തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത് ഭരണത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും സിപിഎം വലിയ അഴിമതികളാണ് നടത്തി കൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.രഘുനാഥ്. തിരുവനന്തപുരം കോർപ്പറേഷൻ ഭരണ സമിതിയുടെ അഴിമതിക്കെതിരെ ഒന്നാം വാർഷികത്തിൽ ബിജെപി കൗൺസിലർമാരും പാർട്ടി പ്രവർത്തകരും നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്മീഷൻ പാർട്ടി ഒഫ് ഇന്ത്യ [Money] എന്നായി സിപിഎം അധപതിച്ചു. അഴിമതിയുടെ കൂത്തരങ്ങായി തിരുവനന്തപുരം കോർപ്പറേഷൻ മാറിയിരിക്കുന്നുവെന്ന് രഘുനാഥ് ആരോപിച്ചു. കഴിഞ്ഞ 12 മാസത്തിൽ 12 അഴിമതികളാണ് പുറത്തുവന്നത്. കേന്ദ്രം നൽകിയ1000 കോടി സ്മാർട്ട് സിറ്റി ഫണ്ട് സിപിഎം പാർട്ടിയും നേതാക്കളും കൊള്ളയടിച്ചെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കാലങ്ങളിലെ പദ്ധതികളുടെ അഴിമതി അന്വേഷിക്കുവാൻ സ്വതന്ത്ര അന്വേഷണത്തിന് പിണറായി സർക്കാർ തയ്യാറാകാത്തത് അഴിമതിക്കാർക്ക് ഒത്താശ ചെയ്യുന്നതു കൊണ്ടാണെന്നും രഘുനാഥ് പറഞ്ഞു. വീട്ടുകരം, കോർപ്പറേഷനിലേക്ക് വാഹനം, ഉപകരണങൾ വാങ്ങിയതിൽ, പൊങ്കാല, അക്ഷര ശ്രീ സർവ്വേ, എസ് സി ഫണ്ട് വിനിയോഗം ‘ഗുണഭോക്താക്കളുടെ ഫണ്ട് വ്യാജ അക്കൗണ്ടിലേക്ക് മാറ്റിയ വിഷയം തുടങ്ങിയ നിരവധി അഴിമതികൾ സ്വതന്ത്രമായി അന്വേഷിക്കുവാൻ നടപടി വേണമെന്നും രഘുനാഥ് ആവശ്യപ്പെട്ടു.
ബിജെപി ജില്ല പ്രസിഡണ്ട് വി വി രാജേഷ്, കൗൺസിൽ പാർട്ടി ലീഡർ എം.ആർ.ഗോപൻ, പി.അശോക് കുമാർ, സിമി ജ്യോതിഷ് ,ചെമ്പഴന്തി ഉദയൻ തുടങ്ങിയ നിരവധി സംസ്ഥാന ജില്ല നേതാക്കൾ നേതൃത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: