ന്യൂദല്‍ഹി: തന്ത്രപ്രധാനമായ ചൈനീസ് അതിര്‍ത്തി പ്രദേശങ്ങളിലേക്ക് അതിവേഗ സൈനിക നീക്കത്തിന് സഹായിക്കുന്ന ചാര്‍ധാം കേന്ദ്ര പദ്ധതിയിലെ റോഡുകള്‍ വീതികൂട്ടി ഇരട്ടിപ്പിക്കുന്നതിന് സുപ്രീംകോടതിയുടെ അനുമതി. ബദ്രീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നീ തീര്‍ത്ഥ സ്ഥാനങ്ങളുമായി ബന്ധിപ്പിച്ചുള്ള ദേശീയപാതാ വികസന പദ്ധതിക്കാണ് അനുമതി.
അന്തിമ അനുമതി ലഭിച്ചതോടെ അഞ്ചര മീറ്റര്‍ എന്ന നിയന്ത്രണം മാറി സൈന്യത്തിന് ആവശ്യമുള്ള വീതിയില്‍ റോഡ് നിര്‍മ്മാണം സാധ്യമാകും. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കമ്യൂണിസ്റ്റ് ബന്ധമുള്ള എന്‍ജിഒയാണ് കോടതിയെ സമീപിച്ചത്. എന്‍ജിഒയുടെ ലക്ഷ്യം പാരിസ്ഥിതിക സംരക്ഷണമല്ല, ചൈനയെ സഹായിക്കലാണെന്ന ആക്ഷേപം ശക്തമായിരുന്നു. എന്‍ജിഒയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകരുടെ സാന്നിധ്യവും സംശയം ശക്തമാക്കി. എന്നാല്‍ എല്ലാ നീക്കങ്ങളും തള്ളിക്കളഞ്ഞാണ് കോടതി ഉത്തരവ്.
സൈനിക നീക്കത്തിന് ഏറെ സഹായകരമാണ് റോഡിന് വീതി കൂട്ടുന്നതെന്ന് കോടതി വ്യക്തമാക്കി. അതിര്‍ത്തി സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി വിധിച്ചു. ചാര്‍ധാം പദ്ധതി ഏതു വിധത്തില്‍ നടപ്പാക്കണമെന്ന് കേന്ദ്രപ്രതിരോധമന്ത്രാലയത്തിന് തീരുമാനിക്കാം. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് അധ്യക്ഷനായ മേല്‍നോട്ടസമിതി രൂപീകരിക്കും. സമിതിയില്‍ ദേശീയ പരിസ്ഥിതി ഗവേഷണ കേന്ദ്രം, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എന്നിവയുടെ പ്രതിനിധികളുമുണ്ട്.
ചൈനീസ് അതിര്‍ത്തി മേഖലകളിലേക്ക് നീളുന്ന 889 കി.മി ദേശീയപാതാ പദ്ധതിക്കായി 12,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കിവെച്ചത്. പദ്ധതി പുരോഗമിക്കവേ ഡെറാഡൂണിലെ എന്‍ജിഒ ആയ സിറ്റിസണ്‍സ് ഫോര്‍ ഗ്രീന്‍ ആണ് റോഡ് നിര്‍മ്മാണത്തിനെതിരെ കോടതിയെ സമീപിച്ചത്. റോഡിന് വീതി അഞ്ചരമീറ്ററാക്കി നിജപ്പെടുത്തി കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതോടെ വിഷയത്തില്‍ ഇടപെട്ട കേന്ദ്രപ്രതിരോധമന്ത്രാലയം സ്ഥിതിഗതികള്‍ കോടതിയെ ധരിപ്പിച്ചു. ബ്രഹ്മോസ് അടക്കമുള്ള മിസൈലുകള്‍ ഘടിപ്പിച്ച വലിയ സൈനിക വാഹനങ്ങള്‍ക്ക് പോകേണ്ട വഴിയാണിതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചതോടെ കോടതി മുന്‍നിലപാട് തിരുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: