ഇറക്കത്ത് രാധാകൃഷ്ണന്‍
ഗുരു, പ്രകാശം നല്കുന്നവനാണ്. അജ്ഞതയെ നശിപ്പിക്കലാണ് ഗുരുവിന്റെ ധര്‍മ്മം. വിദ്യ ഗുരുമുഖത്തുനിന്ന് ലഭിക്കുമ്പോള്‍ മാത്രമേ ശിഷ്യരുടെ അറിവിന് പൂര്‍ണ്ണത കൈവരൂ. ഉത്തമ ഗുരുനാഥരെ കണ്ടെത്തുമ്പോഴാണ് ശിഷ്യരുടെ ഹൃദയ കമലങ്ങള്‍ വികസിക്കുന്നത്. ജ്ഞാനസൂര്യനായ ഗുരുവിന്റെ കഴിവിലും കടാക്ഷത്തിലും അനുഗ്രഹത്തിലും ശിഷ്യന്‍ സാഷ്ടാംഗം പ്രണമിക്കുന്നു. അന്ത്യകാലം വരെയും ഗുരു നല്‍കിയ ജ്ഞാനം നെയ്‌ത്തിരിനാളം പോലെ ജ്വലിച്ചു നില്‍ക്കും.
ഭരണകര്‍ത്താക്കള്‍ക്കും രാജാക്കന്മാര്‍ക്കും ചക്രവര്‍ത്തിമാര്‍ക്കും ഉത്തമരായ ഗുരുനാഥര്‍ ഉണ്ടായിരുന്നു. പരിഹാരം കാണാന്‍ വിഷമിക്കുന്ന അവസരത്തില്‍ അവര്‍ ഗുരുവിന്റെ ഉപദേശം ആരാഞ്ഞിരുന്നു. വിക്രമാദിത്യ രാജസദസ്സില്‍ നവരത്‌നങ്ങളായ ഗുരുക്കന്മാര്‍ ഉന്നത സ്ഥാനം അലങ്കരിച്ചിരുന്നു. ദേവഗുരുവായ ബൃഹസ്പതിയും അസുരഗുരുവായ ശുക്രാചാര്യരും സൂര്യവംശരാജാക്കന്മാരുടെ ഗുരുവായ വസിഷ്ഠമുനിയും അതത് വംശത്തിന്റെ രക്ഷകരായി നിലകൊണ്ടവരാണ്. ലോകഗുരുവായ നാരായണന്‍ ബ്രഹ്മദേവന് നാല് ശ്ലോകങ്ങളിലൂടെ ജ്ഞാനശക്തി പകര്‍ന്നുനല്‍കി. ചതുശ്ലോകീ ഭാഗവതം എന്നറിയപ്പെടുന്ന ഈ നാല് ശ്ലോകം ശ്രീമദ് ഭാഗവതത്തിന്റെ ഉറവിടമെന്ന് പണ്ഡിതര്‍ വിശേഷിപ്പിക്കുന്നു. ബ്രഹ്മാവ് അത് നാരദമുനിക്ക് നല്‍കി. നാരദമുനി വേദവ്യാസന് പകര്‍ന്നുകൊടുത്തു. വേദവ്യാസന്‍ ശ്രീശുകന് ശ്രീനാരായണ സ്വരൂപത്തെ പറഞ്ഞുകൊടുത്തു. ശ്രീശുകന്‍ പരീക്ഷിത്തിന് ആത്മസാക്ഷാത്കാരത്തിനായി അത് പാരായണത്തിലൂടെ നിര്‍വഹിച്ചു. കലിയുഗത്തില്‍ ഭക്തിയുടെ സംരക്ഷണത്തിനായി ഇത് സപ്താഹമായി പാരായണം ചെയ്യുന്നു.
ഭഗവാനില്‍ നിന്നാണ് ബ്രഹ്മാവിന് ജന്മം കിട്ടിയതെങ്കിലും സൃഷ്ടിയെക്കുറിച്ച് ഒരു രൂപവും കിട്ടിയിരുന്നില്ല. ഏകാഗ്രതയോടു കൂടി ചിന്തിച്ചപ്പോള്‍ തപഃ തപഃ എന്ന രണ്ട് പ്രാവശ്യം ആരോ പറയുന്നതായി കേട്ടു. ആരാണ് തന്നോടിത് പറഞ്ഞതെന്ന് അറിയുവാന്‍ നാലു ദിക്കിലും നോക്കി. ആരെയും കാണാന്‍ കഴിഞ്ഞില്ല. എങ്കിലും തപസ്സു ചെയ്തു. അനേകം വര്‍ഷം തപസ്സ് ചെയ്തപ്പോഴാണ് ഭഗവാന്‍ ബ്രഹ്മത്തെ കാണിച്ചുകൊടുത്തത്. സത്വ രജ തമോ ഗുണങ്ങളില്ലാത്ത മഞ്ഞപ്പട്ടുടുത്ത് ചതുര്‍ഭുജങ്ങളോടുകൂടി ലക്ഷ്മീ സമേതനായ പരമാത്മാവിനെ കണ്ടപ്പോള്‍ ബ്രഹ്മാവ് ജ്ഞാനത്തിനായ് അപേക്ഷിച്ചു. നാല് ശ്ലോകങ്ങളിലൂടെ ഭഗവാന്‍ ബ്രഹ്മാവിന് ഭാഗവതം ചൊല്ലിക്കൊടുത്തു. അതിന്റെ ആശയം ഇതാണ്:
സൃഷ്ടിക്കു മുന്‍പ് ഞാന്‍ തന്നെ. സൃഷ്ടിച്ച ശേഷവും ഞാന്‍ തന്നെയുള്ളൂ. ഈ ലോകം രൂപമായിട്ട് കാണപ്പെടുന്നുവോ അതും ഞാന്‍ തന്നെ. എനിക്ക് ആദിയും അന്തവുമില്ല. എന്നെക്കൂടാതെ അന്യമായി യാതൊന്നുമില്ല. ഞാന്‍ ത്രികാലവ്യാപിയായ പരിപൂര്‍ണ്ണനാണെന്ന് നീ അറിയുക. മായയ്‌ക്ക് അതീതനാണ് ഞാന്‍. സത്യസ്വരൂപമായ ആത്മാവില്‍ ത്രികാലത്തിലുമില്ലാത്ത ഭാവങ്ങള്‍ ഉണ്ടെന്ന് ജനം വിശ്വസിക്കുന്നു. ഇതാണ് മായ. കൃശന്‍, സ്ഥൂലന്‍ എന്നിങ്ങനെയുള്ള ചിന്ത ആത്മാവില്‍ പരമാര്‍ത്ഥമായിട്ടുള്ളതല്ല. അതിനാല്‍ ഇല്ലാത്തതിനെ ഉണ്ടെന്ന് വിചാരിക്കുന്നു. കൃശം, സ്ഥൂലം ഇവ ആത്മധര്‍മ്മമല്ല. ദേഹ ധര്‍മ്മമാണ്. അന്ധര്‍, മൂകര്‍ എന്നിങ്ങനെ ചിന്തിച്ച് ഖേദിക്കേണ്ട. ഇതും ആത്മധര്‍മ്മമല്ല. ഇന്ദ്രിയധര്‍മങ്ങളാണ്. വിശപ്പ്, ദാഹം ഇവ ആത്മധര്‍മ്മങ്ങളല്ല, പ്രാണധര്‍മങ്ങളാണ്. സുഖദുഃഖാദികള്‍ ആത്മധര്‍മ്മങ്ങളല്ല, അന്തഃകരണ ധര്‍മ്മങ്ങളാണ്. ഇവ ആത്മധര്‍മങ്ങളാണെന്ന് ബുദ്ധിയെ മോഹിപ്പിക്കുന്ന ശക്തിയാണ് മായ എന്നറിയുക.
സര്‍വ്വത്ര നിറഞ്ഞിരിക്കുന്നതിനാല്‍ ഞാന്‍ ഒന്നിനും പ്രവേശിക്കുന്നവനല്ല. സ്ഥൂല സൂക്ഷ്മ ഭൗതികങ്ങളില്‍ ജീവരൂപേണ പ്രവേശിച്ചിരിക്കുന്ന തുപോലെ തോന്നുന്നുവെങ്കിലും എല്ലായിടത്തും നിറഞ്ഞിരിക്കുന്ന ഞാന്‍ ഒന്നിലും പ്രവേശിച്ചവനുമല്ല. ഏതൊന്നാണോ അന്വയത്തിലും വ്യതിരേകത്തിലും എല്ലാകാലത്തും ഇരിക്കുന്നത് അതാണ് ആത്മസ്വരൂപം. സമാധിയാല്‍ എന്റെ മതത്തെ നിരന്തരം അനുസന്ധാനം ചെയ്താല്‍ മഹാകല്പത്തിലും ആവാന്തകല്പങ്ങളിലും അഭിമാനം, ബന്ധം ഇവ ഒരുകാലത്തും ഉണ്ടാകുകയില്ല.
സച്ചിദാനന്ദ സ്വരൂപവും അദ്വയവും സര്‍വോപരി വിരഹിതവുമായ ഞാന്‍ സാക്ഷാല്‍ പരബ്രഹ്മമാണെന്നറിയുക. നിര്‍ഗുണവും നിര്‍വികാരവും ശാന്തവും ജന്മനാശാദി രഹിതവുമാണ് പരബ്രഹ്മം. സര്‍വകാരണവും സര്‍വവ്യാപിയും സര്‍വാധരനും സര്‍വേശ്വരനും സര്‍വദേവതാമയനുമായ നിര്‍വികാരാത്മാവാണ് ഞാന്‍. പരമാത്മ സ്വരൂപത്തിന്റെ മായാഗുണങ്ങളെ അനുസരിക്കുന്ന മായാദേവി കര്‍മ്മങ്ങളില്‍ ചെയ്യുന്നതായി പ്രതീതി ഉളവാക്കുന്നു. മായാദേവിയെക്കൊണ്ട് ഞാന്‍ പ്രപഞ്ചത്തെ സൃഷ്ടിച്ച് രക്ഷിച്ച് സംഹരിക്കുന്നു. സത്യം ജ്ഞാനം അനന്തമായ ആനന്ദം എന്നിവയുടെ ഏകരൂപമാണ് ഞാന്‍. സത്വാദി ഗുണങ്ങളെ ആശ്രയിച്ച് എന്തിനിതൊക്കെ ചെയ്യുന്നതെന്ന് ജ്ഞാനികള്‍ക്ക് പോലും അറിയാന്‍ പ്രയാസമാണ്. ആചാര്യനായ ഭഗവാനില്‍ നിന്ന് യഥാര്‍ത്ഥ ജ്ഞാനം (ചതുശ്ലോകീ ഭാഗവതം ത്തിന്റെ അര്‍ത്ഥം) ഗ്രഹിച്ചപ്പോള്‍ ബ്രഹ്മാവിന് പ്രപഞ്ചസൃഷ്ടിയില്‍ ഉണ്ടായ വിരസത അകന്നുപോയി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: