വി.കെ.സന്തോഷ് കുമാര്‍
1857 ലെ മഹത്തായ വിപ്ലവത്തെയാണ് ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കുന്നത്. എന്നാല്‍ അതിനുമുമ്പ് വൈദേശിക ശക്തികള്‍ക്കെതിരെ ഭാരതത്തിന്റെ മണ്ണില്‍ പോരാട്ടങ്ങള്‍ നടന്നിട്ടില്ല എന്ന് ഇതിനര്‍ത്ഥമില്ല. വിവിധ ഭാഗങ്ങളില്‍ അതിനുമുമ്പും വൈദേശികാധിപത്യശ്രമങ്ങള്‍ക്കെതിരെ അതിശക്തമായ പ്രതിരോധങ്ങളും പോരാട്ടങ്ങളും ഉയര്‍ന്നിട്ടുണ്ട്. അവയില്‍ പലതും പ്രാദേശികമായ രൂപത്തിലും ഭാവത്തിലും തലത്തിലും ഒതുങ്ങിനിന്നവയായിരുന്നു. പ്രാദേശികതലത്തില്‍ രൂപംകൊണ്ട അത്തരം പോരാട്ടങ്ങളാണ് പിന്നീട് സംഘടിതവും ആസൂത്രിതവും വ്യാപകവുമായ സായുധ കലാപങ്ങളായി രൂപാന്തരപ്പെട്ടത്.
ഭാരതത്തിന്റെ തെക്കേയറ്റത്തുള്ള കേരളത്തില്‍ ശക്തമായ പോരാട്ടങ്ങള്‍ യൂറോപ്യന്‍ ശക്തികള്‍ക്കെതിരെ 1857-നു മുന്‍പും നടന്നിട്ടുണ്ട്. 1857 ലെ മഹത്തായ വിപ്ലവത്തിനും അരനൂറ്റാണ്ട് മുന്‍പാണ് കേരളത്തില്‍ വൈദേശിക ശക്തികള്‍ക്കെതിരെ പോരാടിയ കേരളവര്‍മ്മ പഴശ്ശിരാജ, എടച്ചന കുങ്കന്, തലക്കര ചന്തു, വേലുത്തമ്പി ദളവ തുടങ്ങിയവര്‍ വീരമൃത്യു ഏറ്റുവാങ്ങിയത്.
വയനാട് ജില്ലയില്‍ മാനന്തവാടി താലൂക്കിലെ എടച്ചന ദേശത്തെ ഒരു നായര്‍ത്തറവാടിന് അത്തരമൊരു ധീരമായ പോരാട്ടചരിത്രമാണ് പറയാനുള്ളത്. നാടിന്റെ മാനം കാക്കാനുള്ള പോരാട്ടത്തില്‍ ആ കുടുംബത്തിലെ അഞ്ചുപേര്‍ വീരമൃത്യു വരിച്ചു. എടച്ചന കുങ്കന്, എടച്ചന ഒതേനന്, എടച്ചന കോമപ്പന്‍, എടച്ചന എമ്മന്, എടച്ചന അമ്പു എന്നിവരാണ് ആ അഞ്ചുപേര്‍. പുരാണകഥകളും കളരിയിലെ ആയോധന പരിശീലനവും അവരെ ധീരന്മാരും അഭിമാനികളുമാക്കി മാറ്റി. പരമ്പരാഗതമായ ആയുധാഭ്യാസ സാമര്‍ത്ഥ്യത്തെ വൈദേശിക ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞു എന്നതാണ് എടച്ചന കുങ്കന്റെ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമേറിയ സംഭാവന.
യൗവനാരംഭത്തില്‍ തന്നെ സമരോത്സുകമായ ജീവിതം എടച്ചന സഹോദരന്മാര് ആരംഭിച്ചു. എടച്ചന ദേശാധിപന്മാര്‍ക്ക് കോട്ടയം പഴശ്ശി കോവിലകവുമായുള്ള ആശ്രിതത്വവും എടച്ചന കുങ്കന് വീരകേരളവര്‍മ പഴശ്ശിരാജാവുമായുള്ള വ്യക്തിബന്ധവും അതിന് ആക്കംകൂട്ടി. കളരി അഭ്യാസത്തിലൂടെയും നടത്തിപ്പിലൂടെയും ലക്ഷണമൊത്ത യോദ്ധാവായി കുങ്കന് മാറി. തലക്കര ചന്തുവുമായുള്ള ചങ്ങാത്തം അദ്ദേഹത്തിന്റെ ക്ഷത്രിയോചിതമായ ജീവിതത്തെ കൂടുതല്‍ കരുത്തുറ്റതാക്കി. തലക്കര ചന്തു എന്ന നായാട്ടുകാരനെ നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ കുറച്യപ്പടയുടെ നായകനാക്കി മാറ്റിയതും എടച്ചന കുങ്കനായിരുന്നു.
മൈസൂര്‍ സുല്‍ത്താന്റെ ആക്രമണത്തെ ചെറുക്കാനുളള കൂട്ടായ്മ രൂപപ്പെടുത്തുക എന്നതായിരുന്നു കുങ്കന്റെ ആദ്യ ദൗത്യം. അതിനായി പ്രമാണിമാര്‍, ഗോത്രമൂപ്പന്മാര്, വെളിച്ചപ്പാടന്മാര് തുടങ്ങിയവരെ അദ്ദേഹം സമ്പര്‍ക്കം ചെയ്തു. എന്നാല്‍ അത്തരമൊരു പ്രതിരോധസേന രൂപപ്പെടുന്നതിനു മുമ്പുതന്നെ മൈസൂര്‍ സുല്ത്താന്മാരുടെ പടയോട്ടം നടന്നു. കൂട്ടക്കുരുതിയില്‍ നിന്ന് വയനാട്ടിലെ ജനങ്ങളെയും ആക്രമണത്തില്‍ നിന്നും ക്ഷേത്രങ്ങളും സ്വത്തുക്കളും ഒരു പരിധി വരെ സംരക്ഷിക്കാന്‍ അവര്‍ക്ക് സാധിച്ചു.
കേരള വര്‍മ്മ പഴശ്ശിരാജ, എടച്ചന കുങ്കന്, തലക്കര ചന്തു എന്നിവരുടെ നേതൃത്വത്തില്‍ വയനാട്ടില്‍ നടന്ന സായുധ കലാപങ്ങള്‍ ബ്രിട്ടീഷുകാരെ എത്രമാത്രം അസ്വസ്ഥമാക്കിയിരുന്നെന്ന് അവരുടെ അക്കാലത്തെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 1797ലെ പേരിയ യുദ്ധം, 1800ലെ തിണ്ടുമ്മല് യുദ്ധം, 1802 പനമരം,പുളിഞ്ഞാല്‍ ബ്രിട്ടീഷ് പോസ്റ്റ് ആക്രമണങ്ങള്‍, 1805ലെ പുല്‍പ്പള്ളി യുദ്ധം എന്നിവ എടച്ചന കുങ്കന്റെ പോരാട്ടജീവിതത്തിലെ സുവര്‍ണ അധ്യായങ്ങളാണ്. ശക്തനായ യോദ്ധാവ് മാത്രമല്ല, ശക്തി സമാഹരിക്കുന്നതിനും
പ്രയോഗിക്കുന്നതിനുള്ള എടച്ചന കുങ്കന്റെ സാമര്‍ത്ഥ്യം ഈ പോരാട്ടങ്ങളില്‍ കാണാവുന്നതാണ്. പഴശ്ശിക്കലാപങ്ങളുടെ പവര്‍ഹൗസ്, ആര്‍ക്കും ഒരിക്കലും കീഴടങ്ങാത്ത യോദ്ധാവ് എന്നൊക്കെയാണ് ബ്രിട്ടീഷ് രേഖകള്‍ എടച്ചന കുങ്കനെ വിശേഷിപ്പിക്കുന്നത്.
കമ്പനി സൈന്യം വയനാട്ടില്‍ ശക്തമായ തിരിച്ചടി നേരിട്ടത് പുളിഞ്ഞാല്‍ കോട്ടയില്‍ വച്ച് നടന്ന യുദ്ധത്തിലാണ്. പുളിഞ്ഞാല്‍ മുമ്പ് പഴശ്ശി പടയുടെ തന്ത്രപ്രധാന കേന്ദ്രമായിരുന്നു. 1802ല്‍ തങ്ങളുടെ സൈനിക കേന്ദ്രമാക്കി ബ്രിട്ടീഷുകാര്‍ ഇവിടം മാറ്റി. അവിടെ സൈനിക കമാന്‍ഡറായി മേജര്‍ ഡ്രമ്മണ്ടിനെയും ഒരു കമ്പനി (300 പേര്) ബ്രിട്ടീഷ് സൈനി
കരെയും കുറെ കോല്ക്കാരന് പോലീസുകാരെയും നിയോഗിച്ചു. 1802 നവംബര്‍ രണ്ടിന് എടച്ചന കുങ്കന്റെ നേതൃത്വത്തിലുള്ള പട അവിടം ആക്രമിച്ചു. അവര്‍ ഡ്രമ്മണ്ടിനെ ബന്ധനത്തിലാക്കി ചുരുങ്ങിയ സമയം കൊണ്ട് തന്നെ പുളിഞ്ഞാല്‍ കോട്ടയിലെ കമ്പനി സൈന്യത്തെ നാമാവശേഷമാക്കി. പ്രക്ഷോഭകര്‍ അവിടെയുണ്ടായിരുന്ന മുഴുവന്‍ ആയുധ സാമഗ്രികളും സ്വന്തമാക്കി. പിന്നീട് മറ്റുകേന്ദ്രങ്ങളില്‍ നിന്നും 500 പേരടങ്ങുന്ന സംഘം എത്തിയാണ് ഡ്രമ്മണ്ടിനെ മോചിപ്പിച്ചത്.
1805 ഡിസംബര്‍ 16 ന് പുളിഞ്ഞാല്‍ കോട്ട മൈതാനിയില്‍ വച്ചാണ് എടച്ചന കുങ്കന് സ്വയം വീരമൃത്യു വരിച്ചത്. പഴശ്ശിയുടേയും തലക്കര ചന്തുവിന്റെയും മരണശേഷവും അദ്ദേഹം ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടം തുടര്‍ന്നു. പോരാട്ടത്തില്‍ മരണപ്പെട്ട തന്റെ സഹോദരന്മാര്ക്കും പഴശ്ശിക്കും ചങ്ങാതിമാര്‍ക്കും ബലിയിടാനുള്ള രഹസ്യനീക്കത്തിനിടയിലാണ് എടച്ചന കുങ്കനെ ബ്രിട്ടീഷുകാര്‍ നേരിടുന്നത്. പൊരുതി നില്ക്കാന് പറ്റിയ സന്ദര്‍ഭം അല്ലാത്തതിനാല്‍ അദ്ദേഹം രഹസ്യ മാര്‍ഗ്ഗത്തിലൂടെ തന്റെ തറവാട്ടില്‍ നിന്ന് രക്ഷ നേടുകയും പുളിഞ്ഞാല്‍ മൈതാനിയില്‍ വച്ച് കഠാര കൊണ്ട് സ്വയം മുറിവേല്‍പ്പിച്ച് വീരമൃത്യു വരിക്കുകയും ചെയ്തു.
ദേശീയ സ്വാതന്ത്ര്യ സമരത്തിലേക്ക് ജനകീയ ശക്തിയെ സംഘടിപ്പിച്ച മഹാനായ എടച്ചന കുങ്കന്റെ ഐതിഹാസികമായ ജീവിതം എല്ലാ തലമുറകളെയും എക്കാലത്തും പ്രചോദിപ്പിക്കുന്നതാണ്. എടച്ചന ദേശത്തിന്റെ നാടുവാഴി, എടച്ചന നായന്മാരുടെ കാരണവര്‍ എന്നീ നിലകളിലും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ സന്ധിയില്ലാതെ പോരാടിയ വിപ്ലവകാരി എന്ന നിലയിലും ആ ജീവിതം പ്രേരണയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: