കണ്ണൂര്‍: സംഘടനാ പ്രശ്നങ്ങള്‍ക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നവരെ സ്വന്തം പാര്‍ട്ടിയില്‍ ചേര്‍ക്കുന്നതിന്റെ പേരില്‍ സിപിഐയും സിപിഎമ്മും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിക്കുന്നു. സിപിഎംവിട്ട തളിപ്പറമ്പിലെ കോമത്ത് മുരളീധരനെയും അനുയായികളേയും സിപിഐയില്‍ എടുത്തതാണ് പുതിയ വിവാദം.
ഏത് അസാന്മാര്‍ഗ്ഗികള്‍ക്കും കയറിക്കൂടാനുളള ഇടമാണ് സിപിഐയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് കഴിഞ്ഞ ദിവസം പ്രസംഗിച്ചു. സംഘടനാപരമായി പുറത്താക്കിയവരെ സിപിഎം പരസ്യമായി സ്വീകരിച്ചുവെന്ന മറുവാദമാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന് ഉള്‍പ്പെടെ ഉയര്‍ത്തുന്നത്.
കണ്ണൂരില്‍ സിപിഎം സമ്മേളനങ്ങള്‍ക്കിടെ നിരവധി സ്ഥലങ്ങളില്‍ നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനമുയര്‍ന്നു. തളിപ്പറമ്പ് മാന്ധംകുണ്ഡ്, കണ്ണൂര്‍ ടൗണ്‍, പേരാവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരസ്യ പ്രതികരണമുണ്ടായത്. ചില സ്ഥലങ്ങളില്‍ സമാന്തര യോഗങ്ങളും, പാര്‍ട്ടി സ്തൂപത്തില്‍ പോസ്റ്റര്‍ ഒട്ടിക്കലും വരെയുണ്ടായി. ഈ പ്രദേശങ്ങളില്‍ ഏപ്രിലിലെ പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുമ്പ് പരിഹാരമുണ്ടാകണമെന്നാണ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തോട് നിര്‍ദേശിച്ചിട്ടുള്ളത്. തുടര്‍ന്നാണ് തളിപ്പറമ്പില്‍ പ്രാദേശിക നേതാവുള്‍പ്പെടെ 18 പേര്‍ക്കെതിരെ പാര്‍ട്ടി നടപടി വന്നത്. പക്ഷേ, പുറത്താക്കപ്പെട്ടവര്‍ സിപിഐയില്‍ ചേരുകയും എല്‍ഡിഎഫിന്റെ ഭാഗമാവുകയും ചെയ്തത് നേതൃത്വത്തെ ഞെട്ടിച്ചു. ഈ പ്രവണത വ്യാപിക്കുമെന്ന ആശങ്കയിലാണ് സിപിഎം നേതൃത്വം. അതുകൊണ്ട് തല്ക്കാലം കൂടുതല്‍ പേര്‍ക്കെതിരെ നടപടി വേണ്ടെന്നാണ് തീരുമാനം.
കഴിഞ്ഞ ദിവസം തളിപ്പറമ്പില്‍ സിപിഐ ഉയര്‍ത്തിയ പതാക സിപിഎമ്മുകാര്‍ പരസ്യമായി പിഴുതെറിഞ്ഞെങ്കിലും പ്രകോപനമുണ്ടാക്കാതെ സംയമനം പാലിക്കുകയാണ് സിപിഐ ചെയ്തത്. വയല്‍ക്കിളി സമരവുമായി ബന്ധപ്പെട്ട് കടുത്ത വിഭാഗീയത നിലനില്‍ക്കുന്ന പ്രദേശമാണ് തളിപ്പറമ്പ്. സിപിഐയോട് അനുഭാവം പ്രകടിപ്പിച്ച് കൂടുതല്‍ പേര് പാര്‍ട്ടി വിട്ടാല്‍ പ്രശ്നമാകും. ജില്ലാ സെക്രട്ടറി എം.വി. ജയരാജന് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ പ്രാപ്തിയില്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് നിലവിലെ പ്രശ്നങ്ങളെന്നും വിമതര്‍ക്ക് നേതൃത്വത്തിലെ ചിലരുടെ പിന്തുണയുണ്ടെന്നും ആരോപണമുണ്ട്.
ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുമ്പ് കണ്ണൂര്‍ ജില്ലയില്‍ നിന്ന് മാത്രം 2000 പേരെ മറ്റ് സംഘടനകളില്‍ നിന്ന് സിപിഎമ്മിലെത്തിക്കണമെന്ന് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാ സമ്മേളനം വരെയായിട്ടും ഒരാളെപ്പോലും കിട്ടിയിട്ടില്ല. പകരം, കൊഴിഞ്ഞുപോക്ക് രൂക്ഷമാകുകയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: