തിരുവല്ല : സിപിഎം ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപ് കുമാറിനെ കൊലപ്പെടുത്തുന്നതിന് മൂന്ന് പേര് ദൃക്സാക്ഷികള്‍. പോലീസ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ആക്രമികളുടെ വെട്ടേറ്റ് സന്ദീപ് പുഞ്ചയിലേക്ക് ചാടുന്നതും പിന്നീട് വീണ്ടും അവര്‍ കുത്തുന്നതും ആ സമയം ബൈക്കില്‍ വന്ന മൂന്ന് യുവാക്കള്‍ കണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്
കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് നെടുമ്പ്രം വൈപ്പിനാരില്‍ പുഞ്ചയ്ക്ക് സമീപമുള്ള ആഞ്ഞിലിപ്പറമ്പിലെ കലുങ്കില്‍വെച്ച് മുഖ്യപ്രതി ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദീപിനെ ആക്രമിക്കുന്നത്. ഈ സമയം അവിടെ ബുള്ളറ്റില്‍ ഇരിക്കുകയായിരുന്നു സന്ദീപ്.
കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി ജിഷ്ണു, കൂട്ടുപ്രതികളായ പ്രമോദ്, നന്ദു, മന്‍സൂര്‍, വിഷ്ണു എന്നിവര്‍ ചേര്‍ന്ന് ആക്രമിച്ചതിനെ തുടര്‍ന്ന് സന്ദീപ് പുഞ്ചയിലേക്ക് ചാടി. തുടര്‍ന്ന് ബൈക്കിന്റെ വെളിച്ചത്തില്‍ സന്ദീപിനെ ജിഷ്ണുവിന്റെ നേതൃത്വത്തില്‍ കഠാരി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഈ സമയം റോഡിലൂടെ ബൈക്കില്‍ വന്ന മൂന്ന് യുവാക്കളാണ് സംഭവം കണ്ടതെന്ന് പോലീസ് പറയുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് 52 സാക്ഷികളുടെ മൊഴിയാണ് പോലീസ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം കേസിലെ അഞ്ചാം പ്രതി വിഷ്ണു സുഹൃത്തുക്കളുമായി സംസാരിക്കുന്നതിന്റേതെന്ന് പേരില്‍ ഓഡിയോ പുറത്തുവന്നിരുന്നു. ഇതില്‍ സംഭവത്തിലുള്‍പ്പെട്ടവരുടെ പേരുകളും പറയുന്നുണ്ട്. ഇത് വിഷ്ണുവിന്റേത് തന്നെയാണോയെന്ന് പരിശോധിക്കും. ഇതിനായി ശബ്ദ സാമ്പിള്‍ വ്യാഴാഴ്ച പോലീസ് പരിശോധനയ്ക്കായി ശേഖരിച്ചു. തിരുവല്ലയിലെ സ്വകാര്യ കോളേജിലെ സ്റ്റുഡിയോയില്‍വെച്ചാണ് സാമ്പിള്‍ ശേഖരിച്ചത്.
വിഷ്ണുവുമായി ഫോണില്‍ സംസാരിച്ച വേങ്ങല്‍ സ്വദേശിയായ യുവാവിനെ പോലീസ് വിളിപ്പിച്ചിരുന്നു. ഇയാള്‍ കേസില്‍ പ്രതിയാകില്ലെന്നാണ് സൂചന. സംഭാഷണത്തില്‍ പരാമര്‍ശിക്കുന്ന മിഥുന് എന്നയാളെ അഭിഭാഷകനുമായി ബന്ധപ്പെടുന്നതിനാണ് പ്രതികള്‍ വിളിച്ചതെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്.
അതേസമയം മിഥുന് ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘാംഗമാണെന്ന വിവരവും പുറത്തുവന്നിരുന്നു. ഒന്നാം പ്രതി ജിഷ്ണു സംഭവത്തിന് ശേഷം ചാത്തങ്കരിയിലെ സുഹൃത്തുമായും അഭിഭാഷകന്റെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ട് ബന്ധപ്പെട്ടിരുന്നു. ഇയാളെയും പോലീസ് വിളിപ്പിച്ചിട്ടുണ്ട്. ആക്രമം നടത്തുംമുമ്പ് പ്രതികള്‍ ഒത്തുചേര്‍ന്നത് കുറ്റപ്പുഴയിലാണെന്ന് പോലീസ് കരുതുന്നു. അടുത്തദിവസം ഇവിടെ തെളിവെടുപ്പ് നടക്കും. 13 വരെയാണ് പ്രതികളുടെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: