ഡോ. വി.സി. ബാലന്
കുഞ്ഞിക്കണ്ണന് ചേട്ടന് എന്റെ വീട്ടിലെ സ്ഥിരം വിരുന്നുകാരനാണ്. അദ്ദേഹം ഷര്‍ട്ടോ ചെരിപ്പോ ധരിക്കാറില്ല. നാട്ടിന്‍പുറത്താണ് താമസം. ഒരു കൈലി മുണ്ടാണ് എപ്പോഴും ഉടുക്കാറും. തലയിലും ദേഹത്തുമുള്ള രോമങ്ങളില്‍ നര കയറിയിട്ടുണ്ട്. കണ്ണുകള്‍ രണ്ടും ഓരോ കുഴിയിലാണ് സ്ഥിതിചെയ്യുന്നതും. കവിള് ഒട്ടിയിട്ടുണ്ട്. നിറം കാക്കക്കറുപ്പും. പല്ലുകള്‍ രണ്ടെണ്ണം മാത്രമേയുള്ളൂ; അവ കാണിച്ചുകൊണ്ടു അണ്ണാറക്കണ്ണനെപ്പോലെ ചിരിക്കും. ബാക്കി പല്ലുകളെല്ലാം കൊഴിഞ്ഞുപോയി. അദ്ദേഹം ബീഡി വലിക്കും. വെറ്റില മുറുക്കും. പുകയിലക്കറ നിമിത്തം ആ രണ്ട് പല്ലുകളും കറുത്തിട്ടാണ്. മേല്‍ത്താടിയില്‍ ഒരു പല്ല്. കീഴ്ത്താടിയില്‍ ഒരു പല്ലും. ഉളിപ്പല്ലുകളാണ്. ആ പല്ലുകള്‍കൊണ്ട് കടിച്ചുപിടിച്ചു ബീഡി വലിക്കുന്നതു കാണാന്‍ ഏറെ രസകരമാണ്.
ഒരുനാള്‍ കുഞ്ഞിക്കണ്ണന് ചേട്ടന് പല്ലു വേദനയാണ്. ബാക്കിയുള്ള പല്ലുകളും പറിക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തൊട്ടടുത്തുള്ള അങ്ങാടിയില്‍ ദന്ത ഡോക്ടറില്ല. അതിനാല്‍ ഒരു ദിവസം ബസ്സു കയറി കുഞ്ഞിക്കണ്ണന് ചേട്ടന് നഗരത്തിലേക്ക് പുറപ്പെട്ടു.വളവുകളും തിരിവുകളുമുള്ള ടാറിട്ട റോഡും. ഇതിനു മുന്‍പ് ഒരിക്കല്‍ മാത്രമേ ചേട്ടന് നഗരത്തില്‍ പോയിട്ടുള്ളൂ. വഴിയരുകിലെ കാഴ്ചകള്‍ കണ്ട് നില്‍പ്പാണ് ചേട്ടന്. സീറ്റ് കിട്ടിയില്ല.ഓവര്‍ സ്പീഡില്‍ പോകുന്ന ബസ്സിന്റെ മുന്പില് ഒരു നായ ചാടി. ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടു. നില്‍ക്കുകയായിരുന്ന പലരും നിലത്തുവീണു. കുടവയറന്‍ മത്തന്‍ ചേട്ടനും വീണു. മത്തന്‍ ചേട്ടന്റെ വയറ്റില്‍ ചവിട്ടിക്കൊണ്ടും ഏതാനും പേര് മുന്നോട്ടാഞ്ഞു.
കുഞ്ഞിക്കണ്ണന് ചേട്ടന്റെ രണ്ടു പല്ലും കൊഴിഞ്ഞു. ചേട്ടന് ഉള്ളാലെ സന്തോഷിച്ചു. എല്ലാവരേയും ആശുപത്രിയില്‍ കൊണ്ടുപോയി. നഷ്ടപരിഹാരമായി പരിക്കേറ്റ എല്ലാവര്ക്കും പണം കിട്ടി. പല്ലു നഷ്ടപ്പെട്ട കുഞ്ഞിക്കണ്ണന് ചേട്ടന് 2000 രൂപ കിട്ടി. ഒരാഴ്ച കഴിഞ്ഞിട്ടാണ് പണം കിട്ടിയത്. ആ തുക കൊണ്ട് കുഞ്ഞിക്കണ്ണന് ചേട്ടന് ഒരു മിക്സി വാങ്ങി. മുന്‍പ് ചേട്ടന്റെ വീട്ടില്‍ മിക്സിയുണ്ടായിരുന്നില്ല.
മിക്സിയില്‍ ആദ്യമായി ചേട്ടന് വെറ്റിലയും അടയ്ക്കയും ചുണ്ണാമ്പും പുകയിലയുമിട്ട് അടിച്ചു ദ്രവരൂപത്തിലാക്കി. ആ ദ്രാവകം വായിലാക്കി കുപ്ലിച്ചു തുപ്പുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: