വിളകളുടെ വളര്‍ച്ചയെയും ഉല്‍പ്പാദനത്തെയും, വിളവിനെയും ഒരു പോലെ സ്വാധീനിക്കാന്‍ മഴ, താപനില, കാറ്റ്, ആര്‍ദ്രത തുടങ്ങിയ കാലാവസ്ഥാ ഘടകങ്ങള്‍ക്ക് കഴിയും. അതുകൊണ്ടു തന്നെ കാലാവസ്ഥയെ അറിഞ്ഞ് അവയ്ക്കനുയോജ്യമായ വിളകള്‍ തിരഞ്ഞെടുക്കേണ്ടതിന്റെയും കൃഷിരീതികള്‍ അവലംബിക്കേണ്ടതിന്റെയും ആവശ്യകത വളരെ അനിവാര്യമാണ്.
കേരളത്തില്‍ തുലാവര്‍ഷാവസാനത്തോടുകൂടി മഞ്ഞുകാലം അഥവാ ശൈത്യകാലത്തിന്റെ ആരംഭമാണ്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ ഇത് നീണ്ടു നില്ക്കും. ശൈത്യകാലത്ത് പൊതുവെ പകല്‍ ദൈര്‍ഖ്യം കുറയുകയും, രാത്രി ദൈര്‍ഖ്യം കൂടുകയും ചെയ്യുന്നതായി കാണാം. അതുപോലെ തന്നെ മണ്ണില്‍ ഈര്‍പ്പശോഷണം സംഭവിക്കുന്നതും, തണുപ്പ് കൂടുന്നതും താപനിലയില്‍ കുറവ് അനുഭവപ്പെടുന്നതുമെല്ലാം ശൈത്യകാലത്തിന്റെ പ്രത്യേകതകളാണ്. ശീതകാല പച്ചക്കറി കൃഷിക്ക് അനുയോജ്യമായ കാലമാണിത്.
ശീതകാല കൃഷി
വിളകളുടെ വളര്‍ച്ച, ഉല്‍പ്പാദനം, ഉല്‍പ്പാദനക്ഷമത എന്നിവ അന്തരീക്ഷ സ്ഥിതികളെ ആശ്രയിച്ചാണിരിക്കുന്നത്. വരുന്ന നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശീതകാലത്ത് കാബേജ്, കോളിഫഌര്‍, കാരറ്റ്, ബീറ്റ്റൂട്ട്, സവാള തുടങ്ങിയവയെല്ലാം തന്നെ കേരളത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കും. നല്ല തണുപ്പും സൂര്യപ്രകാശവും ഇവയുടെ കൃഷിക്ക് ആവശ്യമാണ്. സാധാരണ മലയോര പ്രദേശങ്ങളില്‍ മാത്രം കൃഷി ചെയ്തിരുന്ന ഈ വിളകള്‍ ഇന്ന് കേരളത്തിന്റെ സമതല പ്രദേശങ്ങളിലും കൃഷി ചെയ്യാനാവുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശീതകാല വിളകളുടെ കൃഷിയ്ക്ക് നിരവധി വിത്തിനങ്ങള്‍ ലഭ്യമാണെങ്കിലും കേരളത്തിന്റെ ഉയര്‍ന്ന താപനിലയില്‍ ഇവയൊന്നും കൃത്യമായി വിളവ് നല്കണമെന്നില്ല. അതുകൊണ്ട് തന്നെ ചൂടിനെ അതിജീവിക്കാന്‍ കഴിയുന്ന ട്രോപ്പിക്കല്‍ ഇനങ്ങള്‍ വേണം സമതലങ്ങളില്‍ ഇവയുടെ കൃഷിക്കായി തിരഞ്ഞെടുക്കാന്‍.
കാബേജ്, കോളിഫഌര്‍ കൃഷി
ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫഌര്‍ എന്നിവ കേരളത്തില്‍ കൃഷി ചെയ്യുന്നതിന് അനുയോജ്യമായ സമയം ഒക്റ്റോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള തണുപ്പ് കാലമാണ്. ഈ സമയത്ത് ലഭ്യമാകുന്ന തണുപ്പ് ഇവയുടെ വളര്‍ച്ചയ്ക്കും വിളവിനും സഹായകമാകും. കോളിഫഌറിന്റെയും കാബേജിന്റെയും വളര്‍ച്ചക്കും അവയുടെ ഭക്ഷ്യയോഗ്യ ഭാഗങ്ങളായ കര്‍ഡും ഹെഡും രൂപപ്പെടുന്നതിനും 15 മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയാണ് ഏറ്റവും അനുയോജ്യം. വളരെ കുറഞ്ഞ താപനിലയും ഉയര്‍ന്ന താപനിലയും ഇവയുടെ വളര്‍ച്ചയെയും ഭക്ഷ്യ യോഗ്യമായ ഭാഗം രൂപപെടുന്നതിനെയും പ്രതികൂലമായി ബാധിക്കും.
വിത്തു പാകാം ഒക്റ്റോബറില്‍
കാബേജില്‍ എന്‍എസ്43, എന്‍എസ്183, എന്‍എസ്160 എന്നീ ഇനങ്ങളും കോളിഫഌറില് എന്‍എസ്60, ബസന്ത്, പുസ മേഘ്ന എന്നീ ഇനങ്ങളും ആണ് കേരളത്തിന്റെ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യം. നഴ്സറി തയ്യാറാക്കുന്നതിനായി ഒക്റ്റോബര്‍ മാസത്തില്‍ പ്രോട്രേകളില്‍ വിത്ത് പാകി മുളപ്പിക്കണം. ഇതിനായി കറ കളഞ്ഞ (ടാനിന് രഹിത) ചകിരി ചോറും മണ്ണിര കമ്പോസ്റ്റും 1:1 അനുപാതത്തില്‍ എടുത്ത മാധ്യമത്തിലേക്ക് 1520 ഗ്രാം വരെ സ്യൂഡോമോണസ് ഒരു കിലോ മാധ്യമത്തിന് എന്ന തോതില്‍ ചേര്‍ത്ത ശേഷം പ്രോട്രേകള്‍ നിറയ്ക്കുക. വിത്തുകള്‍ പാകുന്നതിനു മുന്‍പായി 5 മുതല്‍ 10 ഗ്രാം മൈക്കോറൈസ (വിഎഎം) ഉപയോഗിച്ച് വിത്തുകള്‍ പരിചരിക്കണം. ഒരു പ്രോട്രെ തയ്യാറാക്കുന്നതിന് ഏകദേശം 1.2 കിലോ മുതല്‍ 1.5 കിലോ വരെ മാധ്യമം ആവശ്യമായി വരും. ഇങ്ങനെ ഒരു പ്രോട്രെയില്‍ നിന്നും 98 തൈകള്‍ തയ്യാറാക്കാന്‍ സാധിക്കും. ഒരു സെന്റിലേക്ക് 80 മുതല്‍ 100 തൈകള്‍ ആണ് നടീലിനായി ആവശ്യമായി വരുന്നത്. പ്രോട്രെയില്‍ പാകിയ വിത്തുകള്‍ മുളച്ചു കഴിഞ്ഞ് 14, 21 ദിവസങ്ങളില്‍ 19:19:19 എന്ന വളം 2 ഗ്രാം, ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കണം.
നവംബറില്‍ പറിച്ചുനടീല്‍
വിത്തിട്ടു മുളപ്പിച്ച തൈകളില്‍ നിന്നും 30 ദിവസം പ്രായമായതും 4 മുതല്‍ 5 ഇല പരുവം എത്തിയതുമായ തൈകള്‍ ആണ് പ്രധാന കൃഷിയിടത്തിലേക്കോ ഗ്രോബാഗിലേക്കോ പറിച്ചുനടീലിനായി ഉപയോഗിക്കുന്നത്. ഒക്റ്റോബര്‍ ആദ്യ വാരങ്ങളില്‍ വിത്തിട്ടു മുളപ്പിച്ച തൈകള്‍ നവംബര്‍ ആദ്യവാരത്തോടെ പറിച്ചു നടീലിനു പാകമായി കിട്ടും. ഇവയെ പിന്നീട് പ്രധാന കൃഷിയിടത്തിലേക്ക് മാറ്റി നടേണ്ടതുണ്ട്. ഇതിനായി ഒക്റ്റോബര്‍ പകുതിയോടുകൂടി പ്രധാന കൃഷിയിടത്തിലെ നിലമൊരുക്കല്‍ ആരംഭിക്കണം.
നല്ല നീര്‍വാര്‍ച്ചയുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലമാണ് കൃഷിക്ക് അനുയോജ്യം. മണ്ണിലെ അമ്ലത നിയന്ത്രിക്കുന്നതിനും കാല്‍സ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനുമായി നിലമൊരുക്കുമ്പോള്‍ ഒരു സെന്റിലേക്ക് 1 മുതല്‍ 2 കിലോ കുമ്മായം എന്ന തോതില്‍ ചേര്‍ക്കണം. കുമ്മായ പ്രയോഗം നടത്തി 15 ദിവസത്തിനു ശേഷം 100 കിലോ ഒരു സെന്റിന് എന്ന തോതില്‍ െ്രെടക്കോഡെര്‍മ ചേര്‍ത്ത് സമ്പുഷ്ടീകരിച്ച ചാണകവും (90:10:02 എന്ന അനുപാതത്തില്‍ ചാണകം: വേപ്പിന്‍പിണ്ണാക്ക്: െ്രെടക്കോഡെര്‍മ) മേല്‍മണ്ണുമായി ചേര്‍ത്ത് 30 സെന്റിമീറ്റര്‍ ഉയരത്തില്‍ വരമ്പുകള്‍ കോരി അതില്‍ രണ്ടു വരികള്‍ തമ്മില്‍ 60 സെന്റിമീറ്ററും രണ്ടു ചെടികള്‍ തമ്മില്‍ 4560 സെന്റീമീറ്ററും അകലത്തില്‍ പ്രധാന കൃഷിയിടത്തിലേക്ക് തൈകള്‍ പറിച്ചു നടാം. ഗ്രോബാഗിലാണ് നടുന്നതെങ്കില്‍ നട്ട ചെടികള്‍ 34 ദിവസം തണലില്‍ വെച്ചതിനു ശേഷം നല്ല വെയില് കിട്ടുന്ന സ്ഥലത്തേക്ക് മാറ്റി വെക്കണം.
രാസ വളപ്രയോഗം
പറിച്ചു നടീല്‍ കഴിഞ്ഞു 7 ദിവസത്തിന് ശേഷം ആദ്യ വളപ്രയോഗം നടത്താം. ഒരു സെന്റിലേക്ക് 650 ഗ്രാം യൂറിയ, 2 കിലോ രാജ്ഫോസ്, 400 ഗ്രാം മ്യുറേറ്റ് ഓഫ് പൊട്ടാഷ് എന്നീ അളവിലാണ് വളപ്രയോഗം ചെയ്യേണ്ടത്. പറിച്ചു നടീല്‍ കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഒരു സെന്റിലേക്ക് 650 ഗ്രാം യൂറിയയും 400 ഗ്രാം മ്യുറേറ്റ് ഓഫ് പൊട്ടാഷും നല്‍കണം.
കീടങ്ങളും രോഗങ്ങളും
ഇലതീനി പുഴുക്കളും നീരൂറ്റി കുടിക്കുന്ന കീടങ്ങളുമാണ് ഇവയെ പ്രധാനമായും അക്രമിക്കുന്നത്. ആക്രമണം വന്നതിനു ശേഷം നിയന്ത്രിക്കുന്നതിനേക്കാള്‍ ഉത്തമം ഇവയെ പ്രതിരോധിക്കുന്നതാണ്. വേപ്പധിഷ്ഠിത കീടനാശിനികള്‍ 10 ദിവസത്തെ ഇടവേളകളിലായി തളിച്ച് കൊടുക്കുക. പുഴുക്കള്‍ക്കെതിരെ 20 ഗ്രാം ബ്യുവേറിയ ബാസിയാന ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാം. ചൂര്‍ണ്ണ പൂപ്പ്, കരിങ്കാല് രോഗം, ഇലപ്പുള്ളി രോഗം, ഇലകരിച്ചില്‍ രോഗം, അഴുകല്‍ രോഗം തുടങ്ങിയവയാണ് പ്രധാന രോഗങ്ങള്‍. രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി രണ്ടാഴ്ചയിലൊരിക്കല്‍ 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിക്കുകയും ചെടിയുടെ ചുവട്ടിലായി ഒഴിച്ച് കൊടുക്കുകയും ചെയ്യാം.
ബ്ലാഞ്ചിങ്
കോളിഫഌര്‍ പൂവിരിഞ്ഞു പകുതി മൂപ്പെത്തുമ്പോള്‍ കര്‍ഡിന് ചുറ്റുമുള്ള 34 ഇലകള്‍ കൊണ്ട് പൊതിഞ്ഞു കൂട്ടിച്ചേര്‍ത്ത് കെട്ടണം. നേരിട്ട് സൂര്യപ്രകാശം ഏറ്റ് കര്‍ഡിന്റെ നിറം മഞ്ഞയായി പോകുന്നത് ഒഴിവാക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. ഇപ്രകാരം ബ്ലാഞ്ചിങ് ചെയ്യുന്നതിലൂടെ നല്ല ദൃഢതയും തൂവെള്ള നിറവും ഉള്ള കോളിഫ്ലവര്‍ ലഭ്യമാകും.
വിളവെടുപ്പ്
പറിച്ചു നടീല്‍ കഴിഞ്ഞു 4550 ദിവസം ആകുമ്പോഴേക്കും കര്‍ഡ് രൂപപ്പെട്ടു തുടങ്ങും. കര്‍ഡ് രൂപപ്പെട്ടു 15 മുതല്‍ 20 (പറിച്ചു നടീല്‍ കഴിഞ്ഞു 65 ദിവസത്തിനുള്ളില്‍) ദിവസത്തിനുള്ളില്‍ നല്ല വലിപ്പമുള്ളതും മൂപ്പെത്തിയതുമായ കോളിഫഌര്‍ വിളവെടുപ്പിനു പാകമാകും. നല്ല മൂപ്പെത്തിയ കര്‍ഡുകള്‍ തണ്ടിന് 67 ഇല താഴെ ആയി മുറിച്ചു മാറ്റാവുന്നതാണ്. കാബേജില്‍ നടീലിനു ശേഷം 4550 ദിവസം ആകുമ്പോള്‍ ഹെഡ് രൂപപ്പെടാന്‍ ആരംഭിക്കും. ഇങ്ങനെ രൂപപ്പെടുന്ന ഹെഡുകള്‍ 10 മുതല്‍ 15 ദിവസം കൊണ്ട് പൂര്‍ണ വളര്‍ച്ചയെത്തുകയും വിളവെടുക്കാന്‍ തയ്യാറാകുകയും ചെയ്യും.
ലേഖകര്‍: സരോജ് കുമാര്‍ (അസിസ്റ്റന്റ് പ്രൊഫസര്‍, ഹോര്‍ട്ടികള്‍ച്ചര്‍), ഇസബെല്ലാ ജോബ് (സബ്ജക്ട് മാറ്റര്‍ സ്പെഷ്യലിസ്റ്റ്, അഗ്രോമെറ്റീരിയോളജി), ഷാഹിന എസ് (അഗ്രോമെറ്റ് ഒബ്സര്‍വര്‍), ഡോ. ബിനി സാം (പ്രൊഫസര്‍ & ഹെഡ്), ഡോ. പൂര്‍ണിമ യാദവ് (അസിസ്റ്റന്റ് പ്രൊഫസര്‍, അഗ്രോണമി), ഡോ. ലേഖ എം (അസിസ്റ്റന്റ്പ്രൊഫസര്‍, കീട ശാസ്ത്ര വിഭാഗം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: