മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറ് വരെ മലപ്പുറത്ത് നടക്കും. മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഒരു ഗ്രൂപ്പ് മത്സരങ്ങളാണ് നടക്കുക. സെമി, ഫൈനല്‍ മത്സരങ്ങള്‍ പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കും. എഐഎഫ്എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ്, ഡപ്യൂട്ടി സെക്രട്ടറി അഭിഷേക് യാഥവ്, സി.കെ.പി. ഷാനവാസ് തുടങ്ങിയവര്‍ കോട്ടപ്പടി സ്റ്റേഡിയം സന്ദര്‍ശിച്ച് ഗുണനിലവാരം ഉറപ്പുവരുത്തി.
10 ടീമുകള്‍ മാറ്റുരയ്ക്കുന്ന ഫൈനല്‍ റൗണ്ടില്‍ 23 മത്സരങ്ങള്‍ ഉണ്ടാവും. ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. ഓരോ ഗ്രൂപ്പിലും അഞ്ചു ടീമുകള്‍ വീതമുണ്ടാകും. ഗ്രൂപ്പിലെ ടീമുകള്‍ പരസ്പരം ഏറ്റുമട്ടും. കൂടുതല്‍ പോയിന്റു നേടുന്ന രണ്ട് ടീമുകള്‍ വീതം ഓരോ ഗ്രൂപ്പില്‍ നിന്നും സെമിയില്‍ കടക്കും.
പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും മത്സരങ്ങള്‍ സംഘടിപ്പിക്കുക. രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്ക് മാത്രമായിരിക്കും സ്റ്റേഡിയങ്ങളിലേക്ക് പ്രവേശനം. കളിക്കാരുടെ താമസം, പരിശീലനം, യാത്ര എന്നിവ ബയോബബിള്‍ സംവിധാനത്തിലായിരിക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളിലായി കളിക്കാര്‍ക്കും ഒഫീഷ്യല്‍സിനും താമസസൗകര്യം ഒരുക്കും. ടീമുകള്‍ക്ക് പരിശീലനത്തിന് ജില്ലയിലെ വിവിധ സ്റ്റേഡിയങ്ങള്‍ ഒരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: