തൃശ്ശൂര്‍: മനസുകളില്‍ ഭക്തിരസാമൃതം നിറയ്ക്കുന്ന ഹരിവരാസനത്തിന് നൂറാണ്ട് തികയുന്നു. 2022 ജനുവരി മുതല്‍ 2023 ജനുവരി വരെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷത്തിനൊരുങ്ങുകയാണ് ശബരിമല അയ്യപ്പസേവാ സമാജവും ഭക്തസമൂഹവും.
1922-23 കാലഘട്ടത്തിലാണ് ഹരിവരാസനം എഴുതപ്പെട്ടത് എന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച ആധികാരിക രേഖകളൊന്നും ലഭ്യമല്ലെങ്കിലും ആദ്യ കയ്യെഴുത്തുപ്രതി കണ്ടെടുക്കാനായിട്ടുണ്ട്. ശബരിമല ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്ന അനന്തകൃഷ്ണ അയ്യരുടെ മകള്‍ കോന്നകത്ത് ജാനകിയമ്മയാണ് ഹരിവരാസനത്തിന്റെ രചയിതാവ് എന്നാണ് കണക്കാക്കുന്നത്. കമ്പക്കുടി കുളത്ത് അയ്യരാണ് രചിച്ചത് എന്ന വാദവുമുണ്ട്. ജാനകിയമ്മ എഴുതിയ കയ്യെഴുത്ത് പ്രതിയാണ് ലഭ്യമായിട്ടുള്ളത്.
അഷ്ടകം എന്ന രചനാ ശൈലിയാണ് ഹരിവരാസനത്തിന്റേത്. എട്ട് ഖണ്ഡികകളിലായി 32 വരികളാണുള്ളത്. 108 വാക്കുകളും 352 അക്ഷരങ്ങളുമുണ്ട്. 1923 മുതല്‍ ഹരിവരാസനം കീര്‍ത്തനരൂപത്തില്‍ പാടിപ്പോന്നിട്ടുണ്ട്. 1950കളിലാണ് ശബരിമലയില്‍ എല്ലാദിവസവും ഹരിവരാസനം ആലപിക്കാന്‍ ആരംഭിച്ചത്. അത്താഴശീവേലിക്ക് ശേഷം നടയടക്കുന്നതിന് മുമ്പായി ഹരിവരാസനം ചൊല്ലുന്നതാണ് രീതി. ഹരിവരാസനം പാടിക്കഴിയുന്നതോടെ അയ്യപ്പസ്വാമി യോഗനിദ്രയിലാകുമെന്നാണ് സങ്കല്പം.
1975 ലാണ് ഇന്ന് കേള്‍ക്കുന്ന മധ്യമാവതി രാഗത്തില്‍ ഹരിവരാസനം ചിട്ടപ്പെടുത്തിയത്. സംഗീത സംവിധായകന് ജി.ദേവരാജനാണ് സംഗീതം പകര്‍ന്നത്. ഗാനഗന്ധര്വ്വന് യേശുദാസ് സ്വരം പകര്‍ന്നതോടെ കേള്‍ക്കുന്നവര്‍ക്ക് അതൊരു അലൗകികാനുഭൂതിയായി. 1975 ല്‍ പുറത്തിറങ്ങിയ സ്വാമി അയ്യപ്പന് എന്ന ചിത്രത്തിലും ഹരിവരാസനം ഉള്‍പ്പെടുത്തിയിരുന്നു.
തികഞ്ഞ അയ്യപ്പ ഭക്തയായിരുന്ന ജാനകിയമ്മ തന്റെ മുപ്പതാം വയസിലാണ് ഹരിവരാസനം രചിച്ചതെന്നാണ് കണക്കാക്കുന്നത്. ആറാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുമ്പോഴാണ് എഴുതിയത്. ആണ്‍കുട്ടി ജനിച്ചതോടെ അയ്യപ്പന് എന്ന് പേരിടുകയും ചെയ്തു. കല്ലടക്കൂട്ടം എന്ന പേരിലറിയപ്പെട്ടിരുന്ന ആദ്യകാല ഭജന സംഘമാണ് കേരളത്തിലെമ്പാടും ഹരിവരാസനം പാടി പരിചയപ്പെടുത്തിയത്. ഇപ്പോള്‍ കേരളത്തില്‍ മാത്രമല്ല ദക്ഷിണേന്ത്യയിലെമ്പാടും ഹരിവരാസനം പ്രശസ്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: