തൃശ്ശൂര്‍: കുതിരാന്‍ രണ്ടാം തുരങ്കം ഈമാസം അവസാനത്തോടെ ഗതാഗതത്തിനായി തുറന്ന് കൊടുക്കും. ഇരട്ട തുരങ്കങ്ങളില്‍ തൃശൂര്‍ ഭാഗത്തേക്കുള്ള തുരങ്കപ്പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ടണലിന്റെ കോണ്‍ക്രീറ്റിങ് ലൈനിങ് വര്‍ക്കുകള്‍ പൂര്‍ത്തിയായി. ഉള്‍ഭാഗത്ത് തറ കോണ്‍ക്രീറ്റിങ് നടത്തി കഴിഞ്ഞു. തുരങ്കത്തിനുള്ളില്‍ വൈദുതീകരണ ജോലികള്‍ 70 ശതമാനം പൂര്‍ത്തിയായി. ഏഴു ദിവസത്തിനുള്ളില്‍ ഈ ജോലികള്‍ മുഴുവനായും പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ പറഞ്ഞു.
അഗ്നിരക്ഷാസേനാ സംവിധാനങ്ങള്‍ സ്ഥാപിക്കുന്ന ജോലികളും ആരംഭിച്ചു. ഇരുവശത്തുമുള്ള കൈവരികളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. തൃശുര് ഭാഗത്ത് ടണലിന് തൊട്ടുമുമ്പ് ഗതാഗത നിയന്ത്രണത്തിനുള്ള കലുങ്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. തുരങ്കത്തിനുള്ളില്‍ എക്സോസ്റ്റ് ഫാനുകള്‍ സ്ഥാപിച്ച് കഴിഞ്ഞു. അഞ്ചിടത്ത് രണ്ട് എക്സോസ്റ്റുകള്‍ വീതമാണ് സ്ഥാപിച്ചട്ടുള്ളത്.
സെന്‍സറുകള്‍ വഴി പ്രവര്‍ത്തിക്കുന്ന എക്സോസ്റ്റുകള്‍ പൊടിപടലങ്ങളും പുകയും പുറംതള്ളും. തുരങ്കത്തിനകത്തെ കാര്‍ബണ്‍ ഡയോക്സൈഡ്, പൊടിയുടെ സാന്നിധ്യം, കാറ്റിന്റെ ഗതി, താപനില തുടങ്ങിയ അറിയുന്നതിന് സെന്‍സറുകളും സ്ഥാപിച്ചിട്ടുണ്ട്. തുരങ്കത്തിലെ ഡ്രൈനേജുകളുടെ പണി പൂര്‍ത്തിയായി. റോഡ് മാര്‍ക്ക് ചെയ്യുന്ന ജോലികള്‍ ഉടന്‍ തുടങ്ങും. പ്രധാന പൈപ് ലൈനിന്റെ വെല്‍ഡിങ് ജോലികള്‍ അവസാനഘട്ടത്തിലെത്തി. തുരങ്കത്തില്‍ 10.5 മീറ്റര്‍ വീതിയുള്ള കോണ്‍ക്രീറ്റ് റോഡിലെ മൂന്ന് മീറ്റര്‍ ഭാഗം പണികളും പൂര്‍ത്തിയായി. തുരങ്കത്തിനുള്ളില്‍ പെയിന്റിങ് ജോലികളും ചെയ്യാനുണ്ട്.
300 മീറ്റര്‍ ഇടവിട്ട് രണ്ട് തുരങ്കങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ചെറിയ തുരങ്കപാതകളുടെ നിര്‍മാണവും കഴിഞ്ഞു. തുരങ്കത്തില്‍ എന്തെങ്കിലും തസ്സമുണ്ടായാല്‍ വഴിതിരിച്ചു വിടുന്നതിനാണിത്. ഈ പാതയ്ക്ക് 10 മീറ്റര്‍ ഉയരവും 7.5 മീറ്റര്‍ വീതിയുമുണ്ട്. രണ്ടു തുരങ്കങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ പ്രവേശന ഭാഗത്ത് ഗാന്‍ട്രി കോണ്‍ക്രീറ്റിങ് സാധ്യമല്ലാത്തതിനാല്‍ പാറയുടെ ബലക്ഷയം കണക്കിലെടുത്ത് ഇരുമ്പ് കമ്പികള്‍ കയറ്റി ബലപ്പെടുത്തുന്ന ജോലികളും കംപ്രസര്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റിങ് അടക്കമുള്ള പണികളും ഇതോടൊപ്പം നടത്തുന്നുണ്ട്. ഈ ജോലികള്‍ കൂടി കഴിഞ്ഞാല്‍ ഫയര്‍ഫോഴ്സിന്റെ പരിശോധനകള്‍ നടക്കും.
കുതിരാന്‍ മലയെ തുരന്ന് 920 മീറ്ററിലാണ് തുരങ്കം നിര്‍മ്മിച്ചിട്ടുള്ളത്. തുരങ്കമുഖം ഉള്‍പ്പെടെ കൃത്യമായ ദൂരം ഒരു കിലോമീറ്റര്‍. 14 മീറ്റര്‍ വീതിയിലാണ് ഇരട്ട തുരങ്കത്തിന്റെ നിര്‍മ്മാണം. പത്തു മീറ്ററാണ് ഉയരം. തുരങ്കങ്ങള്‍ തമ്മില്‍ 20 മീറ്റര്‍ അകലവുമുണ്ട്. ഇരുമ്പു പാലം ഭാഗത്തുനിന്ന് ആരംഭിച്ച് കുതിരാന്‍ ക്ഷേത്രത്തിന് താഴെ വഴുക്കുംപാറയിലാണ് തുരങ്കം അവസാനിക്കുന്നത്. വന്‍ കരിമ്പാറക്കെട്ടുകള്‍ നിറഞ്ഞ കുതിരാന്മലയിലെ നാലുകിലോമീറ്ററോളം വരുന്ന ഗതാഗതക്കുരുക്ക് ഇരട്ട തുരങ്കത്തോടെ ഇല്ലാതാകും. കുതിരാനിലെ ഇരട്ട തുരങ്കങ്ങളില്‍ പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കപ്പാത ജൂലൈ 31 നാണ് ഗതാഗതത്തിന് തുറന്ന് കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: