കൊച്ചി : പുതുവത്സര ആഘോഷത്തിനോടനുബന്ധിച്ച് കൊച്ചിയില്‍ പോലീസ് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. അടുത്തിടെയായി ജില്ലയില്‍ നിന്നും ലഹരിമരുന്നുകള്‍ പിടികൂടിയിരുന്നു. പുതുവര്‍ഷാഘോഷങ്ങള്‍ക്കായി ജില്ലയിലേക്ക് ലഹരിമരുന്ന് ഒഴുകാന്‍ സാധ്യയുണ്ടെന്ന വിലയിരുത്തലിലാണ് നടപടി. ഇതിന്റെ ഭാഗമായി എറണാകുളത്തെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും രാത്രി ബുക്ക് ചെയ്ത എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കാന്‍ പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പോലീസും എക്സൈസും നര്‍കോട്ടിക്ക് കണ്ട്രോള് ബ്യൂറോയുമടക്കം എല്ലാ എജന്‍സികളും കിണഞ്ഞ് ശ്രമിച്ചിട്ടും കൊച്ചിയില്‍ 4200 ഗ്രാം എംഡിഎംഎ, 7369 ഗ്രാം ഹാഷിഷ് ഓയില്‍, 700 കിലോ കഞ്ചാവ് എന്നിങ്ങനെ കോടികളുടെ വ്യാപാരം നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് പോലീസ് 772 കേസുകളും എക്സൈസ് 448 കേസുമാണ് രജിസ്റ്റര്‍ ചെയ്തത്.
ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയെങ്കിലും ന്യൂ ഇയര്‍ ലക്ഷ്യമിട്ട് വന്‍തോതില്‍ ലഹരി കൊച്ചിയിലേക്ക് എത്താനാണ് സാധ്യത. അതിനാലാണ് റിസോര്‍ട്ടുകളിലും ഹോട്ടലുകളിലുമുള്ള പാര്‍ട്ടികളും മറ്റും റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം വന്‍കിട ഹോട്ടലുകളില്‍ മാത്രമല്ല ഫ്ളാറ്റുകളിലും, റസിഡന്‍സ് അസോസിയേഷനുകളിലും നിരീക്ഷണം ഏര്‍പ്പെടുത്തും. 10 മണിക്ക് ശേഷം പാര്‍ട്ടികള്‍ നടന്നാല്‍ കര്‍ശന നടപടിയായിരിക്കും കൈക്കൊള്ളുക.
ഒരു വര്‍ഷത്തിനിടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട് പോലീസ് മാത്രം 882 പേരെ പിടികൂടിയിട്ടുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷവും ജില്ലയ്ക്ക് പുറത്ത് ഉള്ളവരാണ്. ഈ സാഹചര്യത്തില്‍ റയില്‍വേ, വിമാനത്താവളം കേന്ദ്രീകരിച്ച് എക്സൈസും പോലീസും പരിശോധന തുടരും. രാത്രി ബൈക്കില്‍ കറങ്ങുന്നതിന് അടക്കം കര്‍ശ്ശന നിയന്ത്രണം ഏര്‍പ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: