ബത്തേരി: പഠിക്കാന്‍ ലാപ്ടോപ് ലഭിച്ചെങ്കിലും കോളനിയില്‍ വൈദ്യുതി ഇല്ലാത്തത് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്നു. ബത്തേരി ചെതലയം കൊമ്പന്മൂല കോളനിയിലെ വിദ്യാര്‍ത്ഥിക്കാണ് സ്കൂളില്‍ നിന്നും വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ലാപ്ടോപ്പ് ലഭിച്ചത്. എന്നാൽ കോളനിയില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ കൃത്യമായി ഉപയോഗപ്പെടുത്താന്‍ കുട്ടികള്‍ക്കാവുന്നില്ല.
ചെതലയം കൊമ്പന്‍മൂലയിലെ കാട്ടുനായ്ക്ക കോളനിയിലെ ചേനാട് സ്കൂളില്‍ ഏഴാംക്ലാസില്‍ പഠിക്കുന്ന വിനോദിനാണ് വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ലാപ്ടോപ് ലഭിച്ചത്. കോളനിയിലെ മൂന്ന് കുട്ടികള്‍ക്കായാണ് ലാപ്ടോപ് നല്‍കിയത്. എന്നാല്‍ കോളനിയില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നില്ല. ഇതുകാരണം ലാപ്ടോപ്പ് എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന ആശങ്കിയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.
അഞ്ച് വര്‍ഷം മുമ്പാണ് വനാന്തരഗ്രാമമായ കൊമ്മഞ്ചേരിയില്‍ നിന്നും ആറ് കുടുംബങ്ങളെ ചെതലയത്തെ വനാതിര്‍ത്തിയായ കൊമ്പന്മൂലയിലേക്ക് താല്‍ക്കാലികമായി മാറ്റിപാര്‍പ്പിച്ചത്. ഇവര്‍ക്ക് ഭൂമി കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങളും ഉപജീവന മാര്ഗങ്ങളുമൊരുക്കി ഒരു വര്‍ഷത്തിനകം മാറ്റിപാര്‍പ്പിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആരും ഇവരെ തിരിഞ്ഞുനോക്കുന്നില്ല. താല്‍ക്കാലിക കൂരകളിലാണ് ഇവര്‍ ജീവിതം തള്ളിനീക്കുന്നത്. വനാതിര്‍ത്തിയിലെ കോളനിയിലേക്ക് എത്തിപെടാന്‍ വഴിസൗകര്യവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: