പത്തനംതിട്ട: ജില്ലയിലെ സിപിഎമ്മിനുള്ളില്‍ വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് ജില്ലാസമ്മേളനത്തില്‍ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ഇപ്പോഴും വിഭാഗീയതയുടെ അവശിഷ്ടങ്ങള്‍ ഏതാനും ഏരീയാകമ്മറ്റികളില് അവശേഷിക്കുന്നു എന്നാണ് സൂചന.
തിരുവല്ല, മല്ലപ്പള്ളി, ഇരവിപേരൂര്‍ എന്നീ മൂന്ന് ഏരിയ കമ്മിറ്റികളിലാണ് ആശ്വാസ്യമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.ഇവര്‍ തിരുത്തല്‍ വരുത്തണം എന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. നേതാക്കളില്‍ പലര്‍ക്കും വ്യക്തി താല്പര്യം ഉണ്ട് എന്ന കുറ്റപ്പെടുത്തലും ഉണ്ട്. ഏത് ഹീനമായ മാര്‍ഗം ഉപയോഗിച്ചും ചിലര്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്നതായുള്ള പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട് എന്നാണ് അറിയുന്നത്.
നേരത്തെ സിപിഎം തിരുവല്ല ഏരിയാസമ്മേളനത്തില്‍ ജില്ലാസെക്രട്ടറി കെ.പി. ഉദയഭാനു ചിലനേതാക്കന്മാരുടെ നിലപാടുകള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. പാര്‍ലമെന്ററിവ്യാമോഹത്തിന് ചിലനേതാക്കള്‍ അടിപ്പെട്ട് പോകുന്നുണ്ടെന്നും അക്കൂട്ടര്‍ അടുത്ത ജില്ലാസമ്മേളനത്തില്‍ കാണില്ലെന്നും താക്കീത് നല്‍കിയിരുന്നു.
തിരുവല്ലയില്‍ സിപിഎം പ്രാദേശികനേതാവ് ഉള്പ്പെട്ടപീഡനക്കേസില് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചതിനു പിന്നില്‍ മുതിര്‍ന്ന നേതാവിന് പങ്കുണ്ടെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. പാര്‍ട്ടിയിലെ പടലപ്പിണക്കത്തിന്റെ ഭാഗമായാണ് പീഡനവാര്‍ത്തയും ദൃശ്യവും പുറത്തായതെന്ന ആക്ഷേപവും ശക്തമായിരുന്നു.
ഇരവിപേരൂര്‍ ഏരിയാ കമ്മിറ്റിയിലെ വിഭാഗീയതയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോയിപ്രം, കവിയൂര്‍ പഞ്ചായത്ത് ഭരണം നഷ്ടപ്പെടാന്‍ കാരണം സിപിഎമ്മിലെ വിഭാഗീയ നീക്കങ്ങളാണ്. ഇരവിപേരൂരില്‍ ജയിക്കാമായിരുന്ന ചില വാര്‍ഡുകള്‍ നഷ്ടപ്പെടുത്തി.
നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുന്നേറ്റം കുറിച്ചപ്പോഴും ഇരവിപേരൂരില്‍ പാര്‍ട്ടിക്കു ശക്തമായ പ്രവര്‍ത്തനം ഉണ്ടായിരുന്നില്ല. യുഡിഎഫിന്റെ സംഘടനാ ദൗര്‍ബല്യമാണ് പലപ്പോഴും എല്‍ഡിഎഫിനു ഗുണകരമാകുന്നത്. ഇത് ശാശ്വതമായ വിജയമല്ലെന്നും റിപ്പോര്‍ട്ട് ഓര്‍മിപ്പിക്കുന്നു.
ഇരവിപേരൂര്‍ ഏരിയാക്കമ്മറ്റിയിലും അഭിപ്രായവ്യത്യാസങ്ങള്‍ ശക്തമാകുകയും വിഭാഗീയത രൂക്ഷമായി സെക്രട്ടറിസ്ഥാനത്തേക്ക് മത്സരം ഉറപ്പാവുകയും ചെയ്തിരുന്നു.തുടര്‍ന്ന് സംസ്ഥാനനേതൃത്വത്തിന്റെ ഇടപെടലോടെ സമവായനീക്കത്തിന്റെ ഭാഗമായി ഹൃസ്വകാലത്തേക്ക് പൊതുസമ്മതനായ വ്യക്തിയെ ഏരീയാസെക്രട്ടറിയാക്കി പ്രശനപരിഹാരം കാണുകയായയിരുന്നു.
പത്തനംതിട്ടയിലും അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. സമ്മേളനക്കലത്ത് അംഗങ്ങളെ നടപടിക്ക് വിധേയമാക്കിയിരുന്നു. പാര്‍ട്ടി എസ്ഡിപിഐക്കു വഴങ്ങുന്നു എന്ന പരാതി ഉയരുകയും നഗരസഭാകൗണ്സിലര്തന്നെ എസ്ഡിപിഐബന്ധത്തെ ചോദ്യം ചെയ്യുകയുംചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് നടപടികള്‍ ഉണ്ടായത്.
പത്തനംതിട്ട ഏരിയ കമ്മറ്റിക്കുള്ളിലെ പാര്‍ട്ടി പ്രവര്‍ത്തകരെ സംഘടനാ ബോധം ഉള്ളവരാക്കണം എന്ന് നിഷ്ക്കര്‍ഷിക്കുന്ന റിപ്പോര്‍ട്ടില്‍ നഗരസഭാചെയര്മാനെതിരെയും മന്ത്രിക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്ന് വരുന്നത് അവസാനിപ്പിക്കണം എന്ന നിര്‍ദ്ദേശവും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: