എടത്വ: കുട്ടനാട്ടിലെ ഒരു നെല്ലും ഒരു മീനും പദ്ധതി താളംതെറ്റി. ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ കുട്ടനാട്, അപ്പര്‍കുട്ടനാടന്‍ മേഖലകളിലെ പാടശേഖരങ്ങളെ ലക്ഷ്യം വച്ച് കൊണ്ടുവന്ന ഒരു നെല്ലും ഒരു മീനും പദ്ധതിയാണ് താളം തെറ്റിയത്. കൃഷി ലാഭകരമല്ലെന്ന തിരിച്ചറിവാണ് കര്‍ഷകര്‍ ഈ മേഖലയില്‍നിന്നും പിന്മാറാന് കാരണം.
അറുപതു ശതമാനം സബ്സിഡിയോടെയാണ് പദ്ധതി പ്രാവര്‍ത്തികമാക്കിയത്. കൃഷിയിറക്കിനുള്ള മത്സ്യക്കുഞ്ഞുങ്ങളെ പാടശേഖരത്തില്‍ തന്നെ നഴ്സറികളുണ്ടാക്കി നിക്ഷേപിക്കുകയും നെല്‍കൃഷി വിളവെടുപ്പു കഴിഞ്ഞാല്‍ പാടശേഖരത്തില്‍ വെള്ളം കയറ്റി കുഞ്ഞുങ്ങളെ തുറന്നുവിടുകയും ചെയ്യും.
ഏജന്‍സികളായിരുന്നു മത്സ്യക്കുഞ്ഞുങ്ങളെ എത്തിച്ചു നല്‍കിയിരുന്നത്. അടുത്ത നെല്‍കൃഷി വരെ മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ച്ചയെത്തുന്നതുവരെ പാടത്തു തീറ്റ നല്കി വളര്‍ത്തുകയായിരുന്നു പതിവ്. അപ്പര്‍കുട്ടനാട്ടിലെ ചട്ടുകം, ചങ്ങങ്കരി, മുണ്ടുതോട് പോളത്തുരുത്ത്, നിരണം കൃഷിഭവന് പരിധിയിലെ ഇരതോട് ചെമ്പ്, തലവടിയിലെ ചക്കങ്കരി തുടങ്ങി നിരവധി പാടശേഖരങ്ങളില്‍ മത്സ്യകൃഷി ഇറക്കിയിരുന്നെങ്കിലും അവയൊക്കെ ഓര്‍മകളായി മാറി. രോഹ്, കട്ലാ, ഗ്രാസ്കാര്‍പ്പ്, തൂളി, കരിമീന്‍ ഇനത്തില്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് ഫിഷറീസ് വകുപ്പിനു കീഴിലുള്ള ഏജന്‍സികള്‍ വഴി പാടശേഖരങ്ങളിലേക്കു വിതരണം ചെയ്തിരുന്നത്.
വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് മത്സ്യക്കുഞ്ഞുങ്ങള്‍ ഒഴുകിപ്പോയതും ചെലവുകള്‍ അധികരിച്ചതും മത്സ്യങ്ങള്‍ അനധികൃതമായി നഷ്ടമാകുന്നതുമൊക്കെ സാധാരണമായതോടെ കര്‍ഷകര്‍ ദുരിതത്തിലായി. മത്സ്യകൃഷി വഴി പാടശേഖരങ്ങള്ക്കോ കര്‍ഷകര്‍ക്കോ വേണ്ട രീതിയിലുള്ള പ്രയോജനമില്ല. കൃഷിയിറക്കിയ പാടശേഖരങ്ങളില്‍ നഷ്ടത്തിന്റെ കണക്കുകള്‍ പറഞ്ഞ പാടശേഖരവുമുണ്ട്. കൃഷിയിറക്കി പാടശേഖരസമിതിയുടെ മേല്‍ വിജിലന്‍സ് കേസ് നിലനില്‍ക്കുന്ന പാടശേഖരങ്ങളും കുട്ടനാട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: