തിരുവനന്തപുരം: കൊവിഡിന്റെ മറവില്‍ ആരോഗ്യ വകുപ്പ് നടത്തിയ വന്‍ അഴിമതിയുടെ കണക്കുകള്‍ പുറത്തുവരുന്നു. 550 രൂപയ്ക്ക് ലഭിച്ചിരുന്ന പിപിഇ കിറ്റിന് കെഎംഎസ്സിഎല് കരാര്‍ മറിച്ച് നല്‍കിയത് 1550 രൂപയ്ക്ക്. കരാര്‍ നല്‍കിയത് കടലാസ് കമ്പനിക്കെന്നും ആരോപണം. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്താണ് പിപിഇ കിറ്റിന്റെ മറവില്‍ വന്‍ അഴിമതി നടത്തിയത്.
ഒരു പിപിഇ കിറ്റ് 550 രൂപയ്ക്കാണ് കെറോണ്‍ എന്ന കമ്പനി നല്‍കിയിരുന്നത്. കിറ്റിന് ആവശ്യമുയര്‍ന്നപ്പോഴും മനഃപൂര്‍വ്വം കെറോണിന് കരാര്‍ നല്‍കാതെ വൈകിപ്പിക്കുകയായിരുന്നുവെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. കൊവിഡ് പടര്‍ന്നുപിടിക്കുമ്പോഴും കെറോണിന് കരാര്‍ നല്‍കാനുള്ള ഫയലില്‍ തീരുമാനമെടുക്കാന്‍ മാസങ്ങളെടുത്തു.
കെറോണിന്റെ ഭാഗത്താണ് വീഴ്ചയെന്ന് വരുത്തിത്തീര്‍ത്ത ശേഷം മന്ത്രിതല യോഗത്തില്‍ വേറെ കരാര്‍ നല്‍കണമെന്ന് തീരുമാനിക്കുകയായിരുന്നു. ദിനംപ്രതി 4000 പിപിഇ കിറ്റ് വേണമെന്ന ആവശ്യമുന്നയിച്ചാണ് മഹാരാഷ്ട്ര സോളാപ്പൂരില്‍ നിന്നുള്ള സാന്‍ഫാര്‍മ കമ്പനിക്ക് കരാര്‍ മറിച്ച് നല്‍കിയത്. സാന്‍ഫാര്‍മയ്ക്ക് കരാര്‍ നല്‍കിയത് രണ്ട് ദിവസം കൊണ്ടും. 2020 മാര്‍ച്ച് 29നാണ് സാന്‍ഫാര്‍മ കമ്പനിയില്‍ നിന്ന് ഇ മെയിലായി ക്വട്ടേഷന്‍ ലഭിക്കുന്നത്. അന്നുതന്നെ അവര്‍ക്ക് തത്വത്തില്‍ കരാര്‍ നല്‍കാനുള്ള തീരുമാനമെടുക്കുകയായിരുന്നു.
അന്‍പതിനായിരം പിപിഇ കിറ്റിനും ഒരു ലക്ഷം എന്‍ 95 മാസ്കിനുമാണ് മുന്‍ പരിചയമില്ലാത്ത കമ്പനിക്ക് കരാര്‍ നല്കാന് തീരുമാനമെടുത്തത്. 2020 മാര്‍ച്ച് 30നു തന്നെ കരാറിനുള്ള ഫയലില്‍ അന്തിമ തീരുമാനമെടുത്തു. മാര്‍ച്ച് 31ന് കരാറിന്റെ മുഴുവന്‍ തുകയായ 9.53 കോടിയും മുന്‍കൂര്‍ നല്കാന് തീരുമാനിച്ചു. അന്നുതന്നെ ഫയലില്‍ അക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഫയലില്‍ മറ്റൊരു ഉദ്യോഗസ്ഥന് വിയോജനക്കുറിപ്പ് എഴുതി. എന്നിട്ടും അന്‍പതു ശതമാനം തുക മുന്‍കൂറായി നല്‍കുകയായിരുന്നു.
നിപയും പക്ഷിപ്പനിയും പടര്‍ന്നുപിടിച്ചപ്പോള്‍ കെറോണ്‍ ആയിരുന്നു പിപിഇ കിറ്റ് നല്‍കിയിരുന്നത്. മികച്ച നിലവാരമുള്ള പിപിഇ കിറ്റുകളായിരുന്നു അതെന്ന് ആരോഗ്യ വിഭാഗം തന്നെ സമ്മതിക്കുന്നു. അതേസമയം, സാന്‍ഫാര്‍മയുടെ പിപിഇ കിറ്റുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: