സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് തമിഴ്നാട്ടിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത രാജ്യത്തെ നടുക്കിയിരിക്കുകയാണ്. റാവത്തും ഭാര്യയുമടക്കം വ്യോമസേനാ ഹെലികോപ്റ്ററില്‍ സഞ്ചരിച്ചിരുന്ന പതിമൂന്ന് പേരുടെ ജീവന് പൊലിഞ്ഞത് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. തീഗോളമായി കത്തിയമര്‍ന്ന് താഴേക്ക് പതിച്ച ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒരു സൈനികോദ്യോഗസ്ഥന് മാത്രമാണ് മാരകമായ പരിക്കുകളോടെ രക്ഷപ്പെട്ടിരിക്കുന്നത്. ഊട്ടിക്കു സമീപമുള്ള വെല്ലിങ്ടണ്‍ കന്റോണ്മെന്റിലേക്ക് ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ലാന്‍ഡിങ്ങിന് നിമിഷങ്ങള്‍ക്കു മുന്‍പായിരുന്നു ഏറ്റവും ദൗര്‍ഭാഗ്യകരമായ അപകടം. മോശമായ കാലാവസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് പറയുന്നതും ഊഹിക്കുന്നതുപോലും നിരുത്തരവാദപരമായിരിക്കും. സംഭവം അറിഞ്ഞയുടന്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ഒരു അപകടം എന്നതിനുപരി മറ്റെന്തെങ്കിലും അസ്വാഭാവികമായ കാരണങ്ങള്‍ ഇതിനു പിന്നിലുണ്ടോയെന്ന് ഈ അന്വേഷണത്തിലൂടെ മാത്രമേ അറിയാനാവൂ. അപകടം സംഭവിച്ചുവെന്ന വാര്‍ത്തയ്ക്കു പിന്നാലെ സംയുക്ത സൈനിക മേധാവി മരിച്ചിട്ടില്ലെന്നും, അതീവ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അറിയാന്‍ കഴിഞ്ഞത് നേരിയ ഒരു പ്രതീക്ഷ അവശേഷിപ്പിച്ചിരുന്നു. എന്നാല്‍ അധികം വൈകാതെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് വരികയായിരുന്നു.
നാലര പതിറ്റാണ്ടിലേറെക്കാലത്തെ സൈനിക ജീവിതത്തിനുടമയായ ബിപിന്‍ റാവത്ത്, ദല്‍ബീര്‍ സിങ് സുഹാഗിന്റെ പിന്‍ഗാമിയായാണ് കരസേനാ മേധാവിയുടെ പദവിയിലെത്തുന്നത്. മൂന്നു വര്‍ഷത്തോളം ഈ പദവിയില്‍ തുടര്‍ന്നശേഷം രാജ്യത്തിന്റെ പ്രഥമ സംയുക്ത സൈനിക മേധാവിയായി നിയമിക്കപ്പെടുകയായിരുന്നു. രാജ്യസുരക്ഷ നേരിടുന്ന വെല്ലുവിളികള്‍ കണക്കിലെടുത്ത് ഇങ്ങനെ ഒരു പദവി സൃഷ്ടിച്ചത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിര്‍ണായകമായ തീരുമാനങ്ങളിലൊന്നാണ്. കരസേനാ മേധാവിയായിരിക്കെ സൈന്യത്തിന്റെ കരുത്തും കാര്യക്ഷമതയും എത്രയുണ്ടെന്ന് തെളിയിക്കാന്‍ റാവത്തിന് കഴിഞ്ഞു. കശ്മീരിലടക്കം ഭീകരവാദികളെ നിഷ്കരുണം അമര്‍ച്ച ചെയ്ത് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നു പ്രഖ്യാപിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. മിന്നലാക്രമണങ്ങളുടെ നായകനായി അറിയപ്പെട്ട റാവത്ത് പാകിസ്ഥാന് സൃഷ്ടിച്ച പ്രകോപനങ്ങളെ ധീരമായി നേരിട്ടു. ഒന്നിലധികം സര്‍ജിക്കല്‍ സ്ട്രൈക്കുകളിലൂടെ ആ രാജ്യത്തെ വിറകൊള്ളിച്ചു. പാക് ഭീകരവാദികളെ കശ്മീരിന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും, അവര്‍ക്ക് ഇവിടുത്തെ ആറടി മണ്ണില്‍ അന്ത്യവിശ്രമം കൊള്ളാമെന്നും പറഞ്ഞ മറ്റൊരു സൈനിക മേധാവിയെ രാജ്യം കണ്ടിട്ടില്ല. സൈന്യം കരുത്ത് കാണിക്കേണ്ടിടത്ത് അതിന് പകരം മറ്റെന്തെങ്കിലും ചെയ്യുന്നതിനോട് റാവത്തിന് യോജിപ്പുണ്ടായിരുന്നില്ല. ശത്രുരാജ്യങ്ങളുടെ മാത്രമല്ല, അവര്‍ക്ക് വിടുപണി ചെയ്യുന്ന നമ്മുടെ രാജ്യത്തെ രാഷ്ട്രീയ നേതാക്കളുടെയും കണ്ണിലെ കരടായിരുന്നു റാവത്ത്.
സംയുക്ത സൈനിക മേധാവി എന്ന നിലയ്ക്ക് സായുധസേനകളെ ധീരമായി നയിച്ച റാവത്ത് ഇന്ത്യയുടെ മണ്ണില്‍ കണ്ണുവച്ചുകൊണ്ടുള്ള ചൈനയുടെ സാഹസങ്ങളെ നിഷ്പ്രഭമാക്കി. അതിര്‍ത്തിയില്‍ സംഘര്‍ഷത്തിനു ശ്രമിച്ച ചുവപ്പ് സേനയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്കിക്കൊണ്ടിരുന്നു. ചൈനയാണ് ഇന്ത്യയ്ക്ക് ഏറ്റവും വലിയ സുരക്ഷാ ഭീഷണിയെന്ന് തുറന്നടിച്ച റാവത്ത്, അതിര്‍ത്തിയില്‍ വിന്യസിച്ച സൈന്യം അവിടെത്തന്നെ തുടരുമെന്നും വ്യക്തമാക്കി. ഗാല്‍വാന്‍ താഴ്വരയില് ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടി ചൈനയുടെ പക്ഷത്ത് കനത്ത നാശം സംഭവിച്ച സമയത്തായിരുന്നു ഈ പ്രഖ്യാപനം. ഇനിയും പ്രകോപനമുണ്ടാക്കിയാല്‍ തിരിച്ചടി ആവര്‍ത്തിക്കുമെന്നും മുന്നറിയിപ്പ് നല്കി. ചൈനയുമായുള്ള വലിയ ഏറ്റുമുട്ടലിന് തയ്യാറാണെന്നു വരെ പ്രഖ്യാപിച്ചു. സമീപകാല ചരിത്രത്തിലാദ്യമായി സൈനികതല ചര്‍ച്ചകളില്‍ ഇന്ത്യയുടെ നിലപാടുകളെ ചൈനയ്ക്ക് അംഗീകരിക്കുകയും അനുസരിക്കുകയും വേണ്ടിവന്നു. പാക്കധീന കശ്മീരില്‍ അക്രമങ്ങളുണ്ടാക്കാന്‍ ചൈന ആയുധങ്ങളെത്തിക്കുന്നതിനെ ഇന്ത്യ വെറുതെ നോക്കിയിരിക്കില്ലെന്നും റാവത്ത് വ്യക്തമാക്കി. ശരിയായ സമയത്ത് ശരിയായ പദവിയില്‍ ശരിയായ വ്യക്തിയായിരുന്നു സംയുക്ത സേനാ മേധാവിയായ റാവത്ത്. ഈ പദവിയിലെ കാലാവധി തീരാന്‍ ഒരു വര്‍ഷംകൂടി അവശേഷിക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി മരണം സംഭവിച്ചിരിക്കുന്നത്. ദേശസ്നേഹികള്‍ക്ക് ഈ വേര്‍പാട് സഹിക്കാവുന്നതല്ല. ശരിയായ കാവല്‍ക്കാരനെയാണ് രാഷ്ട്രത്തിന് നഷ്ടമായിരിക്കുന്നത്. ദേശസ്നേഹത്തിന്റെയും ധീരതയുടെയും പര്യായമായിരുന്ന ഈ യോദ്ധാവിന്റെ സേവനങ്ങളെ ചരിത്രം തങ്കലിപികളില്‍ രേഖപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: