കാഞ്ഞങ്ങാട്: വിദ്യാലയങ്ങള്‍ തുറന്ന് ഒരു മാസം പിന്നിടുമ്പോള്‍ ഉച്ചക്കഞ്ഞി വിതരണം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. പാചക വാതക വില വര്‍ധനവും പച്ചക്കറിയുടേയും ഫലവ്യഞ്ജനങ്ങളുടേയും ദിനംപ്രതിയുള്ള വിലക്കയറ്റവും ഉച്ചക്കഞ്ഞി വിതരണ ചുമതലയുള്ള അദ്ധ്യാപകരെ കടക്കെണിയിലാക്കുകയാണ്. ആയിരം കുട്ടികളുള്ള ഒരു വിദ്യാലയത്തില്‍ ആദ്യത്തെ 150 കുട്ടികളില്‍ ഒരു കുട്ടിക്ക് 8 രൂപ വീതവും ബാക്കി വരുന്ന 350 കുട്ടികള്‍ക്ക് ഒരു കുട്ടിക്ക് 7 രൂപ വീതവും ബാക്കി അഞ്ഞൂറ് കുട്ടികള്‍ക്ക് ഒരു കുട്ടിക്ക് 6 രൂപ വീതവുമാണ് സര്‍ക്കാരില്‍ നിന്നും ലഭിച്ചു വന്നിരുന്നത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് മൂന്ന് ബാച്ചുകളായാണ് സ്കൂളുകള്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഈ സാഹചര്യത്തില്‍ മൂന്നില്‍ ഒന്ന് കുട്ടികള്‍ക്ക് മാത്രമേ ഉച്ചഭക്ഷണതുക ലഭിക്കുന്നുള്ളു. ഇതാണ് ഉച്ചക്കഞ്ഞി വിതരണം പ്രതിസന്ധിയിലാകാന്‍ കാരണം.
ഉച്ചഭക്ഷണവും പാലും മുട്ടയും എല്ലാം ഈ തുകയില്‍ നിന്നും വകയിരുത്തി വേണം കുട്ടികള്‍ക്ക് നല്കാന്. ഒരു ലിറ്റര്‍ പാലിന് 25 രൂപയും ഒരു മുട്ടയ്ക്ക് 5 രൂപയും നല്‍കണം. ഇങ്ങനെ വരുമ്പോള്‍ 1000 കുട്ടികളുള്ള ഒരു വിദ്യാലയത്തിന് 35000 രൂപയിലധികം മാസം നഷ്ടം സംഭവിക്കുന്നു. പാചക വാതകത്തിന് സിലിണ്ടറിന് 2100 രൂപയായി വര്‍ധിച്ചതും പച്ചക്കറി ഫലവ്യഞ്ജനങ്ങളുടെ വില ദിനംപ്രതി വര്‍ദ്ധിക്കുന്നതും സ്കൂളുകളിലെ ഉച്ചഭക്ഷണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായി അധ്യാപക സംഘടനകള്‍ ഒന്നടങ്കം രംഗത്തുവന്നിട്ടുണ്ട്. മുന്‍ കാലങ്ങളില്‍ സ്കൂള്‍ മുറ്റത്ത് കുട്ടികള്‍ ഒരുക്കുന്ന പച്ചക്കറി തോട്ടമുണ്ടായിരുന്നു. എന്നാല്കൊവിഡിനെ തുടര്‍ന്ന് പച്ചക്കറി കൃഷിയും നിലച്ചിരിക്കുകയാണ്. അതു കൊണ്ട് ഉപ്പു തൊട്ട് കര്‍പ്പൂരം വരെ പുറമേ നിന്ന് കൊണ്ട് വരേണ്ട സ്ഥിതിയാണുളളത്.
വിദ്യാലയങ്ങളില്‍ ഉച്ച ഭക്ഷണ വിതരണത്തിന് ഇപ്പോള്‍ അനുവദിച്ചു വരുന്ന തുക അപര്യാപ്തമാണെന്നും തുക കാലാനുസൃതമായി പരിഷ്കരിക്കണമെന്നും ദേശീയ അദ്ധ്യാപക പരിഷത്ത് ജില്ലാ കമ്മറ്റി യോഗം ആവിശ്യപ്പെട്ടു. ഭക്ഷണ വിതരണം ശരിയായി നടത്തി കൊണ്ടുപോകുന്നതില്‍ പ്രധാനദ്ധ്യാപകര്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും യോഗം വിലയിരുത്തി.
അന്തര്‍ ജില്ലാ സ്ഥലംമാറ്റത്തിലെ അപാകതകള്‍ പരാതികള്‍ക്കിട വരുത്താതെ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജന.സെക്രട്ടറി അനൂപ് കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.രഞ്ജിത്ത് അധ്യക്ഷനാ യി. സംസ്ഥാന കമ്മറ്റി അംഗങ്ങളായ വെങ്കപ്പ ഷെട്ടി, പ്രഭാകരന് നായര്‍, കുഞ്ഞമ്പു.വി.കെ, രാജീവന് മാസ്റ്റര്‍, ജില്ലാ സെക്രട്ടറി അജിത്ത് കുമാര്‍, ഈശ്വര കിദൂര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: