സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റു പരമ്പര ലക്ഷ്യമിട്ട് വിരാട് കോഹ്ലിയുടെ ഇന്ത്യന്‍ സൈന്യം ഇറങ്ങുന്നു. മൂന്ന് മത്സരങ്ങളുള്ള ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ സെഞ്ചുറിയില്‍ ആരംഭിക്കും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് ഒന്നരയ്ക്ക് കളി തുടങ്ങും. സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം. കൊവിഡ് വകഭേദമായ ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനമുണ്ടാകില്ല.
ഇതുവരെ നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനങ്ങളൊക്കെ ഇന്ത്യക്ക് ദുഷ്കരമായിരുന്നു. ഒരിക്കല്‍പോലും പരമ്പര നേടാനായിട്ടില്ല. കാരണം അവിടത്തെ വേഗമാര്‍ന്ന പിച്ചും പേസ് ബൗളര്‍മാരുമാണ്. ഇതിഹാസമായ സച്ചിനുപോലും ഡൊണാള്‍ഡ് അടക്കമുള്ള പേസ് നിരയെ തച്ചുടച്ച് ഇന്ത്യക്ക് പരമ്പര സമ്മാനിക്കാനായില്ല.
എന്നാല്‍ ഇത്തവണ, കോഹ്ലിയുടെ ടീമിന് പരമ്പര നേടാനാകുമെന്നാണ് ക്രിക്കറ്റ് പണ്ഡിതര്‍ വിലയിരുത്തുന്നത്. കാരണം, പ്രമുഖരായ ഹാഷീം അംല, എബി ഡിവില്ലിയേഴ്സ്, ഫാ ഡുപ്ലെസിസ്, വെര്‍നോണ്‍ ഫിലാന്‍ഡര്‍. മോണ്‍ മോര്‍ക്കല്‍ എന്നിവര്‍ ദക്ഷിണാഫ്രിക്കന്‍ ടീമിലില്ല. ശക്തമായ ഇന്ത്യന്‍ ബാറ്റിങ്നിര കരുത്തുകാട്ടുകയാണെങ്കില് വിജയം ഇന്ത്യക്കൊപ്പം പോരുമെന്നാണ് വിശ്വാസം.
ഇന്ത്യ അഞ്ചു ബൗളര്‍മാരെ കളിപ്പിക്കുമെന്ന് വൈസ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ പറഞ്ഞു. അഞ്ചാം ബാറ്റിങ് പൊസിഷനിലേക്ക് രഹാനെയും ശ്രേയസ് അയ്യരും തമ്മിലാണ് മത്സരമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഡീന്‍ എല്‍ഗാറാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. പേസ് നിരയാണ് അവരുടെ കരുത്ത്. കഗിസോ റബഡ, ലുങ്കി എന്‍ഗിഡി, ഡുവാനെ ഒലീവിയര്‍ എന്നിവരാണ് പേസ് നിരയെ നയിക്കുന്നത്. മറ്റൊരു പേസറായ ആന്റിച്ച് നോട്ജെ പരിക്കുമൂലം മത്സരത്തില്‍ നിന്ന് പിന്മാറി. നോര്‍ട്ജെയുടെ അഭാവം ദക്ഷിണാഫ്രിക്കയെ ബാധിച്ചേക്കും.
1992 മുതല്‍ 2018 വരെ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ഇരുപത് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചു. ഇതില്‍ മൂന്നെണ്ണത്തില്‍ മാത്രമേ ഇന്ത്യക്ക് ജയം നേടാനായുള്ളൂ. പത്ത് ടെസ്റ്റുകളില്‍ ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കി. ഏഴു ടെസ്റ്റുകള്‍ സമനിലയായി.
1992 മുതല്‍ 2019 വരെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ മൊത്തം 39 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചു. ഇതില്‍ പതിനഞ്ചിലും ദക്ഷിണാഫ്രിക്ക വിജയക്കൊടി നാട്ടി. ഇന്ത്യക്ക്് ജയിക്കാനായത് പതിനാല് ടെസ്റ്റുകളില്‍ മാത്രം. പത്ത് ടെസ്റ്റുകള്‍ സമനിലയായി.
പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്് ജനുവരി മൂന്ന് മുതല്‍ ഏഴുവരെ ജോഹന്നസ്ബര്‍ഗില്‍ നടക്കും. മൂന്നാം ടെസ്റ്റ് കേപ്ടൗണിലാണ്. ജനുവരി പതിനൊന്ന് മുതല്‍ പതിനഞ്ചുവരെയാണ് ഈ മത്സരം. ടെസ്റ്റ് പരമ്പരയ്്ക്ക് ശേഷം ഇന്ത്യ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര കളിക്കും. ജനുവരി പത്തൊമ്പിതിന് ഏകദിന പരമ്പര ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: