അടൂര്‍:നെല്ലിമുകള്‍-തെങ്ങമം റോഡ് തകര്‍ന്ന് സഞ്ചാര യോഗ്യമല്ലാതായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താന്‍ നടപടിയില്ല. ജില്ലയുടെ അതിര്‍ത്തി പ്രദേശമായ തെങ്ങമത്തേയും സംസ്ഥാന പാതയായ അടൂര്‍ – ശാസ്താംകോട്ട – ചവറ റോഡിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡാണ് തകര്‍ന്ന് കിടക്കുന്നത്.
നെല്ലിമുകള്‍ മുതല്‍ തെങ്ങമം കുരുവിക്കാട് ജംഗ്ഷന് വരെ പല ഭാഗത്തും വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്.നെല്ലിമുകളിന് പടിഞ്ഞാറ് ഏലായില്‍ ഭാഗത്ത് റോഡിന് കുറുകെയുള്ള പാലത്തിന്റെ നിര്‍മ്മാണത്തിനായി പൊളിച്ച ഭാഗവും സഞ്ചാരയോഗ്യമാക്കിയില്ല. ഇതെല്ലാം ഈവഴിയുള്ള യാത്ര ദുരിതത്തിലാക്കിയിരിക്കുന്നു.
പാലത്തിന്റെ നിര്‍മ്മാണത്തിനായി റോഡിന്റെ ഇരുഭാഗവും ഇളക്കിയെങ്കിലും പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ശേഷം ഇവിടം റോഡുയര്‍ത്തി ടാറിംഗ് നടത്താത്തതുമൂലം ഇരുചക്ര വാഹന യാത്രക്കാര്‍ പോലും ഏറെ ബുദ്ധിമുട്ടുന്നു.
റോഡിന്റെ ഇരുവശവും കാടുകയറിയതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡിലേക്കിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. റോഡരുക് കാടുകയറി കിടക്കുന്നതിനാല്‍ ഇഴജന്തുക്കളുടെശല്യവും ഉണ്ട്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാട്വെട്ടിതെളിക്കാന് അധികൃതര്‍ നടപടിസ്വീകരിക്കാത്തത് നാട്ടുകാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കുന്നു. തെങ്ങമത്തേക്കുള്ള കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ ഇതുവഴി സര്‍വ്വീസ് നടത്തുന്നുണ്ട്. കൂടാതെ നിരവധി സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും കടന്നുപോകുന്ന പാതയാണിത്.ആനയടി, കൂടല്‍, പഴകുളം റോഡ് സഞ്ചാരയോഗ്യമല്ലാതായതോടെ തെങ്ങമം , ആനയടി, തോട്ടുവ പ്രദേങ്ങളിലുള്ളവര്ക്ക് അടൂരില്‍ എത്താനുള്ള പ്രധാന മാര്‍ഗ്ഗമാണ് ഈ റോഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: