തിരുവനന്തപുരം: മൂന്നൂറിലെറെ ചിത്രങ്ങളിലൂടെയും നാടകങ്ങളിലൂടേയും സീരിയലുകളിലൂടെയും തന്റെ പ്രതിഭ തെളിയിച്ച നടന് ജി.കെ.പിള്ള (97) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആറു പതിറ്റാണ്ടിലേറെയായി മൂന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. വില്ലന്‍ വേഷങ്ങളായിരുന്നു പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്.
ജന്മഭൂമി സമഗ്രസംഭാവനയക്കുള്ള പുരസ്ക്കാരം നല്കി 2018 ല്‍ ആദരിച്ചിരുന്നു
മലയാള സിനിമാ തറവാട്ടിലെ കാരണവര്‍ സ്ഥാനമാണ് ജി.കെ.പിള്ളയ്ക്കുള്ളത്. ഘനഗാംഭീര ശബ്ദവും തലയെടുപ്പുള്ള ശരീരവും മറ്റ് അഭിനേതാക്കളില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. 1954ല്‍ എസ്.എസ്. രാജന്റെ സംവിധാനത്തില്‍ റ്റി.ഇ. വാസുദേവന്‍ നിര്‍മ്മിച്ച സ്നേഹസീമ മുതല്‍ 2015ല്‍ നിര്‍മ്മിച്ച ഇലഞ്ഞിക്കാവ് പി.ഒ വരെയുള്ള ചലച്ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. 1958മുതല്‍ 1986വരെ സജീവമായി വെള്ളിത്തിരയുടെ ഭാഗമാകാന്‍ ജി.കെ.പിള്ളയ്ക്ക് കഴിഞ്ഞു. ഇപ്പോള്‍ 94-ാം വയസ്സിലും ശക്തമായ കഥാപാത്രങ്ങളവതരിപ്പിക്കാനുള്ള കരുത്ത് അദ്ദേഹത്തിനുണ്ട്. ചെറുപ്പത്തിലേ തുടങ്ങിയ അഭിനയ മോഹത്തിന് കാലമിത്ര പിന്നിട്ടിട്ടും ഒട്ടും കുറവ് വന്നിട്ടില്ല. അഭിനയത്തറവാട്ടിലെ എതിരാളികളില്ലാത്ത മഹാനായ ആ നടനാണ് ഇന്ന് ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് നിശയില്‍ സമഗ്രസംഭാവനാ പുരസ്കാരം നല്കി ആദരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലെ ഇടവയ്ക്കടുത്ത് മാന്തറവീട്ടില്‍ പെരുംപാട്ടത്തില്‍ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായാണ് ജി.കെ.പിള്ളയുടെ ജനനം. ചിറയിന്‍കീഴ് ശ്രീചിത്തിരവിലാസം സ്കൂളില്‍ വിദ്യാഭ്യാസം. ചിറയിന്‍കീഴില്‍ നിന്ന് ജി.കെ.പിള്ളയെ കൂടാതെ നിരവധി സിനിമാ പ്രതിഭകള്‍ ഉണ്ടായിട്ടുണ്ട്. പ്രേംനസീര്‍, ഭരത്ഗോപി, ശോഭന പരമേശ്വരന് നായര്‍ തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. ഇവരൊക്കെ ചിറയിന്‍കീഴ് ശ്രീചിത്തിരവിലാസം സ്കൂളില്‍ പഠിച്ചിട്ടുള്ളവരുമാണ്.
സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലത്ത് നാട്ടിലാകെ പ്രക്ഷോഭങ്ങളും പ്രചരണങ്ങളും നടക്കുകയാണ്. ജി.കെ.പിള്ളയെന്ന പതിന്നാലുകാരനും അതില്‍ നിന്ന് മാറിനില്‍ക്കാനാകുമായിരുന്നില്ല. അന്നേ കലാപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. അഭിനയമോഹം സ്കൂള്‍ കാലത്തുതന്നെ തുടങ്ങി. സ്വാതന്ത്ര്യ സമരപ്രക്ഷോഭകര്‍ക്ക് ഊര്‍ജ്ജം നല്കാനുതകുന്ന തരത്തിലുള്ള നാടകങ്ങളുടെ ഭാഗമായി ജി.കെ.പിള്ളയും മാറി. ബന്ധുക്കളും നാട്ടുകാരും പലരും എതിര്‍ത്തിട്ടും സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ ജി.കെ. പിള്ള തയ്യാറായി. ഇത് വീട്ടുകാരെ വളരെയധികം വിഷമിപ്പിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നകാലമായിരുന്നു അത്.
അങ്ങനെയിരിക്കെ ഒരു രാത്രിയില്‍ നാടുവിട്ട അദ്ദേഹം എത്തിയത് ചാക്കയിലെ സൈനിക റിക്രൂട്ട്മെന്റ് ക്യാമ്പിലാണ്. പട്ടാളത്തിലേക്കുള്ള യോഗ്യതാ പരിശോധന പാസ്സായ അദ്ദേഹം പതിനാറാമത്തെ വയസ്സില്‍ പട്ടാളക്കാരനായി. മദ്രാസ് റെജിമെന്റിലെ പാളയംകോട്ടയില്‍ ആയിരുന്നു ആദ്യനിയമനം. പിന്നീട് അവിടെ നിന്നും കോയമ്പത്തൂരിലെ മധുക്കരയിലേക്ക്. രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് സിംഗപ്പൂര്‍, ബര്‍മ്മ, സുമാത്ര എന്നീ രാജ്യങ്ങളില്‍ സേവനം അനുഷ്ഠിക്കേണ്ടി വന്നു. ഇന്ത്യയില്‍ തിരികെയെത്തിയ ശേഷവും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി സേവനം തുടര്‍ന്നു. ഇന്തോ-പാക് യുദ്ധത്തിലും പങ്കെടുത്തു. ഒടുവില്‍ മദ്രാസ് റെജിമെന്റിന്റെ ഊട്ടി വില്ലിംഗ്ടണിലെ ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് പോസ്റ്റുചെയ്തു. ഇവിടുത്തെ സൈനിക ക്യാമ്പില്‍ നടന്ന നാടക അവതരണത്തില്‍ പിള്ളയുടെ അഭിനയം ഏറെ പ്രശംസ പിടിച്ചു പറ്റി. സഹപ്രവര്‍ത്തകരുടെ പ്രശംസകളും പ്രോത്സാഹനങ്ങളും ജി.കെ. പിള്ളയുടെ അഭിനയഭ്രമം വര്‍ദ്ധിപ്പിച്ചു. ചെറുപ്പത്തിലേ ഉണ്ടായിരുന്ന അഭിനയഭ്രമം കലശലായപ്പോള്‍ സര്‍വ്വീസിന്റെ പതിമൂന്നാം വര്‍ഷം പട്ടാള ജീവിതം ഉപേക്ഷിച്ച് വീട്ടിലെത്തി. 18 വര്‍ഷം സര്‍വ്വീസ് ചെയ്താല്‍ മാത്രം ലഭിക്കുമായിരുന്ന പട്ടാളത്തിലെ ആനുകൂല്യങ്ങളെല്ലാം വേണ്ടെന്ന് വെച്ചാണ് ജി.കെ.പിള്ള അഭിനയ മോഹത്തിന് മുന്‍തൂക്കം നല്കി തിരികെ പോന്നത്.
നാട്ടിലെത്തി സിനിമയിലേക്കുള്ള ചാന്‍സ് തേടലായിരുന്നു കുറേക്കാലം. ആദ്യമെല്ലാം കടുത്ത നിരാശയായിരുന്നു ഫലം. ഇക്കാലത്ത് നാടാഭിനയം തുടര്‍ന്നു. അങ്ങനെയിരിക്കെ ആര്‍ട്ടിസ്റ്റ് പി.ജെ.ചെറിയാനുമായി പരിചയത്തിലായി. അദ്ദേഹത്തിന്റെ മിശിഹാചരിത്രം, സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ എന്നീ നാടകങ്ങളില്‍ അഭിനയിച്ചു. നാട്ടിലും കോടാമ്പക്കത്തുമായുള്ള ഏറെ അലച്ചിലുകള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവിലാണ് ‘സ്നേഹസീമ’ എന്ന ചിത്രത്തില്‍ അവസരം ലഭിച്ചത്. 29 വയസ്സുള്ള പിള്ള 69 വയസ്സുള്ള പള്ളീലച്ചനെയാണ് സ്നേഹസീമയില്‍ അവതരിപ്പിച്ചത്. സ്നേഹസീമ വന്‍ വിജയമായിരുന്നു. ജി.കെ.പിള്ള ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അടുത്ത ചിത്രമായ ഹരിശ്ചന്ദ്രയില്‍ വിശ്വാമിത്രമഹര്‍ഷിയുടെ വേഷമായിരുന്നു.
തുടര്‍ന്ന് മന്ത്രവാദി, സ്നാപക യോഹന്നാന്, പട്ടാഭിഷേകം, നായരു പിടിച്ച പുലിവാല്, കൂടപ്പിറപ്പ് എന്നിവയില്‍ വേഷമിട്ടു. കണ്ണൂര്‍ ഡീലക്സ്, സ്ഥാനാര്‍ഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കോട്ടയം കൊലക്കേസ്, കൊച്ചിന് എക്സ്പ്രസ് എന്നിവയില്‍ പ്രധാന വില്ലന്‍ ജി.കെ. പിള്ളയായിരുന്നു. ജി.കെ. പിള്ളയുടെ ഉയരമേറിയ ശരീരപ്രകൃതവും ശബ്ദഗാഭീര്യവും വില്ലന്‍ വേഷങ്ങള്‍ക്ക് കൂടുതല്‍ തന്മയത്വം നല്കി.
കൂടപ്പിറപ്പിലെ അഭിനയത്തിന് മദ്രാസ് ഫിലിംസ് ഫാന്‍സ് അസോസിയേഷന്റെ പുരസ്കാരം ലഭിച്ചു. അക്കാലത്ത് സിനിമയിലെ വ്യത്യസ്തനായ വില്ലനായിരുന്നു ജി.കെ.പിള്ള. വെള്ളിത്തിരയില്‍ പിള്ളയുടെ രൂപം കാണുമ്പോഴും ഗാംഭീര്യമുള്ള ശബ്ദം കേള്‍ക്കുമ്പോഴും പ്രേക്ഷകരുടെ മനസ്സില്‍ വെറുപ്പ് പ്രകടമായി. അദ്ദേഹത്തിന്റെ മൂര്‍ച്ച അത്രയ്ക്ക് പ്രത്യേകതയുള്ളതായിരുന്നു. സിനിമയില്‍ തിരക്കുകുറഞ്ഞപ്പോള്‍ ധാരാളം സീരിയലുകളിലും പ്രൊഫഷണല്‍ നാടകങ്ങളിലും ജി.കെ.പിള്ള അഭിനയിച്ചു. ഏഷ്യാനെറ്റില്‍ ഏറെ ജനപ്രീതി നേടിയ സീരിയല്‍ കുങ്കുമപ്പൂവിലെ അഭിനയം എടുത്തുപറയേണ്ടതാണ്.
ഭാര്യ ഉല്പലാക്ഷിയമ്മ മരിച്ചു. കെ. പ്രതാപചന്ദ്രന്, ശ്രീകല ആര്. നായര്‍, ശ്രീലേഖ മോഹന്‍, ശ്രീകുമാരി ബി. പിള്ള, ചന്ദ്രമോഹനന്, പ്രിയദര്ശന് എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: