കോട്ടയം: കൊവിഡ് വകഭേദം ഒമിക്രോണ്‍ വേഗത്തില്‍ വ്യാപിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
ഇന്‍ഡോര്‍ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ആവശ്യമായ വായു സഞ്ചാരം ഉറപ്പാക്കുകയും കൃത്യമായ സാമൂഹിക അകലം പാലിക്കുകയും വേണം. മാസ്കിന്റെ ഉപയോഗം കര്‍ശനമായി ഉറപ്പു വരുത്തണം. ബാറുകള്‍, ക്ലബുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍, തിയേറ്ററുകള്‍ എന്നിവിടങ്ങളിലെ സീറ്റിംഗ് കപ്പാസിറ്റി 50 ശതമാനത്തില്‍ കൂടുതലാകാന്‍ പാടില്ല. നാളെ മുതല്‍ ജനുവരി രണ്ടു വരെ രാത്രി 10 മുതല്‍ രാവിലെ അഞ്ചു വരെ രാത്രികാല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. പുതുവത്സര ആഘോഷങ്ങള്‍ രാത്രി 10ന് ശേഷം അനുവദിക്കില്ല. പള്ളികളില്‍ പുതുവത്സരത്തോടനുബന്ധിച്ചുള്ള രാത്രി കുര്‍ബാന നടത്താവുന്നതാണെങ്കിലും മാസ്ക്, സാമൂഹിക അകലം, പങ്കെടുക്കുന്നതിന് അനുവദനീയമായ ആളുകളുടെ എണ്ണം എന്നിവ കര്‍ശനമായി പാലിക്കണം.
കുര്ബാനയോടനുബന്ധിച്ച് ആളുകള്‍ കൂട്ടം ചേരുന്നവിധം മറ്റ് ആഘോഷ പരിപാടികള്‍ നടത്താന്‍ പാടില്ല. ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഷോപ്പിങ് മാളുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ ഇടങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരേയും പോലീസ് ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: