കൊല്‍ക്കത്ത: ഗോകുലം കേരള എഫ്സി ഐഎഫ്എ ഷീല്‍ഡ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫനലില്‍ യുണൈറ്റഡ് സ്പോര്‍ട്സിനെ കീഴടക്കിയാണ് ഗോകുലത്തിന്റെ മുന്നേറ്റം. ഷൂട്ടൗട്ടിലേക്ക് നീണ്ട പോരാട്ടത്തില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ വിജയം.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും രണ്ട് ഗോളടിച്ച് സമനില പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ ഗോകുലത്തിനു വേണ്ടി റഹീം, ബൗബ, ഉവൈസ്, ജാസിം, ഗിഫ്റ്റി എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ സൗരവും, താഹിര്‍ സമാനും പെനാല്‍റ്റി നഷ്ടപ്പെടുത്തി. യുണൈറ്റഡ് എഫ്സിയുടെ രണ്ട് കിക്കുകള്‍ ഗോകുലം ഗോളി രക്ഷിത് ദാഗര്‍ രക്ഷപ്പെടുത്തി.
കളി തുടങ്ങി പതിനഞ്ച് മിനിറ്റായപ്പോഴേക്കും രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഗോകുലത്തിന്റെ തിരിച്ചുവരവ്. തന്മയും ഡേവിസുമാണ് യുണൈറ്റഡ് എഫ്സിക്ക് വേണ്ടി ഗോളുകള്‍ നേടിയത്. എന്നാല്‍ ശക്തമായി തിരിച്ചടിച്ച ഗോകുലം റൊണാള്‍ഡ് സിങ്ങിലൂടെയും നായകന് ജിതിനിലൂടെയും സമനില പിടിച്ചു. തുടര്‍ന്ന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും വിജയ ഗോള്‍ വിട്ടുനിന്നതോടെ കളി അധിക സമയത്തേക്ക് നീണ്ടു. അധിക സമയത്തും വിജയഗോള്‍ പിറക്കാതിരുന്നതോടെ കളി ഷൂട്ടൗട്ടിലേക്കും നീങ്ങി.ഞായറാഴ്ച നടക്കുന്ന സെമിഫൈനലില്‍ റിയല്‍ കശ്മീരാണ് ഗോകുലം കേരള എഫ്സിയുടെ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: