിലില്ലാതെ വന്നു.
നിലവിലുണ്ടായിരുന്ന റോഡ് വെട്ടിപ്പൊളിച്ച് അക്ഷരാര്‍ഥത്തില്‍ കുളംതോണ്ടിയിരിക്കുന്നു. വഴുതക്കാട് ഭാഗത്തുനിന്ന് ആല്‍ത്തറവഴി മ്യൂസിയത്തേക്ക് തിരിഞ്ഞുപോകേണ്ടിയിരുന്ന വാഹനങ്ങളെല്ലാം ഇപ്പോള്‍ വെള്ളയമ്പലം ജംഗ്ഷനിലൂടെ പോകേണ്ടിവരുന്നതുമൂലം ഇവിടെ തിരക്കേറി. വാഹനങ്ങള്‍ സിഗ്നല്പോയിന്റില് വളരെനേരം കാത്തുകിടക്കേണ്ട അവസ്ഥയാണ്. പകരം സംവിധാനമൊരുക്കാതെ ഗതാഗതയോഗ്യമായിരുന്ന വഴിയടച്ചത് വീണ്ടുവിചാരമില്ലാത്ത നടപടിയാണെന്ന് നാട്ടുകാരും കുറ്റപ്പെടുത്തുന്നു. സമീപത്ത് വേറെയും സ്ഥലങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെങ്കിലും അതെല്ലാം വിസ്മരിച്ചാണ് സാംസ്കാരിക പ്രവര്ത്തനങ്ങള്ക്കെന്നുപറഞ്ഞ് തിരക്കേറിയ നഗരഭാഗത്ത് ഒരു റോഡുതന്നെ ഇല്ലായ്മ ചെയ്തത്.
2001ലെ മാനവീയം പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഈ റോഡിന് മാനവീയം വീഥിയെന്ന് പേരിട്ടത്. 2001 ഏപ്രില്‍ 22ന് സ്പീക്കര്‍ എം. വിജയകുമാര്‍ മാനവീയം വീഥി ഉദ്ഘാടനം ചെയ്തു. ഒഎന്‍വി, സുഗതകുമാരി, അടൂര്‍ ഗോപാലകൃഷ്ണന്, സക്കറിയ എന്നിവരൊക്കെയായിരുന്നു ആദ്യകാലത്ത് ഇവിടെ സാംസ്കാരികപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയടക്കമുള്ള ചിത്രകാരന്മാര് റോഡിനിരുവശത്തുമുള്ള മതിലില്‍ മനോഹരമായ ചിത്രങ്ങള്‍ വരച്ചു. ചുമരൊപ്പുകളും ഇവിടുത്തെ പ്രത്യേകതകളായിരുന്നു. എന്നാല്‍ സാംസ്കാരിക കൂട്ടായ്മയുടെ കേന്ദ്രമെന്ന് കൊട്ടിഘോഷിച്ച് തുടങ്ങിയ ഇവിടം പില്ക്കാലത്ത് ചിലര്‍ ആക്ടിവിസ്റ്റുകള്‍ എന്നപേരില്‍ ലഹരി-ലൈംഗിക മാഫിയകളുടെ വിളനിലമാക്കുകയായിരുന്നു.
സാംസ്കാരിക തെരുവെന്ന് പറഞ്ഞ് തുടങ്ങിയത് ചുവന്നതെരുവോളം അധഃപതിക്കുകയും ഇവിടെ മാവോയിസ്റ്റുകളും മതതീവ്രവാദശക്തികളും കൈകോര്‍ത്ത് നീങ്ങിയതും പോലീസിനും പലപ്പോഴും തലവേദന സൃഷ്ടിച്ചിരുന്നു. തുടക്കത്തില്‍ റോഡിനിരുവശത്തും വന്‍തുക ചെലവാക്കി വരച്ചിരുന്ന ചിത്രങ്ങളെല്ലാം ഇപ്പോള്‍ മണ്ണിട്ട് മൂടിയ നിലയിലാണ്. ചിത്രകലയുടെ മൂല്യം അറിയാത്തവരാണ് റോഡുപണിക്ക് ചുക്കാന്‍ പിടിക്കുന്നത്. ജെസിബി ഉപയോഗിച്ച് കല്ലും ചെളിയുമെല്ലാം കോരിയിട്ട് ചിത്രങ്ങളെല്ലാം വൃത്തികേടാക്കിയിട്ടായിരുന്നു അടുത്തപരിഷ്കാരം.
2019ല്‍ വി.കെ. പ്രശാന്ത് തലതിരിഞ്ഞ പരിഷ്കാരവുമായി വീണ്ടും എത്തി. സാംസ്കാരികതെരുവ് പുതിയ ഭാഷ്യത്തില്‍ സാംസ്കാരിക ഇടനാഴിയായി. സ്മാര്‍ട്ട് സിറ്റി ലിമിറ്റഡിനാണ് ഇപ്പോള്‍ പദ്ധതി നിര്‍വഹണത്തിന്റെ ചുമതല. ഇപ്പോള്‍ നടപ്പാക്കുന്നത് രാത്രികാല വിപണനകേന്ദ്രങ്ങള്ക്കുവേണ്ടിയുള്ള ഒരുക്കമാണ്. മുലയൂട്ടുന്നതിനുള്ള മുറി, ഇലക്ട്രോണിക് സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള മുറി, ഫുഡ് കിയോസ്ക്, സൈക്കിള്‍ പാര്‍ക്കിംഗ് കേന്ദ്രം, ടോയ്ലെറ്റ്, കുടിവെള്ള കിയോസ്കുകള്‍ എന്നിവയാണ് റോഡില്‍ സ്ഥാപിക്കുന്നത്. റോഡ് പൂര്‍ണമായും അടച്ച് കാല്‍നടക്കാര്‍ക്കു മാത്രമാക്കും പ്രവേശനം.
തുറസായ കേന്ദ്രമായിരുന്നപ്പോള്‍ ഉണ്ടായ അഴിഞ്ഞാട്ടങ്ങള്‍ക്ക് മറപിടിക്കാനാണ് പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങളെന്ന് വ്യാപകമായ ആരോപണം ഉയര്‍ന്നുകഴിഞ്ഞു. മാനവീയം വീഥി രാവും പകലും ലഹരിക്കടിപ്പെട്ട ആക്ടിവിസ്റ്റുകള്‍ കയ്യടക്കുന്നതോടെ സമീപത്തുള്ള ആല്‍ത്തറ ക്ഷേത്രത്തിലേക്കെത്തുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെക്കുറിച്ചും ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: