കോട്ടയം: ഒരിക്കലും നടക്കാത്ത കാര്യം പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ് പിണറായി വിജയനെന്ന് മുൻ എംഎൽഎ പി.സി.ജോർജ്. സ്വദേശി ജാഗരൺ മഞ്ചിന്റെ നേതൃത്വത്തിൽ കെ റെയിൽ വിരുദ്ധ ജനകീയ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതിയിലൂടെ 2025-ൽ ട്രെയിൻ ഓടുമെന്നാണ് പിണറായി പറയുന്നത്. ഇത് നടക്കാൻ പോകുന്ന കാര്യമേയല്ല. കോട്ടയം ജില്ലയിൽ മാത്രം രണ്ടായിരത്തിലധികം കുടുംബങ്ങളാണ് വഴിയാധാരമാകുവാൻ പോകുന്നത്. പദ്ധതിക്ക് രണ്ടു ലക്ഷത്തിലികം കോടി രൂപ ചിലവാകും, ഇപ്പോൾ കേരളത്തിന്റെ കടം 33,500 കോടിയാണ്. കടക്കാരനെ വീണ്ടും കടക്കാരനാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
പിണറായി ജപ്പാനിൽ പോയപ്പോൾ കണ്ടം ചെയ്ത ബോഗികൾ കണ്ടെന്നും ഇത് കേരളത്തിനു തരുമോ എന്നും പിണറായി ചോദിച്ചു. അവിടെ കൊണ്ടു തരാമെന്ന് ജപ്പാൻകാർ പറഞ്ഞത്രെ. മാത്രമല്ല 20000 കോടി രൂപ കൂടി തരാമെന്നും പറഞ്ഞുവെന്ന് പരിഹാസരൂപേണ ജോർജ്ജ് പറഞ്ഞു.
കെ റെയിൽ പദ്ധതിക്കെതിരെ സമരവുമായി രംഗത്തു വന്ന സ്വദേശി ജാഗരൺ മഞ്ചിനെ പി.സി അഭിനന്ദിച്ചു. കേരളത്തെ കൊള്ളയടിക്കാനുള്ള ഈ നടപടിയെ ശക്തമായ പ്രക്ഷോഭത്തിലൂടെ നേരിടണമെന്നും പിണറായിയെക്കൊണ്ട് സത്യം പറയിപ്പിക്കണമെന്നും എല്ലാ പിന്തുണയും ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ പദ്ധതി വിരുദ്ധ സമരസമിതി ചെയർമാൻ എം.ഡി. തോമസ് അധ്യക്ഷനായി. ഭാരതീയ അഭിഭാഷക പരിഷത്ത് ജനറൽ സെക്രട്ടറി അഡ്വ. ബി. അശോക്, സ്വദേശി ജാഗരൺ മഞ്ച് സെക്രട്ടറി കെ. ഭാഗ്യനാഥ്, അഡ്വ. അനിൽ ഐക്കര തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: