തൊടുപുഴ: കെഎസ്ആര്‍ടിസി ഡിപ്പോ ഈ വര്‍ഷം തുറക്കുമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. പുതിയ ഡിപ്പോയില്‍ നിന്ന് ബസ്സ് ഓടാന്‍ തൊടുപുഴക്കാര്‍ ഇനിയുമേറേ കാത്തിരിക്കേണ്ടി വരും. അവസാന വട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയാകാത്തതാണ് ഡിപ്പോ തുറക്കല്‍ വൈകിപ്പിക്കുന്നത്. ഡിസംബര്‍ ആദ്യ വാരം തന്നെ ഡിപ്പോ തുറക്കുമെന്നായിരുന്നു അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇവിടെ നിന്ന് ബസുകള്‍ ഓടിത്തുടങ്ങുന്നത് 2022 ഓടെ മാത്രമേ നടക്കൂ എന്നാണ് സൂചന. ജനുവരിയോടെ ഡിപ്പോ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. നിര്‍മാണം പൂര്‍ത്തിയായി വര്‍ഷങ്ങളായ കെട്ടിടത്തിന് ഉണ്ടായ ചോര്‍ച്ച അടയ്ക്കുന്ന ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഡിപ്പോ തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു.
2013 ജനുവരി പത്തിനാണ് മൂപ്പില്‍കടവ് പാലത്തിന് സമീപം കോടികള്‍ മുടക്കി ആധുനിക രീതിയിലുള്ള കെഎസ്ആര്‍ടിസി ഡിപ്പോ കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മാണം ആരംഭിച്ചത്. പന്ത്രണ്ടര കോടി കണക്കാക്കിയ നിര്‍മാണച്ചെലവ് പിന്നീട് 16 കോടിയായി ഉയര്‍ന്നു. ഇപ്പോള്‍ രണ്ടു കോടി കൂടി അനുവദിച്ചാണ് അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത്. ഡീസല്‍ പമ്പ് നേരത്തെ തന്നെ സ്ഥാപിച്ചിരുന്നു. നഗരസഭയുടെ ലോറി സ്റ്റാന്റിലാണ് ഇപ്പോള്‍ താത്ക്കാലികമായി ഡിപ്പോ പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്ന് ഒഴിവാകണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിക്ക് നഗരസഭ പല പ്രാവശ്യം കത്തു നല്‍കിയിരുന്നു.
ഡിടിഒയുടെയും സ്റ്റേഷന് മാസ്റ്ററുടെയും ഓഫീസുകള്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തന സജ്ജമായെങ്കിലും ചോര്‍ച്ച മൂലം ഇവിടേക്ക് വെള്ളം വീഴുന്ന നിലയിലാണ്. ഈ ചോര്‍ച്ച അടയ്ക്കുന്ന ജോലികള്‍ നിലവില്‍ നടന്നു വരികയാണ്. വൈദ്യുതി കണക്ഷന് ഉള്‍പ്പെടെ മറ്റ് സിവില്‍ ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. ഗാരേജിനുള്ള ക്രമീകരണങ്ങളും സജ്ജമായി. പെയിന്റിംഗ് ജോലികളും യാത്രക്കാര്‍ക്കായുള്ള സൗകര്യം ഒരുക്കലും അന്തിമഘട്ടത്തിലാണ്.
നിലവില്‍ പരിമിതമായ സൗകര്യത്തില്‍ 18000 രൂപ വാടക നല്‍കിയാണ് ഇപ്പോഴത്തെ താത്ക്കാലിക ഡിപ്പോയ്ക്ക് സമീപം ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഓഫീസും ഗാരേജും ഇവിടേയ്ക്ക് മാറ്റണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ എല്ലാ ജോലികളും പൂര്‍ത്തിയാക്കി ഡിപ്പോ തുറക്കാനാണ് ഇപ്പോള്‍ അധികൃതര്‍ ആലോചിക്കുന്നത്. ഇതിനിടെ ഷോപ്പിംഗ് കോപ്ലക്സിലെ ഇനിയും ആരും ഏറ്റെടുക്കാത്ത മുറികള്‍ വാടകയ്ക്ക് നല്‍കാനും അധികൃതര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. താഴത്തെ നിലയിലെ ഏതാനും മുറികള്‍ക്ക് പുറമെ രണ്ടാം നിലയില്‍ വസ്ത്രശാലകള്‍ക്കും ഹോട്ടലുകള്‍ക്കും അനുയോജ്യമായ 25000 ചതുരശ്രയടി വിസ്തീര്‍ണമുള്ള മുറികളും ലേലത്തില്‍ പോയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: