ഡെറാഡൂൺ: സമുദ്രനിരപ്പിൽ നിന്ന് 11,500 അടി ഉയരത്തിൽ 11.5 കിലോമീറ്റര്‍ ദൂരത്തില്‍ റോപ്പ് വേ നിർമിക്കാൻ ഒരുങ്ങി ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ . മോട്ടോര്‍വാഹനങ്ങളില്‍ യാത്ര ചെയ്യാവുന്ന റോപ് വേയാണ് നിര്‍മ്മിക്കുന്നത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ റോപ് വേ ആയിരിക്കുമിത്. രുദ്രപ്രയാഗ് ജില്ലയിലെ കേദാർനാഥ് ക്ഷേത്രത്തില്‍ അവസാനിക്കുന്ന റോപ് വേ സോൻപ്രയാഗില്‍ നിന്നാണ് ആരംഭിക്കുക.
നിലവിൽ, തീർഥാടകർക്ക് ഗൗരികുണ്ഡിൽ നിന്ന് 16 കിലോമീറ്റർ ദൂരം താണ്ടിയാല്‍ മാത്രമേ കേദാര്‍നാഥിലെത്താന്‍ കഴിയൂ. ഇതിനായി ഒരു ദിവസത്തോളം മുഴുവൻ കാല്‍നടയായി യാത്ര ചെയ്യണം. അതേസമയം റോപ്പ്വേ വന്നാൽ സോൻപ്രയാഗിൽ നിന്ന് കേദാർനാഥിലേക്ക് 60 മിനിറ്റിനുള്ളിൽ യാത്ര ചെയ്യാം.
നവംബർ അഞ്ചിന് കേദാർനാഥ് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാർനാഥിലേക്കും ഹേമകുണ്ഡ് സാഹിബിലേക്കുമുള്ള റോപ്പ് വേകളുടെ പണി ഉടൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കേദാർനാഥ് റോപ്പ്വേയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും പ്രവൃത്തി ആരംഭിക്കുന്നതിനുള്ള ടെൻഡർ ഉടൻ നൽകുമെന്നും ഉത്തരാഖണ്ഡ് ടൂറിസം സെക്രട്ടറി ദിലീപ് ജവാൽക്കറും പറഞ്ഞു.
ഗൗരികുണ്ഡിൽ നിന്ന് കേദാർനാഥ് ക്ഷേത്രത്തിലേക്ക് റോപ്പ് വേ നിർമ്മിക്കാനാണ് നേരത്തെ പദ്ധതിയിട്ടിരുന്നത് . എന്നാൽ പിന്നീട് സോൻപ്രയാഗില്‍ നിന്നും കേദാര്‍നാഥിലേക്ക് റോപ് വേ നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് കേദാർനാഥ് റോപ്വേ പദ്ധതിയുടെ കൺസൾട്ടന്റ് എസ് കെ ജെയിൻ പറഞ്ഞു . സോന്‍പ്രയാഗില്‍ നിന്നും ഗൗരികുണ്ഡിലേക്ക് മോട്ടോര്‍ വാഹനങ്ങളില്‍ യാത്ര ചെയ്യാവുന്ന റോപ് വേയുടെ ദൂരം എട്ട് കിലോമീറ്ററാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: