സംയുക്ത സേനാ മേധാവിയുടെ ജീവന് ഹെലികോപ്റ്റര്‍ അപകടത്തില്‍ പൊലിഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ നികത്താനാവാത്ത നഷ്ടമാണ് രാഷ്ട്രത്തിന് വരുത്തിവച്ചത്. അപ്രതീക്ഷിതമായ ഈ ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് കരകയറാനാവാതെ രാജ്യസ്നേഹികള്‍ ഒന്നടങ്കം ദുഃഖിച്ചപ്പോള്‍ ഒരു വിഭാഗം ആളുകള്‍ ആഹ്ലാദം പ്രകടിപ്പിച്ചത് അങ്ങേയറ്റം രാജ്യദ്രോഹപരവും അപലപനീയവുമാണ്. ഇങ്ങനെയൊരു അവസരത്തിനുവേണ്ടി വളരെക്കാലമായി കാത്തിരുന്നതുപോലെയായിരുന്നു ഇക്കൂട്ടരുടെ പെരുമാറ്റം. രാഷ്ട്രത്തിന് മഹത്തായ സേവനങ്ങള്‍ നല്കിയ കരുത്തുറ്റ കാവല്ഭടനെയാണ് നഷ്ടമായത്. എന്നിട്ടും ദേശസ്നേഹം തൊട്ടുതെറിക്കാതെയും, യാതൊരു മനഃസാക്ഷിയുമില്ലാതെയും ഒരു നിമിഷംപോലും പാഴാക്കാതെ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചവരും, ഇമോജികള്‍ പോസ്റ്റു ചെയ്ത് ചിരിയരങ്ങ് സംഘടിപ്പിച്ചവരുമൊന്നും ഈ രാജ്യത്തോട് കൂറുള്ളവരാണെന്ന് കരുതാനാവില്ല. രാജ്യത്തിന്റെ ഭദ്രത തകര്‍ക്കാനും പുരോഗതി തടയാനുമുള്ള ഈ ദുഷ്പ്രവൃത്തിയില്‍ ജിഹാദികളാണ് മുന്നിട്ടുനിന്നത്. ഇവരില്‍ പലരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഹിന്ദു പേരുകള്‍ സ്വീകരിച്ചും വ്യാജ മേല്‍വിലാസം സൃഷ്ടിച്ചുമാണ് ഈ കുത്സിത വൃത്തിയില്‍ ഏര്‍പ്പെട്ടതെങ്കില്‍, മറ്റു ചിലര്‍ ഒരു മറയും കൂടാതെ തങ്ങള്‍ ഈ രാജ്യത്തിന്റെ ഉത്തമ താല്പര്യങ്ങള്ക്കൊപ്പമല്ല എന്നു പ്രഖ്യാപിക്കുകയായിരുന്നു. ഒറ്റുകാരില്പ്പെടുത്താവുന്ന ഇവരില്‍ ചില മലയാളികളുമുണ്ട് എന്നതില്‍ അസ്വാഭാവികതയില്ല. മതവിഭാഗീയതയെ തുറന്നു പിന്തുണയ്ക്കുന്ന ഇവിടുത്തെ ഭരണ സംവിധാനത്തില്‍ ഇത്തരക്കാര്‍ പുളച്ചുമറിയുകയാണല്ലോ.
ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് മൂന്നു മണിക്കൂര്‍ മുന്‍പ് റാവത്തിന്റെ മരണം പ്രഖ്യാപിച്ചവര്‍ക്ക് പിന്തുണയുമായി ലെഫ്റ്റ് ലിബറലുകള്‍ രംഗത്തെത്തിയത് സാധാരണ പൗരന്മാര്ക്ക് ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറമായിരുന്നു. കരസേനാ മേധാവി എന്ന നിലയ്ക്കും, സംയുക്ത സേനാമേധാവി എന്ന നിലയ്ക്കും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാന്‍ സ്വീകരിച്ച കര്‍ക്കശമായ നടപടികളാണ് ബിപിന്‍ റാവത്തിനെ ദേശവിരുദ്ധമായി ചിന്തിക്കുന്നവരുടെ കണ്ണിലെ കരടാക്കിയത്. രാഷ്ട്രത്തിന്റെ അന്തസ്സും അഭിമാനവും പണയം വച്ചുള്ള സൈനികമായ ഒത്തുതീര്‍പ്പുകള്‍ക്കും കീഴടങ്ങലുകള്‍ക്കും ഒരുക്കമല്ലെന്ന് പ്രഖ്യാപിച്ച ഒരു സര്‍ക്കാരിന്റെ നയത്തിന് അനുസൃതമായി പ്രവര്‍ത്തിച്ച സൈനിക നായകന് ഇക്കൂട്ടരുടെ കണ്ണില്‍ കുറ്റക്കാരനായി. കശ്മീരിലെ ഭീകരരെ അടിച്ചമര്‍ത്തി സമാധാനം സ്ഥാപിച്ചപ്പോള്‍ ‘തെരുവുഗുണ്ട’ എന്നാണ് കോണ്‍ഗ്രസ്സിന്റെ ഒരു ദേശീയ നേതാവ് റാവത്തിനെ അധിക്ഷേപിച്ചത്. കശ്മീരിലെ ഉറിയിലും പുല്‍വാമയിലുമൊക്കെ പാക്കിസ്ഥാന് സംഘടിപ്പിച്ച ഭീകരാക്രമണങ്ങള്‍ക്ക് സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ റാവത്ത് മറുപടി നല്‍കിയത് ഇവരെ നിരാശരും കോപാകുലരുമാക്കി. ഇന്ത്യയെ പ്രകോപിപ്പിച്ചാല്‍ ചുട്ടമറുപടി ലഭിക്കുമെന്ന് ആ രാജ്യത്തെ പഠിപ്പിച്ച റാവത്തിനെ ഇവര്‍ക്ക് സഹിക്കാനാവില്ലല്ലോ. ഇപ്പോള്‍ മരണവാര്‍ത്ത അറിഞ്ഞയുടന്‍ ‘ദൈവികമായ ഇടപെടല്‍’ എന്നു ട്വിറ്ററില്‍ പ്രതികരിച്ചത് കോണ്‍ഗ്രസ്സ് പത്രത്തിന്റെ എഡിറ്ററായ വനിതയാണ്. പിറന്നാളാഘോഷം മാറ്റിവച്ചുപോലും റാവത്തിന്റെ അനുശോചനത്തില്‍ പങ്കുചേര്‍ന്ന ഇക്കൂട്ടരുടെ തനിനിറം ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്.
പല നിലകളില്‍ പ്രവര്‍ത്തിക്കുന്ന ദേശവിരുദ്ധ ശക്തികള്‍ നിലനില്‍പ്പ് അപകടത്തിലാവുകയാണെന്നു വന്നപ്പോള്‍ പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരുമിക്കുന്ന കാഴ്ചയാണ് കുറെക്കാലമായി കാണുന്നത്. പാകിസ്ഥാന് നടത്തുന്ന ഭീകരാക്രമണങ്ങളില്‍ സന്തോഷിക്കുകയും, അതിര്‍ത്തിയില്‍ സൈനിക സംഘര്‍ഷം കുത്തിപ്പൊക്കുന്ന ചൈനയെ അനുകൂലിച്ച് ആ രാജ്യവുമായി കരാറൊപ്പുവയ്ക്കുകയും ചെയ്യുന്നവര്‍ക്ക് റാവത്ത് എന്ന കരുത്തന് ഒരിക്കലും സ്വീകാര്യനാവില്ല. എന്നാല്‍ ഇത്തരക്കാര്‍ ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും നിയമ സംവിധാനത്തിന്റെയുമൊക്കെ ആനുകൂല്യം അനുഭവിക്കുന്ന അപകടകരമായ സ്ഥിതിയെക്കുറിച്ച് ഭരണകൂടം ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനം സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയാല്‍ ആവിഷ്കാര സ്വാതന്ത്ര്യമാണെന്ന ചിലരുടെ ധാരണ തിരുത്തേണ്ടതാണ്. ബിപിന്‍ റാവത്തിന്റെ മരണത്തില്‍ ആഹ്ലാദിക്കുന്നവര്‍ ശത്രു രാജ്യങ്ങളോട് കൂറു പ്രഖ്യാപിക്കുകയാണ്. അവര്‍ നമ്മെ ആക്രമിക്കുന്ന സ്ഥിതി വന്നാല്‍ ഇവര്‍ ആരുടെ പക്ഷത്തായിരിക്കുമെന്ന് വ്യക്തമാണല്ലോ. ഇങ്ങനെ സംഭവിച്ചതിന്റെ ചരിത്രവും നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ട് സമൂഹമാധ്യമങ്ങളിലൂടെയുള്ള ജിഹാദികളുടെയും കൂട്ടാളികളുടെയും തീക്കളി അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. നിയമത്തിന്റെ കാര്‍ക്കശ്യം എന്തെന്ന് കുഴപ്പക്കാര്‍ അറിയണം. പോസ്റ്റുകള്‍ തിരുത്തിയും ഖേദം പ്രകടിപ്പിച്ചും മാപ്പപേക്ഷിച്ചുമൊക്കെ രക്ഷപ്പെടാന്‍ ഇവരെ അനുവദിക്കരുത്. നിയമത്തിന്റെ പിടിവീഴാതിരിക്കാന്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളാണിവയെല്ലാം. അപരിഹാര്യമായ ഒരു നഷ്ടത്തില്‍ രാഷ്ട്രം വേദനിക്കുമ്പോള്‍ കൊലച്ചിരി മുഴക്കിയവരെ മാളത്തില്‍നിന്ന് പുറത്തു ചാടിക്കുകയും തുറന്നുകാട്ടുകയും നിര്‍ദ്ദയം അടിച്ചമര്‍ത്തുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: