തിരുവനന്തപുരം: ഭാരതത്തിന്റെ ആത്മീയതലസ്ഥാനമെന്നറിയപ്പെടുന്ന കാശി നഗരത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രത്തിന് സമര്‍പ്പിച്ചത് പ്രദര്‍ശിപ്പിച്ച് ബിജെപി. ദിവ്യ കാശി – ഭവ്യ കാശി എന്ന പേരിലുള്ള പ്രധാനമന്ത്രിയുടെ കാശി പരിപാടി സംസ്ഥാനത്ത് 280 കേന്ദ്രങ്ങളില്‍ തത്സമയം പ്രദര്‍ശനമാണ് നടന്നത്.
നരേന്ദ്ര മോദി സര്‍ക്കാര്‍ സാക്ഷാത്കരിക്കുന്ന കാശിയുടെ സമഗ്രവികസന പദ്ധതി കാണുവാന്‍ നൂറുകണക്കിനാളുകളാണ് ഓരോ വേദിയിലും തടിച്ചു കൂടിയത്. തിരുവനന്തപുരം അഭേദാശ്രമത്തില്‍ നടന്ന ചടങ്ങ് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍, മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു. കാട്ടാക്കടയില്‍ നടന്ന ചടങ്ങില്‍ ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പങ്കെടുത്തു.
2019 മാര്‍ച്ച് എട്ടിനാണ് പുനര്‍നിര്‍മാണ ഉദ്ഘാടനം നടന്നത്. കൊറോണയുടെ കാലഘട്ടത്തിലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം വരാതെ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുവെന്നത് ചരിത്ര നേട്ടമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കാശിയുടെ ചരിത്രവും പാരമ്പര്യവും വ്യക്തമാക്കുന്ന മ്യൂസിയം, വിപുലമായ ലൈബ്രറി, ഗസ്റ്റ് ഹൗസുകള്‍, തീര്‍ത്ഥാടകരുടെ സൗകര്യത്തിനായുള്ള വിവിധ പദ്ധതികള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധര്‍മ്മാചാര്യന്മാര്‍, സന്യാസിവര്യന്മാര്‍, സാംസ്‌കാരിക നായകന്മാര്‍, തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: