മുണ്ടക്കയം: കൊമ്പുകുത്തി വനമിറങ്ങുന്ന കാട്ടാന കൂട്ടങ്ങള്‍ ഇഡി.കെ, ചെന്നാപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ തോട്ടം തൊഴിലാളികള്‍ക്ക് ഭീഷണിയാകുന്നു. ഒരാഴ്ചയിലധികമായി കാട്ടാന കൂട്ടങ്ങള്‍ തൊഴിലാളി ലയങ്ങള്‍ക്ക് മുന്നിലെ നിത്യ സന്ദര്‍ശകരായി മാറിയിരിക്കുകയാണ്. പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയുമാണ് വനപാലകരും തോട്ടം തൊഴിലാളികളും ചേര്‍ന്ന് കാട്ടാന കൂട്ടത്തെ പിന്തിരിപ്പിക്കുന്നത്. വാഴകളടക്കമുള്ള കൃഷികള്‍ നശിപ്പിച്ചാണ് കാടിറങ്ങിയ ആനകള്‍ തിരികെ മടങ്ങുന്നത്.
പൊട്ടിപ്പൊളിഞ്ഞ് ദുര്‍ബലമായ ലയങ്ങളില്‍ കഴിയുന്ന നൂറ് കണക്കിന് തൊഴിലാളി കുടുംബങ്ങളുടെ ജീവന് ഭീഷണിയായി മാറിയിരിക്കുകയാണ് കാട്ടാന ശല്യം. സ്വതന്ത്രമായി യാത്ര ചെയ്യാനാകാതെ ബുദ്ധിമുട്ടുകയാണ് പ്രദേശങ്ങളിലെ തൊഴിലാളികള്‍. ഉള്‍വനത്തില്‍ നിന്നുമെത്തുന്ന ആനകള്‍ എതുനിമിഷവും ജീവന് ഭീഷണിയാകുമെന്ന ഭയത്തിലാണ് പ്രദേശവാസികള്‍.
കൊമ്പുകുത്തി വനാതിര്‍ത്തിയില്‍ അധികൃതര്‍ സോളാര്‍ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ കാര്യക്ഷമത ഫലം കാണാത്തതും മരം വീണ് തകരുന്നതും മൂലം ആനകള്‍ക്ക് സോളാര്‍ വേലി യഥേഷ്ടം മറികടക്കാനാകും.
നൂറുകണക്കിന് തൊഴിലാളികളുടെ ജിവനും സ്വത്തിനും ഭീഷണിയായി മാറുന്ന ആനശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യമാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: