മൂന്നാര്‍: സ്ഥലം കൈയേറി നിര്‍മിച്ച വാടക വീട്ടില്‍ നിന്ന് ഇറങ്ങി നല്‍കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയേയും കുടുംബത്തേയും ആക്രമിച്ചതായി പരാതി.എസ്. രാജേന്ദ്രന്റെ ഭാര്യ ലതയുടെ നേതൃത്വത്തിലാണ് ആക്രമണം ഉണ്ടായത്. മൂന്നാര്‍ ഇക്കാനഗറില്‍ കൈയേറ്റ ഭൂമിയില്‍ നിര്‍മിച്ച വീടിനെ ചൊല്ലി ഇരുവരും തമ്മില്‍ കാലങ്ങളായി തര്‍ക്കം നിലനില്‍ക്കുകയാണ്. സബ് കളക്ടര്‍ ഈ വിഷയത്തില്‍ അടുത്തിടെ കേസെടുത്തിരുന്നു. ആക്രമണ സംഭവത്തില്‍ മൂന്നാര്‍ പോലീസും പരിശോധിച്ച ഡോക്ടറും രാഷ്ട്രീയം കളിക്കുന്നതായും ആരോപണം.
ആതിര പറയുന്നതിങ്ങനെ – ലതയുടെ പേരിലുള്ള വീട്ടില്‍ അഞ്ച് വര്‍ഷത്തിലധികമായി എംകോം വിദ്യാര്‍ത്ഥിനിയായ താനും അമ്മയും അനുജത്തിയും വാടകയ്ക്ക് താമസിക്കുകയാണ്. വീടൊഴിയാന്‍ പലതവണ അന്ത്യശാസനം നല്‍കിയെങ്കിലും മറ്റ് വഴിയില്ലാത്തിനാല്‍ ഇതിനായിരിന്നില്ല. സ്ഥലവും വീടുമില്ലാത്തതിനാലും അച്ഛന് ഉപേക്ഷിച്ച് പോയതിനാലും പലതവണ ഇതിനായി അപേക്ഷ നല്‍കിയെങ്കിലും ലഭിച്ചില്ല. ചെറിയ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞ് പോകുന്നത്.
ഇതിനിടെയാണ് ബുധനാഴ്ച വൈകിട്ട് ലതയെത്തി വീണ്ടും വഴക്കിട്ടത്. നേരത്തെയും നിരവധി തവണ വീടിനെ ചൊല്ലി പ്രശ്നമുണ്ടായിരുന്നു. സമീപവാസികളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയിലുമായിട്ടുണ്ട്. വീട് മാറിയാല്‍ താമസിക്കാന്‍ മറ്റിടമില്ലെന്ന് പറഞ്ഞെങ്കിലും ലത ബഹളം തുടരുകയായിരുന്നു. ഇതിനിടെ തന്റെ കഴുത്തിന് കയറി പിടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. തടയാന്‍ ചെന്ന അമ്മയേയും തള്ളിമാറ്റി. ജില്ലാ കളക്ടറെ വിളിച്ച് പരാതി പറയുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഉടന്‍ കളക്ടറിടപ്പെട്ട് പോലീസിനെ വിവരം അറിയിച്ചു. ഇവരെത്തി ആതിരയേയും അമ്മയേയും അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇരുവര്‍ക്കും രക്ത സമ്മര്‍ദം അധികമായിട്ടും പരിക്കുണ്ടായിട്ടും അഡ്മിറ്റ് ചെയ്യാതെ ഇന്റിമേഷന്‍ നല്കി വിട്ടയച്ചു. അവശനിലയില്‍ രാത്രി 1 മണിക്കാണ് വീട്ടില്‍ തിരിച്ചെത്തിയത്.
ഗുണ്ടകളോടെന്ന പോലെ പെരുമാറി
ഇന്നലെ രാവിലെ പോലീസ് വിളിപ്പിച്ചത് പ്രകാരമെത്തിയെങ്കിലും കേസ് ലതക്ക് അനുകൂലമായി ഒത്തുതീര്‍പ്പാക്കിയ ശേഷം മടക്കി വിട്ടതായും ആതിര പറഞ്ഞു. ശാരീരിക പ്രശ്നങ്ങളുണ്ടായിട്ടും ഗുണ്ടകളോടെന്ന പോലെ തീര്‍ത്തും മോശമായാണ് എസ്ഐ സാഗര്‍ പെരുമാറിയത്. തനിക്ക് പറയാനുള്ളതൊന്നും കേള്‍ക്കാതെ ചീത്ത വിളിക്കുകയായിരുന്നു.
ഞങ്ങളൊന്നും സംസാരിക്കാതെ സ്റ്റേഷനില്‍ ഒച്ചയുണ്ടായിക്കിയതായി പറഞ്ഞ് ദേഷ്യപ്പെടുകയും കള്ളം പറയുകയാണെന്നുമെല്ലാം പറഞ്ഞ് അപമാനിച്ചു. സ്ത്രീയെന്ന പരിഗണന പോലും സംസാരത്തിലുണ്ടായില്ല. പൊട്ടികരഞ്ഞുകൊണ്ടാണ് ഇവിടെ നിന്നിറങ്ങിയതെന്നും ആതിര പറയുന്നു. ഡിവൈഎസ്പി ഇടപെട്ടാണ് പിന്നീട് സംസാരിച്ചത്. എന്നാല്‍ കേസെടുക്കാതെ തങ്ങളെ ആക്രമിക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ആതിര പറഞ്ഞു. അതോ സമയം ഇവര്‍ പറയുന്നത് സത്യമല്ലെന്നും എസ്ഐമോശമായി പെരുമാറിയിട്ടില്ലെന്നും മൂന്നാര്‍ ഡിവൈഎസ്പി ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: