വാസ്കോ: പട്ടികയില്‍ ഒന്നാം സ്ഥാനം പിടിക്കാനായി മഞ്ഞപ്പട ഗ്രൗണ്ടില്‍ ഇറങ്ങും. ഇന്ന് തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ എഫ്സി ഗോവക്കെതിരെ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയം കൈവരിച്ചാല്‍ ഐഎസ്എല്‍ പട്ടികയില്‍ 16 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്താന്‍ സാധിക്കും. നിലവില്‍ ബ്ലാസ്റ്റേഴ്സ് 13 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.
ഐഎസ്എല്‍ പട്ടികയില്‍ 16 പോയിന്റുമായി മുംബൈ സിറ്റി എഫ്സിയാണ് ഒന്നാമതുള്ളത്. ഏഴു പോസിറ്റിവ് ഗോള്‍ സ്കോറുള്ള മുംബൈ സിറ്റിയെ പട്ടികയില്‍ രണ്ടാമതാക്കാന്‍ കേരളം ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവയെ മൂന്നുഗോളുകള്‍ക്ക് തോല്‍പ്പിക്കണം. ഈ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് തോറ്റശേഷം ബ്ലാസ്റ്റേഴ്സ് തോല്‍വിയറിയാതെ കുതിക്കുകയാണ്. ഇതുവരെ കളിച്ച എട്ട് മത്സരങ്ങളില്‍ ഏഴിലും തോല്‍വി അറിഞ്ഞില്ല. മൂന്ന് ജയവും നാലു സമനിലയുമാണ് ടീം സ്വന്തമാക്കിയത്.
2021 ലെ അവസാന ലീഗ് മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂര്‍ എഫ്സിയുമായി സമനില പിടിച്ചു. അതേസമയം, എഫ്സി ഗോവ പോയവര്‍ഷത്തെ അവസാന ഐഎസ്എല്‍ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റു. ഈ സീസണില്‍ ഇതുവരെ കളിച്ച എട്ട് മത്സരങ്ങളില്‍ ഗോവയ്ക്ക് രണ്ട് വിജയം മാത്രമേ നേടാനായുള്ളൂ.
നാലു മത്സരങ്ങള്‍ തോറ്റു. രണ്ട് സമനിലയും നേടിയ അവര്‍ എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്. പുതുവര്‍ഷത്തെ ആദ്യ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തിനാണ് ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകര്‍ സാക്ഷ്യം വഹിക്കുന്നത്. രാത്രി 7.30 നാണ് കിക്കോഫ്. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: