ബെംഗളൂരു: സ്വാതന്ത്ര്യ സമര സേനാനി സങ്കൊല്ലി രായണ്ണയുടെ പ്രതിമ തകര്‍ക്കുകയും സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്ത അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് കര്‍ണാടക മഹാരാഷ്ട്ര അതിര്‍ത്തിയായ ബെളഗാവിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.
ബെളഗാവി താലൂക്ക് ഉള്‍പ്പെടുന്ന ബെലഗാവി പോലീസ് കമ്മീഷണറേറ്റ് ഏരിയയില്‍ ഡിസംബര്‍ 18ന് രാവിലെ 8 മുതല്‍ ഡിസംബര്‍ 19ന് വൈകുന്നേരം 6 വരെ സെക്ഷന്‍ 144 പ്രകാരമാണ് നിരോധന ഉത്തരവ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് പോലീസ് കമ്മീഷണറ്റേറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനം ജില്ലയിലെ സുവര്‍ണ വിധാന സൗധയില്‍ നടക്കുന്നതിനിടെയാണ് സംഭവം. ബെംഗളൂരുവില്‍ ഛത്രപതി ശിവാജിയുടെ പ്രതിമ തകര്‍ത്തതിന് തൊട്ടുപിന്നാലയാണ് ബെളഗാവിയിലും സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. പ്രതിഷേധക്കാര്‍ ജില്ലയിലെ സംബാജി സര്‍ക്കിളില്‍ സ്ഥാപിച്ച സങ്കൊല്ലി രായണ്ണയുടെ പ്രതിമ തകര്‍ക്കുകയും, 26ഓളം വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ഒരു വാഹനം തീയിട്ട് നശിപ്പിക്കുകയും ചെയ്തു.
അതേസമയം ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അക്രമങ്ങളില്‍ അപലപിക്കുന്നതായും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കര്‍ണാടകത്തില്‍ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രിക്ക് നിര്‍ദേശം നല്‍കിയതായും സംഭവവുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റ് ചെയ്തതായും ബൊമ്മൈ പറഞ്ഞു. കല്ലേറ്, പൊതുമുതല്‍ നശിപ്പിക്കല്‍, സര്‍ക്കാര്‍ വാഹനങ്ങള്‍ നശിപ്പിക്കല്‍ തുടങ്ങിയ സംഭവങ്ങള്‍ നിയമവിരുദ്ധമാണെന്നും അതിനാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ദീര്‍ഘകാല നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശസ്നേഹികളുടെ പ്രതിമകള്‍ നശിപ്പിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന മനോഭാവം ശരിയല്ലെന്ന് ബൊമ്മൈ ചൂണ്ടിക്കാട്ടി.
രായണ്ണയുടെ അക്രമികള്‍ കേടുപാടു വരുത്തിയ പ്രതിമ തിലകവാടി പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായും പ്രദേശത്ത് പോലീസ് സേനയെ വിന്യസിച്ചതായും ബൊമ്മൈ അറിയിച്ചു. പോലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: