ചെന്നൈ : ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പടെ 13 പേരുടെ ഭൗതിക ശരീരം വഹിച്ച് കൊണ്ടുള്ള യാത്രയ്ക്കിടെ രണ്ട് തവണ വാഹനാപകടം. കോയമ്പത്തൂര്‍ സൂലൂരിലെ വ്യോമ താവളത്തിലേക്ക് മൃതദേഹങ്ങള്‍ വിലാപയാത്രയായി കൊണ്ടുപോവുന്നതിനിടെ അകമ്പടി വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്.
വെല്ലിങ്ടണ്‍ സൈനിക പരേഡ് ഗ്രൗണ്ടില്‍ നിന്ന് റോഡ് മാര്‍ഗമാണ് വിലാപയാത്ര സംഘടിപ്പിച്ചത്. അവിടെ നിന്നും ഊട്ടി ചുരമിറങ്ങുന്നതിനിടെയാണ് ഒരു അപകടം സംഭവിക്കുന്നത്. ആദ്യത്തെ അപകടത്തില്‍ പോലീസുകാര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ഒരു മതിലില്‍ ഇടിക്കുകയായിരുന്നു. ഇതില്‍ പത്ത് പോലീസുകാര്‍ക്ക് പരിക്കേറ്റു.
അപകടത്തില്‍പ്പെട്ടവരുടെ ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വിലാപയാത്രയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് ആംബുലന്‍സുകളില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. രണ്ടാമത്തെ അപകടത്തില്‍പ്പെട്ടത് മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബലന്‍സാണ്. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടയാത്. അപകടത്തില്‍പ്പെട്ട വാഹനം മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയുണ്ടായതിനെ തുടര്‍ന്ന് മൃതദേഹം മറ്റൊരു ആംബുലന്‍സിലേക്ക് മാറ്റിയ ശേഷം വിലാപയാത്ര തുടരുകയാണ്.
സൈനികരുടെ മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആംബുലന്‍സുകള്‍ക്ക് എന്തെങ്കിലും കേട് സംഭവിച്ചാല്‍ പകരം ഉപയോഗിക്കുന്നതിന് ആറോളം ആംബുലന്‍സുകളും സജ്ജമാക്കിയിരുന്നു. ഇതില്‍ ഒന്നിലേക്കാണ് സൈനികന്റെ മൃതദേഹം മാറ്റുകയായിരുന്നു. ഇതുമൂലമുണ്ടായ ഗതാഗത തടസവും പരിഹരിച്ച് വാഹനവ്യൂഹം വീണ്ടും യാത്ര തുടര്‍ന്നു.
ജനറല്‍ ബിപിന്‍ റാവത്തിന് വെല്ലിങ്ടണ്‍ സൈനിക പരേഡ് ഗ്രൗണ്ടില്‍ നടന്ന പൊതുദര്‍ശനം ഏറെ വൈകാരികമായിരുന്നു. പലവട്ടം സല്യൂട്ട് നല്‍കുകയും പിന്നീട് സല്യൂട്ട് തിരിച്ചു സ്വീകരിക്കുകയും ചെയ്ത അതേ വെല്ലിങ്ടണിലെ സൈനിക പരേഡ് ഗ്രൗണ്ടില്‍ തന്നെ ബിപിന്‍ റാവത്ത് ഭാര്യയ്ക്കും സൈനിക ഉദ്യോഗസ്ഥര്‍ക്കുമൊപ്പം അന്ത്യാഭിവാദ്യവും സ്വീകരിച്ചു.
ഊട്ടിയിലെ വെല്ലിങ്ടണ്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ ഇന്ന് രാവിലെയാണ് സൈനികവ്യൂഹത്തിന്റെ അകമ്പടിയോടെ പരേഡ് ഗ്രൗണ്ടില്‍ എത്തിച്ചത്. സംയുക്ത സൈനിക മേധാവിയെ യാത്രയാക്കാന്‍ പാതയുടെ ഇരുവശങ്ങളിലും നൂറുകണക്കിനാളുകളാണ് കാത്തിരുന്നത്. ജനറല്‍ ബിപിന്‍ റാവത്തിന്റേയും പത്നി മധുലിക റാവത്തിന്റേയും മൃതദേഹങ്ങള്‍ പട്ടാളവണ്ടിയില്‍ ഒരുമിച്ചാണ് എത്തിച്ചത്.
സുലൂരിലെത്തിച്ച മൃതദേഹങ്ങള്‍ വൈകിട്ടോടെ ദല്‍ഹിയില്‍ എത്തിക്കും. സുലൂരിലേക്ക് റോഡ് മാര്‍ഗം മൃതദേഹങ്ങള്‍ വിലാപയാത്രയായി കൊണ്ടുപോകുന്നത് കാണാനായി വഴിയരികില്‍ കാത്തുനിന്ന ജനക്കൂട്ടം പുഷ്പാര്‍ച്ചന നടത്തിയും ദേശീയപതാക വീശിയും ധീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: