പാരിസ്: പുതുവത്സരരാത്രിയില്‍ ഫ്രാന്‍സ് ഇക്കുറി കത്തിച്ചത് 874 കാറുകള്‍. ഒരു ദശകമായി തുടരുന്ന പാരമ്പര്യത്തിന്റെ ഭാഗമായാണ് കാറുകള്‍ കത്തിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും പരമ്പരാഗത രീതിയായ കാര്‍ കത്തിക്കല്‍ പരിപാടി രാജ്യത്തുടനീളം നടന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവ് കാറുകളാണ് ഇക്കുറി കത്തിച്ചതെന്ന് പറയുന്നു. 2019ല്‍ 1316 കാറുകള്‍ കത്തിച്ചിരുന്നു. ഇക്കുറി നഗരങ്ങളില്‍ പുതുവത്സരവുമായി ബന്ധപ്പെട്ട് കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചതിനാലാണ് കാര്‍ കത്തിക്കുന്നതിന്റെ എണ്ണം കുറഞ്ഞതെന്ന് പറയുന്നു.
90കളിലാണ് കിഴക്കന്‍ ഫ്രാന്‍സിലെ സ്ട്രാസ്ബൂര്ഗില് കാര്‍ കത്തിക്കുന്ന പാരമ്പര്യം തുടങ്ങിവെച്ചത്. താഴ്ന്ന വരുമാനക്കാര്‍ താമസിക്കുന്ന പ്രദേശത്തെ ചെറുപ്പക്കാരാണ് ഇത്തരമൊരു ശീലം തുടങ്ങിവെച്ചതെന്ന് പറയുന്നു. പിന്നീട് ഇത് ഒരു പ്രതിഷേധത്തിന്റെ അടയാളമായി എല്ലായിടത്തേക്കും വ്യാപിക്കുകയായിരുന്നു.
2005ലെ പുതുവത്സരരാവിലാണ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ കത്തിച്ചത്. അന്ന് 9000 കാറുകളാണ് കത്തിച്ചത്. ഇപ്പോള്‍ യുവാക്കളുടെ പ്രതിഷേധം, ക്രിമിനല്‍ കുറ്റങ്ങള്‍ മറയ്ക്കാനുള്ള ആഗ്രഹം, വ്യാജ ഇന്‍ഷ്വറന്‍സ് ക്ലെയിമുകള്‍ എന്നിങ്ങനെ കാര്‍ കത്തിക്കല്‍ പാരമ്പര്യം പുതുവത്സരരാത്രിയില്‍ ഇപ്പോഴും തുടരുന്നതിന് പല കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: