തിരുവനന്തപുരം: രാഷ്ട്രപതി രാം നാഥ് കോവിന്ദ് പങ്കെടുത്ത തിരുവനന്തപുരത്തെ പരിപാടിയില്‍ സംഘാടന പിഴവ്. പൂജപ്പുരയില്‍ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് പി.എന്‍. പണിക്കര്‍ പ്രതിമാ അനാച്ഛാദന വേദിയിലാണ് വീഴ്ച്ച സംഭവിച്ചത്. വേദിയോട് ചേര്‍ന്ന മുറിയില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ വീഴ്ച്ച വരുത്തി. വിശ്രമമുറിയിലെ ശുചിമുറിയില്‍ വെള്ളം ഉണ്ടായിരുന്നില്ല. രാഷ്ട്രപതിയ്ക്ക് ശുചിമുറി ഉപയോഗിക്കാന്‍ പുറത്ത് നിന്ന് ബക്കറ്റില്‍ വെള്ളം കൊണ്ടുവരേണ്ട അവസ്ഥയുണ്ടായി. മിനിറ്റുകളോളം രാഷ്ട്രപതി ശുചിമുറിക്ക് പുറത്തു കാത്തുനിന്നു. വിമാനത്താവളത്തില്‍ നിന്ന് നേരിട്ടാണ് രാഷ്ട്രപതി പൂജപ്പുരയില്‍ എത്തിയത്. വലിയ വീഴ്ച്ചയാണ് സംഘാടകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
രാഷ്ട്രപതിയുടെ യാത്രയ്ക്കിടയിലും വലിയ സുരക്ഷ വീഴ്ച ഉണ്ടായിരുന്നു. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയര്‍ ആര്യ രാജേന്ദ്രന്റെ വാഹനം സമാന്തരമായി എത്തി നുഴഞ്ഞുകയറ്റാന്‍ ശ്രമിച്ചതാണ് വലിയ വീഴ്ചയായത്. അപകടം ഒഴിവായത് തലനാരിഴയ്ക്കാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവം ഇങ്ങനെ വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയില്‍ പി.എന്‍. പണിക്കരുടെ പ്രതിമ അനാച്ഛാദനത്തിനായാണ് രാഷ്ട്രപതി നീങ്ങിയത്. രാഷ്ട്രപതിക്കൊപ്പം 14 വാഹനങ്ങളാണ് അകമ്പടി സ്വീകരിച്ചിരുന്നത്. ഇതില്‍ മേയറുടെ വാഹനം ഉണ്ടായിരുന്നില്ല. എന്നാല്‍, തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിനു മുന്നില്‍ കാത്തു കിടന്ന മേയര്‍ രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനു സമാന്തരമായ സഞ്ചരിച്ചു. കനത്ത സുരക്ഷയില്‍ നീങ്ങിയ വാഹന വ്യൂഹത്തിലേക്ക് കയറാന്‍ സാധിക്കാതെ ജനറല്‍ ആശുപത്രിവരെ മേയറുടെ വാഹനം സമാന്തരമായ നീങ്ങി. ജനറല്‍ ആശുപത്രിക്ക് സമീപം വച്ച് എട്ടാമത്തെ വാഹനത്തിനു തൊട്ടുമുന്നിലായ വെട്ടിച്ചു കയറുകയായിരുന്നു മേയറുടെ വാഹനം.
ഇതോടെ, പൈലറ്റ് വാഹനങ്ങളെല്ലാം പെട്ടന്ന് ബ്രേക്കിട്ടു. തലനാരിഴയ്ക്കു അപകടം ഒഴിവാകുകായിരുന്നു. ആംബലുലന്‍സും ഫയര്‍ എഞ്ചിനും അടക്കം വാഹനങ്ങളാണ് വളരെ പെട്ടന്ന് ബ്രേക്കിട്ടത്. വലിയ സുരക്ഷ വീഴ്ച ആണിതെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിലയിരുത്തിയിട്ടുണ്ട്. എത്ര വലിയ വിഐപി ആയാലും രാഷ്ട്രപതിയുടെ വാഹനവ്യൂഹം പുറപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് നിര്‍ത്തുകയോ ഇടയില്‍ വച്ചു മറ്റു വാഹനങ്ങള്‍ കയറ്റുകയോ ഇല്ല. സംഭവത്തില്‍ പോലീസും കേന്ദ്ര ഇന്റലിജന്‍സും അന്വേഷണം തുടങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക: